കേരളത്തെ തഴഞ്ഞ് കേന്ദ്ര ബജറ്റ്; വിദേശ യാത്രയ്ക്ക് നികുതി കുറയ്ക്കുന്നത് അടക്കം പ്രവാസികൾക്ക് നേട്ടമാകുന്ന പ്രഖ്യാപനങ്ങൾ ആശ്വാസം

കേന്ദ്രധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ ഇന്ന് അവതരിപ്പിച്ച് 2026-2027-ലേയ്ക്കുള്ള കേന്ദ്ര സര്‍ക്കാര്‍ ബജറ്റില്‍ കേരളത്തിന് നിരാശ. കേരളത്തിന് ഇത്തവണ ലഭിക്കുമെന്ന് ഏറെ പ്രതീക്ഷയുണ്ടായിരുന്ന എയിംസ്, അതിവേഗ റെയില്‍വേ ഇടനാഴി എന്നീ പ്രഖ്യാപങ്ങളൊന്നും തന്നെ ഉണ്ടായില്ല. ഇതിന് പുറമെ രാജ്യത്തെ കര്‍ഷകര്‍ക്കും ഗുണകരമാകുന്ന പ്രഖ്യാപനങ്ങളൊന്നും തന്നെ ഉണ്ടാകാത്തതില്‍ സര്‍ക്കാരിന് നേരെ വിമര്‍ശനങ്ങളുയര്‍ന്നിട്ടുണ്ട്. എന്നാല്‍ ബജറ്റിനെ പുകഴ്ത്തുകയാണ് പ്രധാനമന്ത്രി മേദി ചെയ്തത്. ബജറ്റ് പ്രഖ്യാപനത്തി പിന്നാലെ ഓഹരി വിപണി കുത്തനെ ഇടിയുകയും, സെന്‍സെക്സ്, നിഫ്റ്റി സൂചികകള്‍ ഇടിവ് രേഖപ്പെടുത്തുകയും ചെയ്തു.

അതേസമയം വിദേശയാത്രയുടെ നികുതി അഞ്ചില്‍ നിന്ന് രണ്ടു ശതമാനമാക്കി കുറച്ചതും, വിദേശ ഇന്ത്യക്കാര്‍ക്ക് (Persons Resident Outside India – PROIs) ഇന്ത്യയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളില്‍ നിക്ഷേപിക്കുന്നതിനുള്ള പരിധി അഞ്ചില്‍ നിന്നും 10 ശതമാനമാക്കി ഉയര്‍ത്തിയതും, വിദേശത്തേക്ക് പണം അയക്കുന്നതിന് നികുതി കുറയ്ക്കും എന്ന പ്രഖ്യാപനവും പ്രവാസികൾക്ക് ആശ്വാസമാണ്.

മൂന്നാം നരേന്ദ്രമോദി സര്‍ക്കാരിന്റെ മൂന്നാമത്തെ ബജറ്റും, ധനമനമന്ത്രിയെന്ന നിലയില്‍ നിര്‍മ്മലാ സീതാരാമന്‍ അവതരിപ്പിക്കുന്ന തുടര്‍ച്ചയായ ഒമ്പതാമത്തെ ബജറ്റുമാണിത്. ഇതോടെ രാജ്യത്തെ ഏറ്റവുമധികം ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി എന്ന റെക്കോര്‍ഡും നിര്‍മ്മല സ്വന്തമാക്കി.

‘വികസിത് ഭാരതം’ എന്ന ലക്ഷ്യം മുന്‍നിര്‍ത്തി രാജ്യം കൈവരിക്കേണ്ട മൂന്ന് പ്രധാന ‘കര്‍ത്തവ്യങ്ങളെ’ ആസ്പദമാക്കിയാണ് ഇത്തവണത്തെ ബജറ്റ് പ്രഭാഷണം നടന്നത്. സാമ്പത്തിക വളര്‍ച്ച സുസ്ഥിരമാക്കുക, ജനങ്ങളുടെ അഭിലാഷങ്ങള്‍ നിറവേറ്റുക, എല്ലാവരെയും വികസന പങ്കാളികളാക്കുക എന്നിവയാണ് ഈ ലക്ഷ്യങ്ങള്‍.

ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങള്‍ ഇവ:

– ഇന്ത്യയെ ഗ്ലോബല്‍ ബയോ ഫാര്‍മ മാനുഫാക്ചറിങ് ഹബ് ആക്കാന്‍ 10000 കോടി

– ഒഡീഷ, കേരള, ആന്ധ്ര, തമിഴ്‌നാട് എന്നിവിടങ്ങളില്‍ റെയര്‍ എര്‍ത്ത് മൈനിങിനായി (ധാതു മണല്‍ ഖനനം) പ്രത്യേക ഇടനാഴി പദ്ധതി

– ഇന്ത്യ 2.0 സെമികണ്ടക്ടര്‍ മിഷനുവേണ്ടി 40000 കോടി

– കണ്ടെയ്‌നര്‍ നിര്‍മ്മാണത്തിന് 5 വര്‍ഷത്തേക്ക് 10000 കോടി

– സ്‌പോര്‍ട്‌സ് ഉപകരണങ്ങളുടെ നിര്‍മാണത്തിനും ഗവേഷണത്തിനും പദ്ധതി

– നെയ്ത്തുകാര്‍ക്കും കരകൗശല വിദഗ്ധര്‍ക്കുമായി നാഷണല്‍ ഹാര്‍ഡ്‌ലൂം ഹാന്‍ഡിക്രാഫ്റ്റ്

– നാഷണല്‍ ഫൈബര്‍ പ്രൊജക്ട് ഉടന്‍

– ഖാദി പ്രോത്സാഹനത്തിന് മഹാത്മ ഗാന്ധി ഗ്രാമസ്വരാജ്

– എഎസ്എംഇ ചാമ്പ്യന്‍മാരെ സൃഷ്ടിക്കാന്‍ 10000 കോടി

– പൊതുചെലവ് 12.2 ലക്ഷം കോടിയാക്കി ഉയര്‍ത്തും

– 2026-ഓടെ ധനക്കമ്മി ജിഡിപിയുടെ 4.5 ശതമാനമായി കുറയ്ക്കും

– അഞ്ചുവര്‍ഷത്തിനകം 12 പുതിയ ജലപാതകള്‍

– വാരാണസിയേയും പാറ്റ്‌നയെയും ബന്ധിപ്പിച്ച് ഉള്‍നാടന്‍ ജലപാത

– ടെകസ്‌റ്റൈല്‍സ് മേഖലയുടെ ഉണര്‍വിന് സമര്‍ഥ് 2.0 പദ്ധതി

– ഏഴ് അതിവേഗ റെയില്‍ ഇടനാഴികള്‍:

മുംബൈ – പൂണെ
പൂണെ – ഹൈദരാബാദ്
ഹൈദരാബാദ് – ബെം?ഗളൂരു
ഹൈദരാബാദ് – ചെന്നൈ
ചെന്നൈ – ബെം?ഗളൂരു
ദില്ലി – വാരാണസി
വാരാണസി – സിലി?ഗുരി

– യോഗ, വെല്‍നെസ് സ്‌കീമുകള്‍ക്കായി ഒന്നരലക്ഷം കെയര്‍ഗിവര്‍മാരെ പരിശീലിപ്പിക്കും

– മെഡിക്കല്‍ ടൂറിസത്തിനായി സ്വകാര്യമേഖലയുമായി സഹകരിച്ച് പദ്ധതി

– അഞ്ച് മേഖല മെഡിക്കല്‍ ഹബ്ബുകള്‍ നിര്‍മ്മിക്കും.ഈ ഹബ്ബുകള്‍ തൊഴിലവസരങ്ങളുടെയും കേന്ദ്രമാകും

