നേരത്തെയുള്ള ഒരു അഭിമുഖത്തിൽ തനിക്ക് പൂച്ചകളെ ഇഷ്ടമല്ലെന്ന് പറഞ്ഞതിനെത്തുടർന്ന് ആരാധകരിൽ നിന്ന് കടുത്ത വിമർശനം നേരിട്ട ഐറിഷ് നടി ജെസ്സി ബക്ലി, താനൊരു ‘പൂച്ചപ്രേമി’ ആണെന്ന് വ്യക്തമാക്കി രംഗത്ത്. കഴിഞ്ഞ ദിവസം അമേരിക്കൻ പ്രോഗ്രാമായ ‘ജിമ്മി ഫാലൻ ഷോ’യിൽ പങ്കെടുത്തപ്പോഴാണ്, താൻ ഒരിക്കൽ ഒരു പൂച്ചയുടെ വേഷത്തിനായി ഓഡിഷനിൽ പങ്കെടുത്തിട്ടുണ്ടെന്നും തനിക്ക് പൂച്ചകളെ ഇഷ്ടമല്ല എന്നത് ഒരു തെറ്റിദ്ധാരണ മാത്രമാണെന്നും ബക്ലി വ്യക്തമാക്കിയത്.
കഴിഞ്ഞ നവംബറിൽ ‘ഹാംനെറ്റ്’ എന്ന ചിത്രത്തിന്റെ പ്രചരണത്തിനിടെ നൽകിയ ഒരു അഭിമുഖത്തിൽ, ജെസ്സിയോടും സഹനടൻ പോൾ മെസ്കലിനോടും നിങ്ങൾക്ക് ഇഷ്ടം പൂച്ചകളെയാണോ നായകളെയാണോ എന്ന് അവതാരകൻ ചോദിച്ചിരുന്നു. രണ്ടുപേരും തങ്ങൾ നായകൾക്കാണ് മുൻഗണന നൽകുന്നതെന്ന് മറുപടി നൽകുകയും ചെയ്തു.
അന്ന് ജെസ്സി പറഞ്ഞത് ഇങ്ങനെയായിരുന്നു- “എനിക്ക് പൂച്ചകളെ ഇഷ്ടമല്ല. അവയ്ക്ക് സ്വഭാവഗുണം കുറവാണ്.”
മാത്രമല്ല, തന്റെ ഭർത്താവിനെ പരിചയപ്പെട്ട സമയത്ത് തന്നെയോ അതോ അദ്ദേഹത്തിന്റെ പൂച്ചകളെയോ, ഇതിൽ ഒരാളെ തിരഞ്ഞെടുക്കണമെന്ന് താൻ അന്ത്യശാസനം നൽകിയിരുന്നതായും അന്ന് അവർ തമാശയായി പറഞ്ഞിരുന്നു. ഇതെ തുടർന്നാണ് ബക്ലിക്ക് നേരെ ആരാധകരുടെ വിമർശനമുയർന്നത്.
അതേസമയം കഴിഞ്ഞ ദിവസം നടന്ന പുതിയ അഭിമുഖത്തിൽ ബക്ലി ഇക്കാര്യത്തിൽ വിശദീകരണം നടത്തി- “ലോകമെമ്പാടുമുള്ള പൂച്ചപ്രേമികൾക്കായി എനിക്ക് ഒരു കാര്യം വ്യക്തമാക്കാനുണ്ട്,” അവർ പറഞ്ഞു. “ഞാൻ പൂച്ചകളെ സ്നേഹിക്കുന്ന ആളാണ്. ഇന്ന് രാവിലെ ഉണർന്നപ്പോൾ ഞാൻ ആലോചിച്ചു- ലോകം ശരിക്കും കരുതുന്നത് എനിക്ക് പൂച്ചകളെ ഇഷ്ടമല്ല എന്നാണോ എന്ന്. അത് ദിവസം മുഴുവൻ എന്റെ മനസ്സിനെ അലട്ടിക്കൊണ്ടിരുന്നു. എനിക്ക് ശരിക്കും വിഷമം തോന്നി.”
‘ഹാംനെറ്റ്’ എന്ന ചിത്രത്തിലെ അഭിനയത്തിന് കഴിഞ്ഞ മാസം മികച്ച നടിക്കുള്ള ബാഫ്റ്റ പുരസ്കാരം നേടിയ ജെസ്സി ബക്ലി, ഇത്തവണത്തെ ഓസ്കാർ നാമനിർദ്ദേശ പട്ടികയിലും ഇടംപിടിച്ചിട്ടുണ്ട്.




