അയർലണ്ടിൽ കഴിഞ്ഞ വർഷം പുതിയ വീടുകളുടെ പൂർത്തീകരണത്തിൽ 20 ശതമാനത്തിലധികം വർധനവുണ്ടായതായി സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് (സിഎസ്ഒ). 2011-ൽ സിഎസ്ഒ കണക്കുകൾ ശേഖരിക്കാൻ ആരംഭിച്ചതിനു ശേഷം ഏറ്റവും കൂടുതൽ വീടുകൾ നിർമ്മാണം പൂർത്തിയാക്കുന്നത് 2025-ലാണ്.
സിഎസ്ഒയുടെ റിപ്പോർട്ട് പ്രകാരം 2025-ൽ 36,284 പുതിയ വീടുകളുടെ നിർമ്മാണമാണ് പൂർത്തീകരിച്ചത്. 2024-നെ അപേക്ഷിച്ച് 20.4 ശതമാനം കൂടുതലാണിത്. 2025-ൽ നിർമ്മാണം പൂർത്തിയാക്കിയ അപ്പാർട്ടുമെന്റുകളുടെ എണ്ണം 12,047 ആണ്. 2024-നെ അപേക്ഷിച്ച് 38.7 ശതമാനം വർധന.
2025-ൽ പണി പൂർത്തിയാക്കിയ ആകെ കെട്ടിടങ്ങളിൽ പകുതിയിലധികവും (57.6 ശതമാനം) ഡബ്ലിനിലോ കിൽഡെയർ, ലൂ, മീത്ത്, വിക്ലോ എന്നിവ ഉൾപ്പെടുന്ന മിഡ്-ഈസ്റ്റ് മേഖലയിലോ ആണെന്നും റിപ്പോർട്ട് പറയുന്നു.
ലോക്കൽ ഇലക്ടറൽ ഏരിയ പ്രകാരം, 2025-ൽ ഏറ്റവും കൂടുതൽ നിർമ്മാണങ്ങൾ നടന്നത് ഡബ്ലിനിലെ ക്ലോണ്ടാൽക്കിനിലാണ്- 1,399.
എന്നിരുന്നാലും മുൻ സർക്കാർ നേരത്തെ നിശ്ചയിച്ച ലക്ഷ്യത്തെക്കാൾ 4,716 കുറവ് വീടുകളുടെ നിർമ്മാണം മാത്രമേ 2025-ൽ പൂർത്തിയാക്കാൻ സാധിച്ചിട്ടുള്ളൂ. മുമ്പ് 2025-ൽ 41,000 വീടുകളുടെ നിർമ്മാണം പൂർത്തിയാക്കാൻ ആയിരുന്നു ലക്ഷ്യം. ഈ ലക്ഷ്യം പിന്നീട് മാറ്റി നിശ്ചയിച്ചിട്ടുണ്ട്. 2025-2030 വർഷത്തേക്കുള്ള ഭവന നിർമ്മാണ പദ്ധതിയിൽ സർക്കാർ ലക്ഷ്യം 300,000 വീടുകളുടെ നിർമ്മാണം പൂർത്തിയാക്കുക എന്നതാണ്. നവംബറിൽ പ്രഖ്യാപിച്ച ഈ പദ്ധതിയിൽ, കഴിഞ്ഞ സഖ്യം നിശ്ചയിച്ചിരുന്ന വാർഷിക ലക്ഷ്യങ്ങൾ റദ്ദാക്കി, 2025-ൽ 41,000 വീടുകളും, 2030-ൽ 60,000 വീടുകളും എന്ന രീതിയിൽ ക്രമാനുഗതമായി വർദ്ധനവ് വരുത്തിയിട്ടുണ്ട്.
അതേസമയം ഈ വിഷയത്തിൽ സർക്കാരിനെ വിമർശിച്ച് സോഷ്യൽ ഡെമോക്രാറ്റ്സ് വക്താവ് Rory Hearne രംഗത്തെത്തി. സർക്കാരിന് ഇക്കാര്യത്തിൽ കൃത്യമായ പദ്ധതികൾ ഇല്ല എന്ന് പറഞ്ഞ അദ്ദേഹം, 2025-20230 കാലഘട്ടത്തിൽ 300,000 വീടുകൾ നിർമ്മിക്കുക എന്ന സർക്കാർ ലക്ഷ്യം യാഥാർഥ്യ ബോധത്തോടെ ഉള്ളതല്ല എന്നും അഭിപ്രായപ്പെട്ടു. Fianna Fail, Fine Gael സഖ്യ സർക്കാരിന്റെ നടപടികൾ രാജ്യത്ത് വാടക ഉയരാൻ കാരണമാകുകയുമാണ് എന്നും അദ്ദേഹം വിമർശിച്ചു.




