രാജ്യത്തെ രാഷ്ട്രീയ പാര്‍ട്ടികളുടെയും, നേതാക്കന്മാരുടെയും ജനപ്രീതി മനസിലാക്കുന്നതിനായി Ipsos B&A – The Irish Times നടത്തിയ അഭിപ്രായ സര്‍വേയില്‍ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ Sinn Fein മുന്നില്‍. പ്രതിപക്ഷനേതാവ് മേരി ലൂ മക്‌ഡൊണാള്‍ഡ് നയിക്കുന്ന പാര്‍ട്ടിക്ക് 24 ശതമാനം ജനങ്ങളുടെ പിന്തുണയുണ്ടെന്നാണ് സര്‍വേ കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍ ഇത് മുന്‍ സര്‍വേയെക്കാള്‍ മൂന്ന് ശതമാനം കുറവാണ്.
ഭരണകക്ഷിയായ Fianna Fail-ന് 19 ശതമാനം പേരുടെ പിന്തുണയാണുള്ളത്. Fianna Fail മുന്‍ സര്‍വേയെക്കാള്‍ രണ്ട് ശതമാനം പിന്തുണ വര്‍ദ്ധിപ്പിച്ചപ്പോള്‍, രണ്ടാമത്തെ ഭരണകക്ഷി പാര്‍ട്ടിയായ Fine Gael-ന്റെ ജനപ്രീതി 18 ശതമാനം എന്ന നിലയില്‍ മാറ്റമില്ലാതെ തുടരുകയാണ്.
മറ്റ് ചെറു പാര്‍ട്ടികളില്‍ 7 ശതമാനം ജനപിന്തുണയോടെ സോഷ്യല്‍ ഡെമോക്രാറ്റ്‌സ് ആണ് മുന്നില്‍ (2 ശതമാനം പിന്തുണ വര്‍ദ്ധിച്ചു). ലേബര്‍ പാര്‍ട്ടി 4 ശതമാനം (-2), ഗ്രീന്‍ പാര്‍ട്ടി 4 ശതമാനം (+1), പീപ്പിള്‍ ബിഫോര്‍ പ്രോഫിറ്റ്- സോളിഡാരിറ്റി 2 ശതമാനം (മാറ്റമില്ല), എയിന്റൂ (Aontú) 3 ശതമാനം (മാറ്റമില്ല), ഇന്‍ഡിപെന്‍ഡന്റ് അയര്‍ലണ്ട് 4 ശതമാനം (മാറ്റമില്ല) എന്നിങ്ങനെയാണ് ബാക്കി പാര്‍ട്ടികളുടെ നില. സ്വതന്ത്രര്‍ക്കും മറ്റുള്ളവര്‍ക്കുമുള്ള ജനപിന്തുണ ഒരു പോയിന്റ് കുറഞ്ഞ് 16 ശതമാനമായിട്ടുണ്ട്.
അതേസമയം ഏത് പാര്‍ട്ടിയെ പിന്തുണയ്ക്കണം എന്ന് വ്യക്തതയില്ലാത്തവരുടെ എണ്ണം മുന്‍ സര്‍വേയെക്കാള്‍ നാല് പോയിന്റ് വര്‍ദ്ധിച്ച് 27 ശതമാനം ആകുകയും ചെയ്തു.
സര്‍ക്കാരിന്റെ ജനപ്രീതി കുറഞ്ഞു
സര്‍ക്കാര്‍ കക്ഷികളായ Fianna Fail-ന്റെയും, Fine Gael-ന്റെയും ജനപ്രീതിയില്‍ കാര്യമായ കുറവില്ലെങ്കിലും, സര്‍ക്കാരിന്റെ ജനപ്രീതി 30 ശതമാനത്തിലേയ്ക്ക് താഴ്ന്നുവെന്ന് സര്‍വേ വ്യക്തമാക്കുന്നുണ്ട്. 2025 പകുതിയോടെയാണ് സര്‍ക്കാരിന്റെ ജനപ്രീതി താഴാന്‍ ആരംഭിച്ചതെന്നും, നിലവില്‍ ഇത് കഴിഞ്ഞ ആറു വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണെന്നും റിപ്പോര്‍ട്ട് വിശദീകരിക്കുന്നു.
പാര്‍ട്ടി നേതാക്കളുടെ ജനപ്രീതി
Fianna Fail നേതാവും, പ്രധാനമന്ത്രിയുമായ മീഹോള്‍ മാര്‍ട്ടിനാണ് രാജ്യത്തെ രാഷ്ട്രീയ നേതാക്കളില്‍ ഏറ്റവുമധികം ജനപ്രീതി- 37 ശതമാനം. വിവാദങ്ങളെ തുടര്‍ന്ന് ഇടിഞ്ഞ ജനപ്രീതി തിരിച്ചുപിടിച്ച് മാര്‍ട്ടിന്‍, മുന്‍ സര്‍വേയെക്കാള്‍ നാല് പോയിന്റാണ് ഇത്തവണ വര്‍ദ്ധിപ്പിച്ചത്.
Fine Gael നേതാവും, ഉപപ്രപധാനമന്ത്രി, ധനമന്ത്രി എന്നീ പദവികളും വഹിക്കുന്ന സൈമണ്‍ ഹാരിസിന് 31 ശതമാനം പേരുടെ പിന്തുണയാണുള്ളത്. കഴിഞ്ഞ സര്‍വേയെക്കാള്‍ 4 പോയിന്റ് കുറവാണിത്.
പ്രതിപക്ഷനേതാവായ മേരി ലൂ മക്‌ഡൊണാള്‍ഡിനുള്ള ജനപിന്തുണയും നാല് പോയിന്റ് കുറഞ്ഞ് 35 ശതമാനമായി.
2026 ജനുവരി 30-നും ഫെബ്രുവരി 3-നും ഇടയിലായി 1,200 പേരെ പങ്കെടുപ്പിച്ചുകൊണ്ടാണ് അഭിപ്രായ സര്‍വേ നടത്തിയത്.




