അയര്‍ലണ്ടിലെ റോഡുകളിലുള്ള കുഴികളില്‍ വീണ് നിങ്ങളുടെ വാഹനത്തിന് കേടുപാട് സംഭവിച്ചാല്‍, അതിന് നഷ്ടപരിഹാരം നല്‍കാന്‍ തദ്ദേശഭരണ സ്ഥാപനങ്ങളായ കൗണ്‍സിലുകള്‍ക്ക് ബാധ്യതയുണ്ട്. ഇത്തരത്തില്‍ രാജ്യത്തെ വിവിധ കൗണ്‍സിലുകള്‍ 2023-25 കാലഘട്ടത്തില്‍ വാഹന ഉടമകള്‍ക്ക് നല്‍കിയ നഷ്ടപരിഹാരത്തുകയുടെ കണക്കുകള്‍ ഫ്രീഡം ഓഫ് ഇന്‍ഫര്‍മേഷന്‍ ആക്ട് പ്രകാരം ലഭ്യമായിരിക്കുകയാണ്.
അയര്‍ലണ്ടില്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ റോഡുകളിലെ കുഴികള്‍ കാരണം വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതിന് വിവിധ തദ്ദേശ സ്ഥാപനങ്ങളില്‍ നിന്ന് വാഹന ഉടമകള്‍ക്ക് നഷ്ടപരിഹാരമായി ലഭിച്ചത് ഏകദേശം 1.3 മില്യണ്‍ യൂറോ ആണ്. ഇതില്‍ ഏറ്റവും കൂടുതല്‍ തുക നഷ്ടപരിഹാരമായി നല്‍കിയത് ഡോണിഗാള്‍ കൗണ്ടി കൗണ്‍സിലാണ്. ഇത്തരത്തില്‍ 2023 മുതല്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ വഴി 340,923 യൂറോയാണ് വിവിധ തദ്ദേശ സ്ഥാപനങ്ങള്‍ വാഹന ഉടമകള്‍ക്ക് നല്‍കിയത്.
ഒന്നാം സ്ഥാനത്തുള്ള ഡോണിഗാള്‍ കൗണ്ടി കൗണ്‍സില്‍ വെറും 109 പരാതികളിലാണ് ഇത്രയും വലിയ തുക നല്‍കിയതെന്നത് ശ്രദ്ധേയമാണ്. അതേസമയം, രണ്ടാം സ്ഥാനത്തുള്ള കോര്‍ക്ക് കൗണ്ടി കൗണ്‍സില്‍ 1,175 പരാതികളിലായാണ് 275,439 യൂറോ നഷ്ടപരിഹാരം നല്‍കിയത്.
മറ്റ് കൗണ്‍സിലുകളുടെ കണക്കുകള്‍ പരിശോധിച്ചാല്‍ മൂന്നാം സ്ഥാനത്തുള്ള മീത്ത് കൗണ്ടി കൗണ്‍സില്‍ 556 പരാതികള്‍ക്കായി 143,544 യൂറോ ചിലവഴിച്ചപ്പോള്‍, ഇക്കാര്യത്തില്‍ ഏറ്റവും കുറവ് തുക നഷ്ടപരിഹാരമായി നല്‍കിയത് ഗോള്‍വേ സിറ്റി കൗണ്‍സിലാണ്- 3,765 യൂറോ.
ഫ്രീഡം ഓഫ് ഇന്‍ഫര്‍മേഷന്‍ ആക്ട് പ്രകാരം രാജ്യത്തെ 31 തദ്ദേശ സ്ഥാപനങ്ങളിലെ 28 എണ്ണത്തില്‍ നിന്നാണ് ഈ വിവരങ്ങള്‍ ലഭ്യമായത്. കോര്‍ക്ക് സിറ്റി കൗണ്‍സില്‍ വിവരങ്ങള്‍ നല്‍കാന്‍ വിസമ്മതിച്ചപ്പോള്‍ Carlow County Council, Kerry County Council എന്നിവ വിവരം നല്‍കാന്‍ കാലതാമസം എടുക്കുകയും ചെയ്തു.
കുഴികളിലും മറ്റും പെട്ടുള്ള കേടുപാടുകള്‍ക്ക് നഷ്ടപരിഹാരം ലഭിക്കുമെങ്കിലും സാധാരണഗതിയില്‍ റോഡുകളിലെ സ്വാഭാവിക തേയ്മാനം മൂലം സംഭവിക്കുന്ന കേടുപാടുകള്‍ക്ക് കൗണ്‍സിലുകള്‍ ഉത്തരവാദികളല്ല. എന്നാല്‍ കൃത്യസമയത്ത് അറ്റകുറ്റപ്പണി നടത്താതിരിക്കുകയോ അല്ലെങ്കില്‍ ഗുണനിലവാരമില്ലാത്ത രീതിയില്‍ കുഴികള്‍ അടയ്ക്കുകയോ ചെയ്തതിനെ തുടര്‍ന്നുണ്ടായ വീഴ്ചകള്‍ക്കാണ് ഭൂരിഭാഗം പരാതികളിലും നഷ്ടപരിഹാരം അനുവദിച്ചിരിക്കുന്നത്. ഐറിഷ് പബ്ലിക് ബോഡീസ് മ്യൂച്വല്‍ ഇന്‍ഷുറന്‍സ് വഴിയാണ് കൗണ്‍സിലുകള്‍ ഈ ക്ലെയിമുകള്‍ തീര്‍പ്പാക്കുന്നത്.
എങ്ങനെ ക്ലെയിം ചെയ്യാമെന്ന് വിശദീകരിക്കുന്ന വീഡിയോ: https://youtu.be/WK3D0yullq8?si=zw3WUaiYt0l7ocFD




