അയർലണ്ടിൽ 16 വയസ്സിന് താഴെയുള്ളവർ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന് നിരോധനം വരുമോ? നടപടികൾക്കൊരുങ്ങി സർക്കാർ

16 വയസ്സിന് താഴെയുള്ളവർ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന് നിരോധനം ഏർപ്പെടുത്തണമെന്ന് ഐറിഷ് ഉപപ്രധാനമന്ത്രി സൈമൺ ഹാരിസ്. ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കാനുള്ള ‘ എയ്ജ് ഓഫ് കൺസെന്റ്’ നിയമം കർശനമായി നടപ്പിലാക്കണമെന്നും ഒരു ടിവി അഭിമുഖത്തിൽ ഹാരിസ് പറഞ്ഞു.

ഡാറ്റാ പ്രൊട്ടക്ഷൻ ആക്റ്റ് 2018 പ്രകാരം അയർലണ്ടിലെ എയ്ജ് ഓഫ് ഡിജിറ്റൽ കൺസെന്റ് 16 വയസ് ആണ്. ഇതിനർത്ഥം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ പോലുള്ള ഓൺലൈൻ സേവന ദാതാക്കൾക്ക് കുട്ടികളുടെ വ്യക്തിഗത ഡാറ്റ പ്രോസസ്സ് ചെയ്യുന്നതിന് മാതാപിതാക്കളുടെ സമ്മതം വാങ്ങണം.

സ്വയം നിയന്ത്രണത്തിന്റെ യുഗം അവസാനിച്ചു എന്ന് പറഞ്ഞ ഹാരിസ്, ഇപ്പോൾ ഇവിടെ നിയമങ്ങളുണ്ട് എന്നും, ഇത്തരം നിയമ ലംഘനങ്ങൾക്ക് പിഴ ഈടാക്കാവുന്നതാണ് എന്നും വ്യക്തമാക്കി.

Grok വിവാദം

ഇലോൺ മസ്കിന്റെ ഉടമസ്ഥതയിൽ ഉള്ള Grok AI, ജനുവരി മാസത്തോടെ എക്സ് പ്ലാറ്റ്ഫോമുമായി ചേർന്ന് പ്രവർത്തിക്കാൻ ആരംഭിച്ചത് വലിയ വിവാദങ്ങൾക്ക് കാരണമായിരിക്കുകയാണ്. കുട്ടികളുടെയും, മുതിർന്നവരുടെയും ലൈംഗിക ദൃശ്യങ്ങൾ, അവരുടെ സമ്മതം ഇല്ലാതെ തന്നെ നിർമിക്കാൻ Grok- ന് സാധിക്കും എന്നതാണ് വിവാദത്തിന് കാരണമായിരിക്കുന്നത്. ഇത്തരം 200-ഓളം പരാതികളിൽ ഗാർഡ അന്വേഷണം നടത്തിവരികയാണ്. നിയമവിധേയമായി പ്രവർത്തിച്ചില്ലെങ്കിൽ അയർലണ്ടിൽ Grok- നെ നിരോധിക്കണം എന്നാവശ്യപ്പെട്ട് രാജ്യത്തെ എ ഐ മന്ത്രി Niamh Smyth അടക്കമുള്ളവർ രംഗത്ത് വന്നിട്ടുണ്ട്. പരാതികളെതുടർന്ന് Grok-നെതിരെ ഈ ആഴ്ച യൂറോപ്യൻ കമ്മീഷൻ അന്വേഷണം ആരംഭിച്ചിട്ടുമുണ്ട്. ഇതിനിടെ 16 വയസ്സിൽ താഴെ ഉള്ളവർക്ക് സോഷ്യൽ മീഡിയ നിരോധനം ഏർപ്പെടുത്തുന്നതിന് യുകെ തയ്യാറെടുക്കുകയുമാണ്.

’16 വയസ്സിന് താഴെയുള്ള ആളാണെങ്കിൽ സോഷ്യൽ മീഡിയയിൽ തുടരാൻ കഴിയില്ല’- ഹാരിസ്


മാർച്ചോടെ സോഷ്യൽ മീഡിയ കമ്പനികളോട് പ്രായപരിശോധനയുമായി ബന്ധപ്പെട്ട നടപടികളോട് സഹകരിക്കാൻ തങ്ങൾ ആവശ്യപ്പെടുമെന്നും, ചില കമ്പനികൾ അതിനു തയ്യാറായിട്ടുണ്ടെന്നും ഹാരിസ് പറഞ്ഞു.

“എന്നാൽ വളരെ വ്യക്തമായി പറഞ്ഞാൽ, നിങ്ങൾ 16 വയസ്സിന് താഴെയുള്ള ആളാണെങ്കിൽ, നിങ്ങൾക്ക് സോഷ്യൽ മീഡിയയിൽ തുടരാൻ കഴിയില്ല എന്ന അവസ്ഥയിലേക്ക് നാം എത്തേണ്ടതുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു.” ഹാരിസ് വ്യക്തമാക്കി.

Share this news

Leave a Reply