ലിമറിക്കിൽ സുഹൃത്തിന്റെ വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന നഴ്‌സിനെ പീഡിപ്പിച്ച ഡോക്ടർക്ക് 8 വർഷം തടവ്

സുഹൃത്തിന്റെ വീട്ടിലെ സോഫയില്‍ കിടന്നുറങ്ങുകയായിരുന്ന നഴ്‌സിനെ പീഡിപ്പിച്ച ഡോക്ടര്‍ക്ക് അയര്‍ലണ്ടില്‍ എട്ട് വര്‍ഷം തടവ്. മൊറോക്കന്‍ സ്വദേശിയായ ഡോ. ലൂവായ് കില (Louay Kila) എന്ന 31-കാരനാണ് കോടതി ഇന്നലെ ശിക്ഷ വിധിച്ചത്. ഇയാള്‍ കുറ്റക്കാരനാണെന്ന് ജൂറിയും കഴിഞ്ഞയാഴ്ച കണ്ടെത്തിയിരുന്നു.

2024 മാര്‍ച്ച് 2-ന് ലിമറിക്ക് സിറ്റിയിലെ ഒരു അപ്പാര്‍ട്ട്‌മെന്റില്‍ വച്ചാണ് പ്രതിയായ കില, നഴ്‌സിനെ പീഡനത്തിന് ഇരയാക്കിയത്. പീഡിപ്പിക്കുന്നതിനിടെ നിര്‍ത്താന്‍ ആവശ്യപ്പെട്ട നഴ്‌സിനെ ഇയാള്‍ ലൈംഗികമായി ആക്രമിക്കുകയും ചെയ്തു. സംഭവം നടക്കുന്ന സമയത്ത് ലിമറിക്ക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ സീനിയര്‍ രജിസ്ട്രാറായിരുന്നു പ്രതി. ഈ കാലയളവില്‍ ഇതേ ആശുപത്രിയില്‍ നഴ്‌സായിരുന്നു ഇരയായ സ്ത്രീ.

അതേസമയം സംഭവം പുറത്തറിഞ്ഞയുടന്‍ തന്നെ തങ്ങള്‍ കിലയെ സസ്‌പെന്‍ഡ് ചെയ്യേണ്ടതായിരുന്നു എന്ന് HSE പ്രതികരിച്ചു. ഇത് നടപ്പാക്കഞ്ഞതില്‍ HSE ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. 2025-ല്‍ മാര്‍ച്ച് മുതല്‍ പ്രതി സ്വമേധയാ ജോലിയില്‍ നിന്നും താല്‍ക്കാലികമായി വിട്ടുനില്‍ക്കുകയാണ് ഉണ്ടായത്.

സംഭവം നടക്കുന്ന രാത്രിയില്‍ ഒരു ബാറില്‍ വച്ചാണ് പ്രതിയായ ഡോക്ടര്‍, നഴ്‌സിനെ പരിചയപ്പെടുന്നത്. പിന്നീട് ഇരുവരും വ്യത്യസ്ത സംഘങ്ങളായി ഒരു അപ്പാര്‍ട്ട്‌മെന്റിലേയ്ക്ക് പോയി. എന്നാല്‍ മദ്യപിച്ച് ബോധം മറഞ്ഞ് സോഫയില്‍ കിടന്നുറങ്ങിയ നഴ്‌സിനെ, അവസരം മുതലെടുത്ത കില പിന്നീട് പീഡിപ്പിക്കുകയും, ലൈംഗികമായി ആക്രമിക്കുകയും ചെയ്യുകയായിരുന്നു. ഉറങ്ങിക്കിടക്കുകയായിരുന്ന ഇരയെ ഉമ്മ വയ്ക്കുന്ന ഒരു ഫോട്ടോ, പ്രതിയായ ഡോക്ടര്‍ സ്ത്രീയുടെ കാമുകന് അയയ്ക്കുകയും, ഇത് കാരണം കാമുകന്‍ ബന്ധം ഉപേക്ഷിക്കുന്ന സ്ഥിതിയിലേയ്ക്ക് കാര്യങ്ങളെത്തുകയും ചെയ്തു.

അതേസമയം പ്രതിയായ കിലയ്ക്ക് തടവുശിക്ഷ ലഭിച്ചതോടെ, ‘തനിക്ക് നീതി ലഭിച്ചു’ എന്ന് ഇരയായ നഴ്‌സ് പ്രതികരിച്ചു. പീഡനം നേരിടുന്ന എല്ലാ സ്ത്രീകള്‍ക്കും നീതിതേടാന്‍ താന്‍ ഒരു കാരണമാകുമെന്ന് വിശ്വസിക്കുന്നതായും അവര്‍ പ്രതികരിച്ചു. ഈ സംഭവം കാരണമേറ്റ മുറിവുകളില്‍ നിന്നും വേദനകളില്‍ നിന്നും താന്‍ പുറത്തുവരുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

 

നിങ്ങൾ ആരിൽ നിന്നെങ്കിലും, ഏതെങ്കിലും തരത്തിൽ ലൈംഗികമായ അതിക്രമത്തിന് ഇരയാകുന്നുണ്ടെങ്കിൽ അയർലണ്ടിലെ 24-മണിക്കൂർ ദേശീയ റേപ്പ് ക്രൈസിസ് ഹെൽപ്പ് ലൈൻ (Rape Crisis Helpline) നമ്പറായ 1800-77 8888-ൽ വിളിക്കാവുന്നതാണ്. കൂടാതെ http://drcc.ie/services/helpline/ എന്ന വെബ്‌സൈറ്റ് വഴി ടെക്സ്റ്റ് സർവീസ്, വെബ്ചാറ്റ് സൗകര്യങ്ങൾ ഉപയോഗപ്പെടുത്തുകയോ Rape Crisis Help സന്ദർശിക്കുകയോ ചെയ്യാം. അടിയന്തര സാഹചര്യത്തിൽ, എപ്പോഴും 999 അല്ലെങ്കിൽ 112 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക. വിഷമിക്കേണ്ട, സഹായം അരികിലുണ്ട്.

Share this news

Leave a Reply