യൂറോപ്യൻ രാജ്യങ്ങൾക്ക് മേൽ അമിത നികുതി ചുമത്താനുള്ള നീക്കത്തിൽ നിന്നും പിന്മാറി ട്രംപ്; തീരുമാനം നാറ്റോ മേധാവിയുമായുള്ള ചർച്ചയിൽ

ഗ്രീന്‍ലന്‍ഡിന്റെ നിയന്ത്രണം ഏറ്റെടുക്കാനുള്ള യുഎസ് ശ്രമത്തെ എതിര്‍ത്ത യുകെയ്ക്കും നാറ്റോ സഖ്യകക്ഷികളായ എട്ട് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ക്കും മേല്‍ അമിത നികുതി ഏര്‍പ്പെടുത്താനുള്ള നീക്കം വേണ്ടെന്ന് വച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. സ്വിറ്റ്‌സര്‍ലണ്ടിലെ ദാവോസില്‍ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിനിടെ നാറ്റോ സെക്രട്ടറി ജനറല്‍ മാര്‍ക്ക് റൂട്ടെയുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് തീരുമാനം. വിഷയത്തില്‍ റൂട്ടെയുമായി നടത്തിയ ചര്‍ച്ച ഫലപ്രദമായിരുന്നു എന്നും, ഗ്രീന്‍ലന്‍ഡിനും, ആര്‍ക്ടിക് മേഖലയ്ക്കുമായുള്ള ഭാവി കരാറിന്റെ രൂപരേഖ തയ്യാറായെന്നും ട്രംപ് പിന്നീട് സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.

യുകെയ്ക്കും, ഇയു അംഗങ്ങളായ ഡെന്മാര്‍ക്ക്, നോര്‍വേ, സ്വീഡന്‍, ഫ്രാന്‍സ്, ജര്‍മ്മനി, നെതര്‍ലണ്ട്സ്, ഫിന്‍ലാന്‍ഡ് എന്നീ രാജ്യങ്ങള്‍ക്കും യുഎസിലേയ്ക്കുള്ള ഇറക്കുമതി നികുതി 2026 ഫെബ്രുവരി 1 മുതല്‍ 10% ആക്കുമെന്നായിരുന്നു ട്രംപ് നേരത്തെ ഭീഷണി മുഴക്കിയിരുന്നത്. ഗ്രീന്‍ലന്‍ഡുമായി ബന്ധപ്പെട്ട് കരാറിലെത്തിയില്ലെങ്കില്‍ ഈ തീരുവ 2026 ജൂണ്‍ 1 മുതല്‍ 25% ആക്കി വര്‍ദ്ധിപ്പിക്കുമെന്നും ട്രംപ് പറഞ്ഞിരുന്നു.
ട്രംപിന്റെ പ്രഖ്യാപനത്തിന് തിരിച്ചടിയായി, യുഎസുമായുള്ള ധാരണയിലെത്തിയ വ്യാപാര കരാര്‍ മരവിപ്പിക്കുന്നതായി യൂറോപ്യന്‍ യൂണിയനും നിലപാടെടുത്തിരുന്നു.

നിലവില്‍ ഡെന്മാര്‍ക്കിന്റെ നിയന്ത്രണത്തിലാണ് ഗ്രീന്‍ലന്‍ഡ്. എന്നാല്‍ ഗ്രീന്‍ലന്‍ഡ് യഥാര്‍ത്ഥത്തില്‍ വടക്കേ അമേരിക്കയുടെ ഭാഗമാണെന്നും അതിനാല്‍ അത് ‘അമേരിക്കന്‍ മണ്ണാണെന്നുമാണ്’ ട്രംപ് പ്രഖ്യാപിച്ചിരുന്നത്. ഗ്രീന്‍ലന്‍ഡ് വാങ്ങാന്‍ അമേരിക്ക ആഗ്രഹിക്കുന്നുണ്ടെങ്കിലും അത് പിടിച്ചെടുക്കാന്‍ സൈനിക ശക്തി ഉപയോഗിക്കില്ലെന്നും ട്രംപ് പറഞ്ഞിരുന്നു. ‘നിങ്ങള്‍ക്ക് ഇത് സമ്മതിക്കാം, അങ്ങനെയെങ്കില്‍ ഞങ്ങള്‍ അതിനെ അഭിനന്ദിക്കും. അല്ലെങ്കില്‍ നിങ്ങള്‍ക്ക് ‘ഇല്ല’ എന്ന് പറയാം, അത് ഞങ്ങള്‍ ഓര്‍ത്തുവയ്ക്കും,’ എന്നായിരുന്നു യൂറോപ്യന്‍ രാജ്യങ്ങള്‍ക്കും ഡെന്മാര്‍ക്കിനും ട്രംപ് നല്‍കിയ മുന്നറിയിപ്പ്.

Share this news

Leave a Reply