അയർലണ്ടിലെ ഭവനവിപണിയിൽ ശ്രദ്ധേയമായ മാറ്റങ്ങൾ രേഖപ്പെടുത്തുന്നു. ആദ്യമായി വീട് വാങ്ങുന്നവരുടെ മോർട്ട്ഗേജ് ഇടപാടുകൾ കഴിഞ്ഞ 19 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലെത്തി. അതേസമയം രാജ്യത്ത് വാടക നിരക്കുകൾ ഉയരുന്നുണ്ടെങ്കിലും വർധനയുടെ വേഗതയിൽ കുറവുണ്ടാകുന്നതായും പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. പുതിയ വീടുകൾ മേടിക്കുന്നതിനുള്ള ആവേശം പഴയ വീടുകളുടെ കാര്യത്തിൽ ഇല്ല എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു
ബാങ്കിംഗ് ആൻഡ് പേയ്മെന്റ് ഫെഡറേഷൻ അയർലണ്ട് (BPFI) പുറത്തുവിട്ട 2026-ലെ ആദ്യ ആറുമാസത്തെ മോർട്ട്ഗേജ് വിപണി റിപ്പോർട്ട് പ്രകാരം, ആദ്യമായി വീട് വാങ്ങുന്നവർക്കുള്ള മോർട്ട്ഗേജ് വായ്പകളുടെ എണ്ണം കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 6.6 ശതമാനം വർധിച്ച് 12,567 ആയി. 2007-ന് ശേഷമുള്ള ആദ്യ ആറുമാസത്തെ ഏറ്റവും ഉയർന്ന കണക്കാണിത്.പുതിയ വീടുകൾ വാങ്ങുന്നതിനും നിർമിക്കുന്നതിനുമായി ആദ്യമായി മോർട്ട്ഗേജ് എടുക്കുന്നവരുടെ എണ്ണത്തിൽ 15.4 ശതമാനം വർധന രേഖപ്പെടുത്തി. എന്നാൽ നിലവിലുള്ള വീടുകൾ വാങ്ങുന്നതിനുള്ള മോർട്ട്ഗേജ് ഇടപാടുകളിൽ വർധന ഒരു ശതമാനം മാത്രമാണ്.
ആദ്യമായി വീട് വാങ്ങുന്നവർ സ്വന്തമാക്കുന്ന വീടുകളുടെ ദേശീയ ശരാശരി വില (Median Price) 17,000 യൂറോ വർധിച്ച് 407,000 യൂറോയിലെത്തി. ഇവരുടെ ശരാശരി മോർട്ട്ഗേജ് തുക 322,000 യൂറോയാണ്. മോർട്ട്ഗേജ് എടുക്കുന്നവരുടെ കുടുംബങ്ങളുടെ മധ്യവരുമാനം പ്രതിവർഷം 90,000 യൂറോയാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.ഡബ്ലിനിലാണ് ഏറ്റവും ഉയർന്ന ശരാശരി വില രേഖപ്പെടുത്തിയത്. 474,000 യൂറോ ആണ് ഡബ്ലിനിലെ ശരാശരി വില .
വാടക വർധനയിലും മന്ദഗതി
അതേസമയം, Daft.ie പുറത്തുവിട്ട ഏറ്റവും പുതിയ വാടക വിപണി റിപ്പോർട്ട് പ്രകാരം, 2026 ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള മൂന്ന് മാസത്തിനിടെ രാജ്യത്തെ വിപണി വാടകയിൽ 0.9 ശതമാനം വർധന മാത്രമാണ് ഉണ്ടായത്. 2020-ലെ കോവിഡ് കാലത്തിനുശേഷം മൂന്നാം പാദത്തിൽ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വർധനയാണിത്.സെപ്റ്റംബർ വരെയുള്ള ഒരു വർഷത്തിനിടെ പുതിയതായി വാടകയ്ക്ക് നൽകുന്ന വീടുകളുടെ നിരക്കിൽ 7.3 ശതമാനം വർധനയുണ്ടായി. ജൂൺ വരെയുള്ള വാർഷിക വർധനയായ 7.7 ശതമാനത്തിൽനിന്ന് നേരിയ കുറവാണിത്.
രാജ്യത്തെ ശരാശരി പ്രതിമാസ വിപണി വാടക 2,239 യൂറോയായി ഉയർന്നിട്ടുണ്ട്. കോവിഡ് കാലത്തിന് മുമ്പുള്ള നിരക്കുകളെ അപേക്ഷിച്ച് വാടക ഇപ്പോൾ 43 ശതമാനം കൂടുതലാണ്.വാടകയ്ക്ക് ലഭ്യമായ വീടുകളുടെ എണ്ണത്തിലും നേരിയ പുരോഗതിയുണ്ട്. നവംബർ ഒന്നിന് രാജ്യത്തുടനീളം ഏകദേശം 2,800 വീടുകളാണ് വാടകയ്ക്ക് ലഭ്യമായിരുന്നത്. 2021-നുശേഷം നവംബർ മാസത്തിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന കണക്കാണിത്. എങ്കിലും കോവിഡ് കാലത്തിന് മുമ്പ് സാധാരണയായി ലഭ്യമായിരുന്ന 4,400 വീടുകളുമായി താരതമ്യം ചെയ്യുമ്പോൾ നിലവിലെ ലഭ്യത വളരെ കുറവാണ്.
ആദ്യമായി വീട് വാങ്ങുന്നവരുടെ മോർട്ട്ഗേജ് ഇടപാടുകൾ വർധിക്കുന്നതും വാടക വർധനയുടെ വേഗത കുറയുന്നതും ഭവനവിപണിയിലെ ശ്രദ്ധേയമായ സൂചനകളാണ്. എന്നാൽ വീടുകളുടെ വിലയും വാടകയും ഉയർന്ന നിലയിൽ തുടരുന്നതിനാൽ സാധാരണ വരുമാനക്കാരെ സംബന്ധിച്ചിടത്തോളം സ്വന്തമായി ഒരു വീട് എന്ന ലക്ഷ്യം ഇപ്പോഴും വലിയ സാമ്പത്തിക വെല്ലുവിളിയായി തുടരുകയാണ്.
For more news please join our whatsapp group
https://chat.whatsapp.com/EYff5ESLNtXIDOjtNZ27LS?s=cl&p=a&mlu=4&ilr=4

Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments