ഡബ്ലിനിൽ ഗാർഡയ്ക്ക് നേരെ കത്തി വീശിയതും, പബ്ബിന് തീയിടാൻ ശ്രമിച്ചതും തീവ്രവാദ ആക്രമണം; ജൂലൈയിൽ നടന്ന സംഭവത്തിൽ പ്രതി കുറ്റക്കാരനെന്ന് കോടതി

കഴിഞ്ഞ ജൂലൈയില്‍ ഡബ്ലിനില്‍ രണ്ട് ഗാര്‍ഡ ഉദ്യോഗസ്ഥരെ ആക്രമിക്കുകയും, പബ്ബിന് തീവയ്ക്കാന്‍ ശ്രമിക്കുകയും ചെയ്ത സംഭവം തീവ്രവാദ ആക്രമണമാണെന്ന് വ്യക്തമായി. തീവ്രവാദം അടക്കം എട്ട് കുറ്റങ്ങള്‍ ചുമത്തിയ പ്രതി അബ്ദുള്ള ഖാനെയാണ് (24) സ്‌പെഷ്യല്‍ ക്രിമിനല്‍ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയിരിക്കുന്നത്.

2025 ജൂലൈ 29-ന് ഡബ്ലിനിലെ Capel Street-ല്‍ പട്രോളിങ് നടത്തുകയായിരുന്ന രണ്ട് ഗാര്‍ഡ ഉദ്യോഗസ്ഥരെയാണ് പിന്നില്‍ നിന്നെത്തിയ ഖാന്‍, കത്തിയുപയോഗിച്ച് ആക്രമിച്ചത്. ആക്രമണം പ്രതിരോധിച്ച ഉദ്യോഗസ്ഥര്‍ ബാറ്റണുകളും, പെപ്പര്‍ സ്‌പ്രേയും ഉപയോഗിക്കുകയും, പിന്നാലെ ഇയാളെ കീഴടക്കി അറസ്റ്റ് ചെയ്യുകയും ചെയ്തു. പ്രതിയെ കുറ്റക്കാരനെന്ന് കണ്ടെത്തിയ കോടതി, ഈ ആക്രമണത്തിന് തീവ്രവാദ സ്വഭാവമുണ്ട് എന്നും തെളിഞ്ഞതായി വ്യക്തമാക്കി.

ഈ സംഭവത്തിന് നാല് ദിവസത്തിന് മുമ്പ് ഐറിഷ് മിക്‌സഡ് ആര്‍ട്ടിസ്റ്റ് ഫൈറ്ററായ Conor McGregor-ന്റെ ഡബ്ലിനിലെ പബ്ബിന് തീയിടാന്‍ ഇയാള്‍ ശ്രമിച്ചു എന്ന കുറ്റവും കോടതിയില്‍ തെളിഞ്ഞു. ജൂലൈ 25-നാണ് Drimnagh-യിലെ Black Forge Inn-ന് പ്രതി തീവയ്ക്കാന്‍ ശ്രമിച്ചത്. ഇതും തീവ്രവാദ ആക്രമണമായിരുന്നു എന്ന് കോടതി കണ്ടെത്തി.

ഇന്നലെ നടന്ന വിചാരണയില്‍ പ്രതിയായ ഖാന്‍ കോടതിയില്‍ കുറ്റം സമ്മതിച്ചു. ശിക്ഷ മാര്‍ച്ചില്‍ വിധിക്കുമെന്ന് വ്യക്തമാക്കിയ കോടതി, അതുവരെ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Share this news

Leave a Reply