കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമയും മലയാളി വ്യവസായിയുമായ സി.ജെ റോയ് ജീവനൊടുക്കി. ബെംഗളൂരുവിലെ ലാംഫോര്‍ഡ് റോഡിലുള്ള റിച്ച്മണ്ട് സര്‍ക്കിളിന് സമീപം കോൺഫിഡന്റ് ഗ്രൂപ്പ് ഓഫീസിനുള്ളിലാണ് സംഭവം. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. ഓഫീസിൽ ഏജൻസികളുടെ നികുതി റെയ്ഡിനിടെ കൈവശമുണ്ടായിരുന്ന സ്വന്തം തോക്ക് ഉപയോഗിച്ച് വെടിയുതിര്‍ക്കുകയായിരുന്നു 57-കാരനായ റോയ് എന്നാണ് വിവരം. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഓഫീസിൽ റെയ്ഡ് നടന്നുവരികയായിരുന്നു എന്നും, റോയ് ഇതുമായി ബന്ധപ്പെട്ട മാനസിക സമ്മർദ്ദത്തിൽ ആയിരുന്നു എന്നുമാണ് ഓഫീസിലെ ജീവനക്കാർ പറയുന്നത്. റോയ് രേഖകൾ എടുക്കാൻ പോയതിന് പിന്നാലെ വെടിയൊച്ച കേട്ട ജീവനക്കാർ അദ്ദേഹത്തെ ചോരയിൽ കുളിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ഇതിന് മുമ്പ് പല തവണ ഇന്‍കം ടാക്‌സ് സ്ഥാപനത്തില്‍ പരിശോധന നടത്തിയതിനെതിരെ സി.ജെ റോയ് കോടതിയെ സമീപിച്ചിരുന്നു.
സിനിമാ നിർമ്മാതാവ് കൂടിയായ സി. ജെ റോയ്, കെട്ടിടനിർമ്മാണം, വിദ്യാഭ്യാസം, ഹോസ്പിറ്റാലിറ്റി, ഏവിയേഷൻ, എന്റർടെയിൻമെന്റ്, റീട്ടെയിൽ രംഗങ്ങളിലും ബിസിനസ്സ് നടത്തി വരികയായിരുന്നു. ഭാര്യ ലിനി റോയ്. മക്കൾ: രോഹിത്, റിയ. കേരളത്തിൽ തൃശ്ശൂർ സ്വദേശിയാണ്.