– ആയുര്‍വേദത്തെ പ്രോത്സാഹിപ്പിക്കാന്‍ പദ്ധതി, മരുന്ന് ചെടികള്‍ വളര്‍ത്തുന്നവര്‍ക്കും സംസ്‌ക്കരിക്കുന്നവര്‍ക്കും സഹായപദ്ധതി, മൂന്ന് പുതിയ അഖിലേന്ത്യാ ആയുര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ സ്ഥാപിക്കും, ആയുഷ് ഫാര്‍മസികളുടെ നിലവാരം ഉയര്‍ത്തും, ഗവേഷണത്തിനും പരിശോധനകള്‍ക്കും കൂടുതല്‍ പ്രൊഫഷണലുകളെ നിയോഗിക്കും

– ഹിമാചല്‍ പ്രദേശിലും ഉത്തരഖണ്ഡിലും ജമ്മുകശ്മീരിലും അന്താരാഷ്ര ട്രക്കിംഗ് കേന്ദ്രങ്ങള്‍ ആരംഭിക്കും

– പ്രമേഹം, കാന്‍സര്‍ മരുന്നുകളുടെ വില കുറയും. 17 മരുന്നുകളുടെ കസ്റ്റംസ് തീരുവ ഒഴിവാക്കി

ഇന്ത്യയിലെ അനിമേഷന്‍, വിഷ്വല്‍ എഫക്ട്‌സ്, ഗെയിമിങ് മേഖലയ്ക്കായി പ്രത്യേക പദ്ധതി. 2030-ഓടെ 2 മില്യണ്‍ പ്രൊഫഷണലുകളെ ആവശ്യമുള്ള മേഖലയാണിത്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ക്രിയേറ്റീവ് ടെക്‌നോളജിക്ക് ഇതിനായി പിന്തുണ നല്‍കും

– എവിജിസി കണ്ടന്റ് ക്രിയേറ്റര്‍ ലാബുകള്‍ 15000 സെക്കന്‍ഡറി സ്‌കൂളുകളിലും 500 കോളേജുകളിലും സ്ഥാപിക്കും

– രാജ്യത്തിന്റെ കിഴക്കന്‍ മേഖലയില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍ സ്ഥാപിക്കും

– കടലാമ പരിചരണത്തിന് കേരളത്തിലും കര്‍ണ്ണാടത്തിലും പ്രത്യേക കേന്ദ്രം സ്ഥാപിക്കും

– മത്സ്യസമ്പത്ത് വര്‍ധിപ്പിക്കാന്‍ 500 സംഭരണികള്‍ കേന്ദ്രീകരിച്ച്പദ്ധതി

– നാളികേര ഉത്പാദന വര്‍ദ്ധനവിന് കോക്കനട്ട് പ്രോമോഷന്‍ സ്‌കീം. ഒരു കോടിയോളം കര്‍ഷകര്‍ക്ക് ഗുണമാകും. പ്രധാന ഉത്പാദനം നടക്കുന്ന സംസ്ഥാനങ്ങളില്‍ ഉത്പാദനമില്ലാത്ത തെങ്ങുകള്‍ മാറ്റി പുതിയത് നടാന്‍ പ്രോത്സാഹനം.

– 2030-ഓടെ കശുവണ്ടി, കൊക്കോ പ്രീമിയം ഉത്പന്നങ്ങള്‍

– എല്ലാ ജില്ലകളിലും വനിതാ ഹോസ്റ്റലുകള്‍ സ്ഥാപിക്കും

– ഗ്രാമീണ സ്ത്രീശാക്തീകരണത്തിനായി ഷി മാര്‍ട്ടുകള്‍

– വനിതകളെ സംരംഭ ഉടമകളാക്കി മാറ്റാന്‍ ആധുനിക സൗകര്യങ്ങളടക്കമുള്ള സഹായം

– ശാരീരിക വൈകല്യമുള്ളവര്‍ക്കായി ദിവ്യാംഗന്‍ കൗശല്‍ യോജന. കൂടുതല്‍ കൃത്രിമ അവയവ നിര്‍മ്മാണ യൂണിറ്റുകള്‍ സ്ഥാപിക്കും

– ചന്ദനമരങ്ങളുടെ കൃഷിക്കും സംസ്‌കരണത്തിനുമായി സംസ്ഥാനങ്ങളുമായി കൈകോര്‍ക്കും

– കര്‍ഷകര്‍ക്ക് ഉല്‍പാദനം വര്‍ദ്ധിപ്പിക്കാനടക്കം സഹായം. ഒപ്പം എഐ സഹായത്തോടെയുള്ള ഭാരത് വിസ്താറും സ്ഥാപിക്കും.

