അയര്‍ലണ്ടില്‍ ജനനനിരക്ക് കുറയുകയാണെന്നും, പ്രായമാകുന്നവരുടെ എണ്ണം കൂടുകയാണെന്നും മുന്നറിയിപ്പ് നല്‍കിക്കൊണ്ട് National Economic and Social Council (NESC) റിപ്പോര്‍ട്ട്. 2010-ന് ശേഷം രാജ്യത്ത് ജനിക്കുന്ന കുട്ടികളുടെ എണ്ണം കുറഞ്ഞുവരികയാണെന്നും, അതേസമയം ജനങ്ങള്‍ക്ക് ക്രമേണ പ്രായമേറി വരികയാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഭാവിയില്‍ വലിയ പ്രതിസന്ധിയിലേയ്ക്ക് നയിക്കുന്ന ഒരു പ്രതിഭാസമാണിത്.
രാജ്യത്ത് പ്രായമേറിയ ആളുകളുടെ എണ്ണം വര്‍ദ്ധിക്കുകയും, ചെറുപ്പക്കാരുടെ എണ്ണം കുറയുകയും ചെയ്യുന്നതോടെ തൊഴിലാളികളുടെ ദൗര്‍ലഭ്യം അനുഭവപ്പെടും. പ്രായമേറിയ കൂടുതല്‍ പേരെ പരിചരിക്കാന്‍ പ്രായം കുറഞ്ഞ കുറവ് ആളുകള്‍ മാത്രമേ ഉണ്ടാകൂ എന്ന സ്ഥിതി വരും. ഇതിന് പുറമെ ഈ സ്ഥിതി സര്‍ക്കാരിന് നികുതി വരവ് കുറയ്ക്കാനും ഇടയാക്കും. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെ ആകെ താളം തെറ്റിക്കുന്ന പ്രക്രിയയാണിത്.
രാജ്യത്ത് ഏറ്റവുമധികം കുട്ടികള്‍ ജനിക്കുന്ന കാലം കഴിഞ്ഞു പോയി എന്നതാണ് ഈ അവസ്ഥയ്ക്ക് കാരണമെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ‘Peak baby’ എന്ന കാലം 2010-ലും, ‘peak child’ എന്ന കാലം 2024-ലും അയര്‍ലണ്ടില്‍ കഴിഞ്ഞുപോയി. അതിനര്‍ത്ഥം ഇനിയുള്ള ഓരോ വര്‍ഷവവും 15,000 കുട്ടികള്‍ കുറവ് വീതമാണ് രാജ്യത്ത് ജനിക്കുക. ഭാവിയില്‍ ഇത് സംബന്ധിച്ചുണ്ടാകുന്ന പ്രശ്‌നം പരിഹരിക്കാനായി കൃത്യമായ ആസൂത്രണം ആവശ്യമാണെന്നും റിപ്പോര്‍ട്ട് നിര്‍ദ്ദേശിക്കുന്നു.






