അയര്‍ലണ്ട് പ്രളയത്തില്‍ മുങ്ങുന്നതിനിടെ കുടിയേറ്റക്കാര്‍ക്കെതിരായി വിദ്വേഷ പോസ്റ്റ്. ഡബ്ലിനിലെ ലിഫി നദി കരകവിഞ്ഞൊഴുകുന്നതും, നദിയിലൂടെ ഒരു ചെറിയ ബോട്ടില്‍ ബ്രൗണ്‍ തൊലിനിറവും, കറുത്ത മുടിയുമുള്ള ആറ് പേര്‍ ബിയര്‍ കുടിച്ചുകൊണ്ട് യാത്ര ചെയ്യുന്നതുമായുള്ള ഒരു ഫോട്ടോയാണ് Derek Blighe എന്നയാള്‍ തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ജനുവരി 27-ന് ചെയ്ത പോസ്റ്റിനൊപ്പം ‘Spotted in Dublin today #StormChandra’ എന്നും എഴുതിയിട്ടുണ്ട്. എന്നാല്‍ ഈ ചിത്രം എഐ ഉപയോഗിച്ച് വ്യാജമായി സൃഷ്ടിക്കപ്പെട്ടതാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് വാര്‍ത്താ വെബ്‌സൈറ്റായ ‘ദി ജേണല്‍.’
ചിത്രത്തിന് ഇന്‍സ്റ്റാഗ്രാമില്‍ 2,800-ലധികം ലൈക്കുകളും, ഫേസ്ബുക്കില്‍ 420-ലധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്. ചിത്രം പോസ്റ്റ് ചെയ്ത Derek Blighe അയര്‍ലണ്ടിലെ ഒരു കുടിയേറ്റവിരുദ്ധ പ്രവര്‍ത്തകനാണ്. ഇയാള്‍ പലതവണ കോര്‍ക്ക് കൗണ്ടിയില്‍ നിന്നും തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ശ്രമം നടത്തിയിരുന്നെങ്കിലും സ്ഥാനാര്‍ത്ഥിത്വം ലഭിക്കുന്നതില്‍ പരാജയപ്പെട്ടിരുന്നു.
രാജ്യം പ്രളയത്തില്‍ മുങ്ങുമ്പോഴും കുടിയേറ്റക്കാരെ മോശക്കാരാക്കി ചിത്രീകരിക്കുന്ന ഈ വ്യാജ ഫോട്ടോയ്ക്ക് കീഴില്‍ പലരും കുടിയേറ്റവിരുദ്ധ കമന്റുകളും ഇടുന്നുണ്ട്. നേരത്തെയും Derek Blighe ഇത്തരത്തില്‍ കുടിയേറ്റക്കാര്‍ക്കെതിരെ വ്യാജപ്രചാരണങ്ങള്‍ നടത്തിയിട്ടുണ്ട്. എന്നാല്‍ ഈയിടെയാണ് ഇയാള്‍ തന്റെ അക്കൗണ്ടിലൂടെ എഐ വഴി സൃഷ്ടിച്ച വ്യാജ ഫോട്ടോകള്‍ പങ്കുവയ്ക്കാനാരംഭിച്ചത്.
ബോട്ടില്‍ സഞ്ചരിക്കുന്ന കുടിയേറ്റക്കാരുടെ ഫോട്ടോയ്ക്ക് പിന്നില്‍ കാണുന്ന പല കാര്യങ്ങളും തെറ്റാണ്. അങ്ങനെയാണ് ഈ ഫോട്ടോ വ്യാജമാണെന്നും, എഐ വഴി സൃഷ്ടിച്ചതാണെന്നും മനസിലാക്കാന്‍ സാധിക്കുന്നത്. ഡബ്ലിനിലെ തന്നെ സ്ഥലങ്ങളാണ് പുറകില്‍ കാണുന്നതെങ്കിലും യഥാര്‍ത്ഥത്തില്‍ അവയില്‍ പലതും സ്ഥിതി ചെയ്യുന്നത് ഫോട്ടോയില്‍ കാണുന്ന പ്രദേശങ്ങളിലല്ല. മാത്രമല്ല ചിത്രത്തില്‍ കാണുന്നത് പോലെ വലിയ പ്രളയമല്ല ഡബ്ലിനില്‍ കഴിഞ്ഞ ദിവസം ഉണ്ടായതും. ഇതോടെ കുടിയേറ്റക്കാര്‍ക്കെതിരെ വിദ്വേഷം പ്രചരിപ്പിക്കുകയായിരുന്നു പോസ്റ്റിന്റെ ഉദ്ദേശ്യം എന്ന് വ്യക്തമായിരിക്കുകയാണ്.




