അയർലണ്ടിലെ ജനങ്ങളിൽ കുടിയേറ്റക്കാർ എത്ര? കുടിയേറ്റക്കാരുടെ എണ്ണം കൂടുതലാണെന്ന് തെറ്റിദ്ധരിപ്പിക്കപ്പെട്ടിരിക്കുന്നത് അവരോട് അവമതിപ്പ് സൃഷ്ടിക്കുന്നതായി പഠനം

അയര്‍ലണ്ടിലെ കുടിയേറ്റക്കാരുടെ എണ്ണം വളരെ അധികമാണെന്ന തരത്തില്‍ ജനങ്ങള്‍ തെറ്റിദ്ധരിക്കപ്പെട്ടിരിക്കുകയാണ് റിപ്പോര്‍ട്ട്. Economic and Social Research Institute (ESRI)-ന്റെ പുതിയ റിപ്പോര്‍ട്ട് പ്രകാരം അയര്‍ലണ്ടിലെ 25 ശതമാനത്തിലധികം പേരും വിദേശത്ത് ജനിച്ചവര്‍ ആണെന്നാണ് പലരും വിശ്വസിക്കുന്നത് എന്നും, എന്നാല്‍ ഇത് തെറ്റാണെന്നുമാണ് വ്യക്തമായിരിക്കുന്നത്. കുടിയേറ്റക്കാരോട് മോശം മനോഭവമുണ്ടാകാന്‍ ഇത്തരം തെറ്റായ വിശ്വാസങ്ങള്‍ കാരണമാകുന്നുവെന്നും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു.

അയര്‍ലണ്ടിലെ Department of Justice-ന്റെ ധനസഹായത്തോടെ 1,200 പേരെ പങ്കെടുപ്പിച്ചാണ് ESRI ഈ പഠനം നടത്തിയിരിക്കുന്നത്. പഠനത്തില്‍ പങ്കെടുത്തവരില്‍ പലരുടെയും ധാരണ, അയര്‍ലണ്ടിലെ ആകെ ജനങ്ങളില്‍ 28 ശതമാനവും വിദേശത്ത് ജനിച്ചവരാണെന്നാണ്. എന്നാല്‍ ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇത് പരമാവധി 22% ആണ്.

അയര്‍ലണ്ടിലെ ജനങ്ങളില്‍ 14% പേര്‍ യൂറോപ്യന്‍ യൂണിയന്‍, യുകെ, നോര്‍ത്ത് അമേരിക്ക എന്നിവയ്ക്ക് പുറത്ത് ജനിച്ചവരാണെന്ന് പലരും വിശ്വസിക്കുന്നതായാണ് മറ്റൊരു കണ്ടെത്തല്‍. എന്നാല്‍ സത്യത്തില്‍ ഈ രാജ്യങ്ങള്‍ക്ക് പുറത്ത് ജനിച്ച് നിലവില്‍ അയര്‍ലണ്ടില്‍ കഴിയുന്നവര്‍ വെറും 8% മാത്രമാണ്.

ഇത്തരത്തില്‍ തെറ്റായ ധാരണകള്‍ കുടിയേറ്റ സമൂഹത്തെ കുറിച്ച് അവമതിപ്പ് ഉണ്ടാക്കുന്നതാണെന്ന് ESRI പറയുന്നു. തെറ്റായ ധാരണകള്‍ ഉള്ളവരാണ് കൂടുതലായി കുടിയേറ്റക്കാരെ കുറ്റപ്പെടുത്തുന്നത് എന്നതിനാല്‍ ഇതൊരു ദേശീയ പ്രശ്‌നമായി കാണേണ്ടതുണ്ട്. ഇതോടൊപ്പം അയര്‍ലണ്ടില്‍ നിന്നും ജോലിക്കും, പഠനത്തിനുമായി വിദേശത്തേയ്ക്ക് പോകുന്നവരുടെ എണ്ണം കുറച്ച് കാണുന്നതും ഇവിടുത്തെ കുടിയേറ്റക്കാരെ മോശക്കാരായി കാണാന്‍ പ്രേരിപ്പിക്കുന്നതാണ്.

അതേസമയം രാജ്യത്തെ ഭൂരിപക്ഷം പേരും കുടിയേറ്റക്കാരോട് അവമതിപ്പില്ലാത്തവരാണെന്നും പഠനത്തിന് നേതൃത്വം നല്‍കിയ ESRI-യിലെ സീനിയര്‍ റിസര്‍ച്ച് ഓഫീസറായ Dr Shane Timmons പറയുന്നു. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് കുടിയേറ്റക്കാര്‍ നല്‍കുന്ന സംഭാവനയെ കുറച്ചുകാണുന്നവരിലാണ് ഇത്തരം മോശം കാഴ്ചപ്പാട് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

ചുരുക്കത്തില്‍ അയര്‍ലണ്ടിലെ കുടിയേറ്റക്കാരുടെയും, അഭയാർത്ഥികളുടെയും എണ്ണം ജനങ്ങള്‍ പൊതുവില്‍ വിശ്വസിക്കുന്നതിലും കുറവാണെന്നും, ജോലി, പഠനം എന്നിവയ്ക്കായി വന്നവരുടെ എണ്ണം അതിലും വളരെ കുറവാണെന്നുമാണ് പഠനം വ്യക്തമാക്കുന്നത്.

Share this news

Leave a Reply