കോർക്ക് എയർപോർട്ട് ചരിത്രത്തിലെ ഏറ്റവും തിരക്കേറിയ വർഷമായി 2025; ജർമ്മനി, ബെൽജിയം, സ്വിറ്റ്സർലൻഡ് എന്നിവിടങ്ങളിലേയ്ക്കെല്ലാം യാത്രക്കാർ വർദ്ധിച്ചു

കോര്‍ക്ക് എയര്‍പോര്‍ട്ടിന്റെ ചരിത്രത്തിലെ ഏറ്റവും തിരക്കേറിയ വര്‍ഷമായി 2025. കഴിഞ്ഞ വര്‍ഷം ആകെ 3.46 മില്യണ്‍ യാത്രക്കാരാണ് എയര്‍പോര്‍ട്ട് വഴി കടന്നുപോയതെന്ന് അധികൃതര്‍ അറിയിച്ചു. ഇതിന് മുന്നത്തെ വര്‍ഷത്തെ അപേക്ഷിച്ച് 13% അധികമാണിത്. മാത്രമല്ല തുടര്‍ച്ചയായി ഇത് മൂന്നാം വര്‍ഷമാണ് യാത്രക്കാരുടെ വര്‍ദ്ധന നിരക്ക് 10 ശതമാനം കവിയുന്നതും.

2015-നെ അപേക്ഷിച്ച് കോര്‍ക്ക് എയര്‍പോര്‍ട്ടിലെത്തുന്ന യാത്രക്കാരുടെ എണ്ണം 67% ഉയര്‍ന്നിട്ടുണ്ട്. കോര്‍ക്കില്‍ നിന്നും യുകെയിലെ ബ്രിസ്‌റ്റോള്‍ (37% വര്‍ദ്ധന), ലിവര്‍പൂള്‍ (31% വര്‍ദ്ധന), മാഞ്ചസ്റ്റര്‍ (27% വര്‍ദ്ധന) എന്നിവിടങ്ങളിലേയ്ക്കുള്ള യാത്രക്കാരുടെ എണ്ണം ഗണ്യമായി വര്‍ദ്ധിച്ചതും ശ്രദ്ധേയമാണ്.

യൂറോപ്പിലെ മറ്റ് രാജ്യങ്ങളെടുത്താല്‍ കോര്‍ക്ക് എയര്‍പോര്‍ട്ടില്‍ നിന്നും ജര്‍മ്മനിയിലേയ്ക്കുള്ള യാത്രക്കാരുടെ എണ്ണം 61 ശതമാനവും, ബെല്‍ജിയത്തിലേയ്ക്ക് 29 ശതമാനവും, സ്വിറ്റ്‌സര്‍ലണ്ടിലേയ്ക്ക് 27 ശതമാനവും വര്‍ദ്ധന രേഖപ്പെടുത്തി. സ്‌പെയിനിലേയ്ക്കുള്ള യാത്രക്കാരുടെ എണ്ണത്തില്‍ 32% വര്‍ദ്ധന രേഖപ്പെടുത്തിയപ്പേള്‍, പോര്‍ച്ചുഗലിലേയ്ക്കുള്ളത് 20% ആണ്.

Bilbao, Bordeaux, Izmir, Prague, Geneva അടക്കം കഴിഞ്ഞ വര്‍ഷം ഏതാനും പുതിയ റൂട്ടുകളിലേയ്ക്ക് സര്‍വീസുകള്‍ ആരംഭിച്ചതും കോര്‍ക്ക് എയര്‍പോര്‍ട്ടിലേയ്ക്ക് കൂടുതല്‍ യാത്രക്കാര്‍ എത്താന്‍ കാരണമായതായാണ് വിലയിരുത്തല്‍. ഈ വര്‍ഷം Nice, Santiago de Compostela, Antalya എന്നിവിടങ്ങളിലേയ്ക്ക് പുതിയ റൂട്ടുകള്‍ ആരംഭിക്കുന്നുമുണ്ട്.

5 മില്യണില്‍ കുറവ് യാത്രക്കാര്‍ എത്തുന്ന യൂറോപ്പിലെ ഏറ്റവും മികച്ച എയര്‍പോര്‍ട്ടായി Airports Council International Europe, 2025-ല്‍ കോര്‍ക്ക് എയര്‍പോര്‍ട്ടിനെ തിരഞ്ഞെടുത്തിരുന്നു. ഇത് മൂന്നാം തവണയാണ് കോര്‍ക്കിന് ഈ അവാര്‍ഡ് ലഭിക്കുന്നത്.

2026-ല്‍ അയര്‍ലണ്ടിലെ ഏറ്റവും വലിയ ‘സോളാര്‍ കാര്‍പോര്‍ട്ട്’ നിര്‍മ്മിക്കാനും കോര്‍ക്ക് എയര്‍പോര്‍ട്ട് തയ്യാറെടുക്കുകയാണ്. ഇതോടെ എയര്‍പോര്‍ട്ടിലെ വൈദ്യുതി ഉപയോഗത്തിന്റെ 20% സൗരോര്‍ജ്ജത്തില്‍ നിന്നായി മാറും.

Share this news

Leave a Reply