ഡബ്ലിൻ: പരിശുദ്ധാത്മാവിന്റെ പ്രചോദനത്തിൽ Xavier Khan Vattayil അച്ചൻ ആരംഭിച്ച അഭിഷേകാഗ്നി വചന ശുശ്രൂഷ ഡബ്ലിനിൽ സംഘടിപ്പിക്കുന്നു. കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളായി കേരള കത്തോലിക്കാ സഭയിൽ ആത്മീയ ഉണർവിന് വഴിയൊരുക്കിയ ഈ ശുശ്രൂഷ 2026 ഫെബ്രുവരി 28-ന് ഡബ്ലിൻ ബ്യൂമൗണ്ടിലുള്ള Blessed Margaret Ball Church ദേവാലയത്തിൽ രാവിലെ 11 മണി മുതൽ ഉച്ചയ്ക്ക് 3:30 വരെ നടക്കും.
ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ, പ്രത്യേകിച്ച് യുകെ ഉൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങളിലെ മലയാളി വിശ്വാസികൾക്കായി നടത്തിവരുന്ന അഭിഷേകാഗ്നി ശുശ്രൂഷയുടെ ഭാഗമായാണ് ഡബ്ലിനിലെ ഈ ആത്മീയ സംഗമം. പരിശുദ്ധാത്മാവിന്റെ മാർഗ്ഗനിർദ്ദേശത്തിൽ രൂപം കൊണ്ട Anointing Fire Catholic Ministry (AFCM) ആണ് പരിപാടി ഒരുക്കുന്നത്. അയർലണ്ടിലെയും യുകെയിലെയും AFCM ശുശ്രൂഷകരും കേരളത്തിൽ നിന്നുള്ള വൈദികരും ചേർന്നാണ് ശുശ്രൂഷയ്ക്ക് നേതൃത്വം നൽകുന്നത്. ശുശ്രൂഷ മലയാളത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്.
വിശുദ്ധ ബലി, ദിവ്യകാരുണ്യ ആരാധന, വചന ശുശ്രൂഷ, സ്തുതി–ആരാധന എന്നിവ ഉൾപ്പെടുന്ന കൺവെൻഷനിൽ വിശുദ്ധ കുമ്പസാരത്തിനും അവസരം ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു. അനേകരുടെ ജീവിതത്തിൽ വിശ്വാസ വളർച്ചയ്ക്കും ദൈവിക ഇടപെടലുകൾക്കും വഴിയൊരുക്കിയ ഈ ശുശ്രൂഷ, കുടുംബങ്ങളെ ആത്മീയമായി ശക്തിപ്പെടുത്തുകയും വിശ്വാസത്തിൽ നിന്ന് അകന്നു പോകുന്ന സമൂഹങ്ങളെ വീണ്ടും ക്രൈസ്തവ വിശ്വാസത്തിലേക്ക് നയിക്കുകയും ചെയ്യുന്നു.
തിന്മ വർധിച്ചുവരുന്ന ഈ കാലഘട്ടത്തിൽ തിരുസഭയെ ശക്തിപ്പെടുത്തുകയും, വിശ്വാസ സമൂഹത്തെ കാലഘട്ടത്തിന്റെ വെല്ലുവിളികളെ അതിജീവിച്ച് ക്രൈസ്തവ സാക്ഷ്യം നൽകാൻ സജ്ജരാക്കുകയും ചെയ്യുന്നതാണ് അഭിഷേകാഗ്നി കൺവെൻഷന്റെ ലക്ഷ്യമെന്ന് സംഘാടകർ അറിയിച്ചു. AFCM അയർലണ്ട് ഏവരെയും യേശുനാമത്തിൽ ഈ ആത്മീയ സംഗമത്തിലേക്ക് സ്വാഗതം ചെയ്തു.
വാർത്ത അയച്ചത്: റോണി കുരിശിങ്കൽപറമ്പിൽ




