ഡബ്ലിൻ സെൻട്രൽ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് സ്ഥിരീകരിച്ച് ജെറി ഹച്ച്; പ്രധാന പാർട്ടികൾക്ക് തിരിച്ചടിയോ?

ഡബ്ലിന്‍ സെന്‍ട്രല്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് വ്യക്തമാക്കി ഐറിഷ് ക്രിമിനല്‍ സംഘത്തലവനായ ജെറി ‘ദി മങ്ക്’ ഹച്ച്. കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിലും ഹച്ച് മത്സരിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും ആവശ്യത്തിന് പിന്തുണ ലഭിക്കാതെ വന്നതോടെ സ്ഥാനാര്‍ത്ഥിത്വം ലഭിച്ചിരുന്നില്ല.

തന്റെ ജീവിതം ആസ്പദമാക്കി അംബാസഡര്‍ തിയറ്ററില്‍ പ്രദര്‍ശിപ്പിക്കാനിരിക്കുന്ന നാടകത്തിന്റെ പ്രചാരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം എത്തിയപ്പോഴാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്യം അദ്ദേഹം സ്ഥിരീകരിച്ചത്. നാടകവുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങള്‍ മാത്രം ചോദിക്കണമെന്ന് സംഘാടകര്‍ അഭ്യര്‍ത്ഥിച്ചിരുന്നെങ്കിലും, ഡബ്ലിനിലെ റീജന്‍സി ഹോട്ടലില്‍ വച്ച് 2016-ല്‍ ഡേവിഡ് ബയേണ്‍ എന്ന ചെറുപ്പക്കാരനെ വെടിവച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയായതിനെ കുറിച്ചും ഹച്ചിനോട് ചോദ്യമുയര്‍ന്നു. 2023 ഏപ്രിലില്‍ തെളിവില്ലെന്ന് കണ്ട് മൂന്നംഗ കോടതി ഹച്ചിനെ വെറുതെവിട്ടിരുന്നെങ്കിലും, ഈ കേസ് നിലവില്‍ സ്‌പെഷ്യല്‍ ക്രിമിനല്‍ കോടതിയുടെ പരിഗണനയിലാണ്. അതേസമയം താന്‍ ഒരിക്കലും ക്രിമിനല്‍ സംഘത്തില്‍ ഉണ്ടായിരുന്നില്ലെന്ന് ഹച്ച് അവകാശപ്പെട്ടു.

മുന്‍ ധനമന്ത്രി പാസ്‌കല്‍ ഡോണഹോ വേള്‍ഡ് ബാങ്കിലെ ഉന്നതസ്ഥാനം ഏറ്റെടുക്കുന്നതിനായി ടിഡി സ്ഥാനം രാജിവച്ച ഒഴിവിലാണ് ഡബ്ലിന്‍ സെന്‍ട്രലില്‍ സീറ്റ് ഒഴിവ് വന്നത്. മെയ് 22-നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടക്കുക.

Share this news

Leave a Reply