– 2026 ഏപ്രില്‍ ഒന്ന് മുതല്‍ പുതിയ ആദായ നികുതി നിയമം നടപ്പാക്കും, നികുതി നിയമങ്ങള്‍ ലഘൂകരിക്കും, ജൂലൈ 31വരെ ടാക്‌സ് റിട്ടേണുകള്‍ സമര്‍പ്പിക്കാം. എന്നാല്‍ ആദായ നികുതി സ്ലാബുകളില്‍ മാറ്റമില്ല.

– വാഹനാപകട നഷ്ടപരിഹാര തുകക്ക് ഇനി മുതല്‍ നികുതിയുണ്ടാകില്ല

– വിദേശയാത്രയുടെ നികുതി അഞ്ചില്‍ നിന്ന് രണ്ടു ശതമാനമാക്കി കുറച്ചു

–  വിദേശ ഇന്ത്യക്കാര്‍ക്ക് (Persons Resident Outside India – PROIs) ഇന്ത്യയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളില്‍ നിക്ഷേപിക്കുന്നതിനുള്ള പരിധി അഞ്ചില്‍ നിന്നും 10 ശതമാനമാക്കി ഉയര്‍ത്തി

– വിദേശത്തേക്ക് പണം അയക്കുന്നതിന് നികുതി കുറയ്ക്കും

– ഇന്ത്യയിലെ ഡാറ്റ സെന്റര്‍ സര്‍വീസുകള്‍ ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ക്ക് ക്ലൗഡ് സര്‍വീസ് ലഭ്യമാക്കുന്ന വിദേശ കമ്പനികള്‍ക്ക് 2047 വരെ ടാക്‌സ് ഇല്ല

– മെഡിക്കല്‍ വിദ്യാഭ്യാസത്തിനുള്ള നികുതി അഞ്ചില്‍ നിന്ന് രണ്ട് ശതമാനമാക്കി. പരിശോധയ്ക്ക ശേഷവും റിട്ടേണ്‍ വിവരങ്ങള്‍ പുതുക്കാം

– വരുമാനത്തെ കുറിച്ച് തെറ്റായ വിവരങ്ങള്‍ നല്‍കിയാല്‍ കടുത്ത ശിക്ഷ

– 5 സര്‍വകലാശാല ടൗണ്‍ഷിപ്പുകള്‍ സ്ഥാപിക്കും

– സംസ്ഥാനങ്ങള്‍ക്ക് 1.4 ലക്ഷം കോടി രൂപ ഫിനാന്‍സ് കമ്മീഷന്‍ ഗ്രാന്റായി നല്‍കും

– എയര്‍ക്രാഫ്റ്റ് ഭാഗങ്ങള്‍ക്ക് നികുതി ഒഴിവാക്കി

– വിദേശ സ്വത്ത് വെളിപ്പെടുത്താന്‍ ആറു മാസം വരെ സമയം

– ചെറിയ നികുതി വെട്ടിപ്പുകള്‍ക്ക് ശിക്ഷ പിഴ മാത്രമാകും

– മൈക്രോവേവ് ഉപകരണങ്ങളുടെ ഭാഗങ്ങള്‍ക്കും നികുതി കുറയ്ക്കും. ഇത്തരം ഉപകരണങ്ങളുടെ വിലയും കുറയും.

– സിഗരറ്റ്, പുകയില ഉല്‍പ്പന്നങ്ങള്‍ എന്നിവയ്ക്ക് വില കുത്തനെ ഉയര്‍ത്തും

– ഡ്യൂട്ടി ഫ്രീ ഉത്പന്നങ്ങളുടെ ഇറക്കുമതിക്ക് പരിധി കൂട്ടും

Share this news

Leave a Reply