അള്‍ട്രാ പ്രോസസ്ഡ് ഫുഡ്സ് (ultra-processed foods -UPFs) നമ്മുടെ ആരോഗ്യം നശിപ്പിക്കുന്നതായും, ദീര്‍ഘകാല അസുഖങ്ങളിലേയ്ക്ക് നമ്മെ തള്ളിവിടുന്നതായും വ്യക്തമാക്കിക്കൊണ്ട് ഗവേഷകര്‍. പ്രശസ്ത മെഡിക്കല്‍ ജേണലായ The Lancet ആണ് അള്‍ട്രാ പ്രോസസ്ഡ് ഫുഡ്‌സിനെ പറ്റി മുന്നറിയിപ്പ് നല്‍കുന്ന വിശദമായ ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. കുട്ടികളെയടക്കം രോഗികളാക്കാന്‍ ഇതതരം ഭക്ഷണങ്ങള്‍ കാരണമാകുന്നുവെന്നും ലേഖനം പറയുന്നു.
വന്‍കിട കമ്പനികള്‍ ലാഭം ലക്ഷ്യമിട്ട് നിര്‍മ്മിക്കുന്നതാണ് അള്‍ട്രാ പ്രോസസ്ഡ് ഫുഡ്‌സ് എന്ന് ലേഖനത്തില്‍ വ്യക്തമാക്കുന്നു. ജനങ്ങള്‍ക്ക് ആരോഗ്യം നല്‍കുക എന്നത് ഇതിന്റെ ലക്ഷ്യമേയല്ല. രാഷ്ട്രീയക്കാരുമായും, ഭരണകൂടവുമായും ചേര്‍ന്നാണ് ഈ കമ്പനികള്‍ പ്രവര്‍ത്തിക്കുന്നത് എന്നതിനാല്‍ ഇത്തരം ഭക്ഷണപദാര്‍ത്ഥങ്ങള്‍ തടയുന്നത് എളുപ്പവുമല്ല. വലിയ രീതിയിലുള്ള മാര്‍ക്കറ്റിങ്ങിലൂടെ ആളുകളെ ആകര്‍ഷിക്കുകയും, ഇത്തരം ഭക്ഷണങ്ങള്‍ അവരുടെ നിത്യജീവിതത്തിന്റെ ഭാഗമാക്കുകയുമാണ് കമ്പനികള്‍ ചെയ്യുന്നത്.
ഹൈഡ്രോജിനേറ്റഡ് ഓയിലുകള്‍, ഗ്ലൂക്കോസ്/ഫ്രക്ടോസ് സിറപ്പ്, കോസ്‌മെറ്റിക് ഫുഡ് അഡിറ്റീവിസ്, ആര്‍ട്ടിഫിഷ്യല്‍ സ്വീറ്റ്‌നറുകള്‍ എന്നിങ്ങനെ വില കുറഞ്ഞ വസ്തുക്കള്‍ ചേര്‍ത്താണ് ഇത്തരം ഭക്ഷണങ്ങള്‍ നിര്‍മ്മിക്കുന്നതെന്നും ലേഖനം വിശദീകരിക്കുന്നു. സോഫ്റ്റ് ഡ്രിങ്കുകള്‍, ഹോട്ട് ഡോഗ്‌സ്, മധുരപലഹാരങ്ങള്‍, സ്‌നാക്ക്‌സ്, റെഡി ടു ഈറ്റ് പിസ പോലുള്ള ഭക്ഷണങ്ങളാണ് ഇന്ന് പലര്‍ക്കും പ്രിയം. നമുക്ക് ആരോഗ്യം നല്‍കുന്ന, ലളിതമായ ഭക്ഷണങ്ങളെ ആര്‍ട്ടിഫിഷ്യല്‍ ഫുഡ്ഡുകള്‍ പിന്തള്ളുകയാണ്. അമിതമായി ഭക്ഷണം കഴിക്കാന്‍ പ്രേരിപ്പിക്കുകയും, കുറഞ്ഞ പോഷകങ്ങള്‍ മാത്രം ശരീരത്തിലെത്തുകയും, ശരീരത്തിന് ദോഷകരമായ രാസവസ്തുക്കള്‍ ഉള്ളിലെത്താന്‍ കാരണമാകുകയും ചെയ്യുന്നവയാണ് ഈ ഭക്ഷണങ്ങള്‍ എന്നതും മനസിലാക്കേണ്ടതുണ്ട്. പകരം നമുക്ക് ലഭിക്കുന്നതാകട്ടെ രോഗങ്ങളും.
2018-ലെ ഒരു പഠനം പ്രകാരം അയര്‍ലണ്ടുകാര്‍ ആകെ വാങ്ങുന്ന ഭക്ഷണപദാര്‍ത്ഥങ്ങളില്‍ 45.9 ശതമാനവും അള്‍ട്രാ പ്രോസസ്ഡ് ഫുഡ്‌സ് ആണ്. നമ്മുടെ ആരോഗ്യത്തെ നശിപ്പിക്കുന്ന അള്‍ട്രാ പ്രോസസ്ഡ് ഭക്ഷണങ്ങള്‍ സമൂഹത്തില്‍ എത്രത്തോളം സ്വാധീനം ചെലുത്തിയിരിക്കുന്നു എന്ന് ഈ കണക്കിലൂടെ തന്നെ വ്യക്തമാണ്.
അമിതവണ്ണം, ടൈപ്പ് 2 പ്രമേഹം, കാര്‍ഡിയോ വാസ്‌കുലാര്‍ രോഗങ്ങള്‍, വിഷാദം എന്നിവയാണ് അള്‍ട്രാ പ്രോസസ്ഡ് ഭക്ഷണം സ്ഥിരമായി കഴിക്കുന്നതിലൂടെ സാധാരണയായി ഉണ്ടാകുന്ന രോഗങ്ങള്‍. ഇത്തരം ഭക്ഷണങ്ങളുടെ വില്‍പ്പന, മാര്‍ക്കറ്റിങ് എന്നിവയെല്ലാം നിയന്ത്രിക്കുന്ന തരത്തില്‍ നിയമങ്ങള്‍ നിര്‍മ്മിക്കുകയാണ് ഈ പ്രശ്‌നത്തിന് പ്രധാന പരിഹാരമെന്നും ലേഖനം പറയുന്നു.






