നെസ്ലേയ്ക്ക് പിന്നാലെ കുട്ടികള്‍ക്ക് നല്‍കുന്ന ഭക്ഷണത്തില്‍ വിഷാംശം കണ്ടെത്തിയതിനെത്തുടര്‍ന്ന് ഏതാനും ഉല്‍പ്പന്നങ്ങള്‍ തിരിച്ച് വിളിച്ച് Danone-ഉം. Bacillus cereus എന്ന ബാക്ടീരിയ ഉല്‍പ്പാദിപ്പിക്കുന്ന cereulide എന്ന വിഷപദാര്‍ത്ഥമാണ് Danone പുറത്തിറക്കുന്ന ഏതാനും ബാച്ച് ഇന്‍ഫാന്റ് ഫോര്‍മുല ഉല്‍പ്പന്നങ്ങളില്‍ കണ്ടെത്തിയിരിക്കുന്നത്.
ഫ്രഞ്ച് കമ്പനിയായ Danone, അയര്‍ലണ്ടില്‍ നിര്‍മ്മിക്കുന്ന ഈ ഉല്‍പ്പന്നങ്ങള്‍ വിവിധ യൂറോപ്യന്‍ രാജ്യങ്ങളിലേയ്ക്കും, മറ്റ് രാജ്യങ്ങളിലേയ്ക്കും കയറ്റി അയയ്ക്കുന്നുമുണ്ട്. എന്നാല്‍ ബാധിക്കപ്പെട്ട ഉല്‍പ്പന്നങ്ങള്‍ അയര്‍ലണ്ടില്‍ വിതരം നടത്തിയിട്ടില്ലെന്ന് കമ്പനി ഭക്ഷ്യസുരക്ഷാ വകുപ്പിനെ അറിയിച്ചു.
അകത്ത് ചെന്നാല്‍ മനംപുരട്ടല്‍, ഛര്‍ദ്ദി എന്നിവയ്ക്ക് കാരണമാകുന്ന വിഷവസ്തുവാണ് cereulide. കുട്ടികള്‍ക്കായി തയ്യാറാക്കുന്ന ഭക്ഷ്യോല്‍പ്പന്നത്തിലെ ഒരു ചേരുവയായ ARA oil-യിലില്‍ cereulide കലര്‍ന്നതാണ് പ്രശ്‌നത്തിന് കാരണമായതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇത് തന്നെയാണ് ഈയിടെ നെസ്ലേയുടെ ഏതാനും ഉല്‍പ്പന്നങ്ങള്‍ തിരിച്ചുവിളിക്കുന്നതിനും കാരണമായത്. ചൈനയിലാണ് ഈ ARA oil നിര്‍മ്മിച്ചത്. ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതിനായി ഐറിഷ് ഭക്ഷ്യസുരക്ഷാ വകുപ്പ്, കമ്പനിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട്.






