BREAKING NEWSഅമേരിക്കയിലെ എല്ലാ വിമാനത്താവളങ്ങളിലും എല്ലാ വിമാനങ്ങളും സർവീസ് നിർത്തിവച്ചു

By Rose Malayalam Desk

അമേരിക്കയിലുടനീളമുള്ള വിമാനത്താവളങ്ങളിൽ നിന്ന് വിമാനങ്ങൾ സർവീസ് നടത്തുന്നത് നിർത്തിവെച്ച് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (FAA). രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും ബാധകമായ രീതിയിൽ അടിയന്തര ഗ്രൗണ്ട് സ്റ്റോപ്പ് പ്രഖ്യാപിച്ചതോടെ വ്യോമഗതാഗത മേഖലയിൽ വൻ പ്രതിസന്ധി ഉടലെടുത്തു.

വെള്ളിയാഴ്ചയാണ് (നവംബർ 13) അസാധാരണ സാഹചര്യങ്ങളും യാത്രക്കാരുടെയും വിമാനങ്ങളുടെയും സുരക്ഷയും മുൻനിർത്തി FAA രാജ്യവ്യാപകമായി നിയന്ത്രണം ഏർപ്പെടുത്തിയത്. അടുത്ത അറിയിപ്പ് ഉണ്ടാകുന്നതുവരെ വിമാനങ്ങൾ നിലത്തുതന്നെ തുടരണമെന്നാണ് വിമാനക്കമ്പനികൾക്ക് നൽകിയിരിക്കുന്ന നിർദേശം.രാജ്യത്തെ വിവിധ എയർ ട്രാഫിക് കൺട്രോൾ സെന്ററുകളെ ബാധിച്ച ആശയവിനിമയ സംവിധാനത്തിലെ (Communication System) തകരാറാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് പ്രാഥമിക വിവരം.

രാജ്യത്തെ 22 പ്രാദേശിക എയർ ട്രാഫിക് കൺട്രോൾ സെന്ററുകളെയും പ്രശ്നം ബാധിച്ചതായി ഗതാഗത സെക്രട്ടറി സീൻ ഡഫി അറിയിച്ചു.സാങ്കേതിക വിദഗ്ധർ തകരാർ പരിഹരിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. അതേസമയം, ഇതിനകം ആകാശത്തുള്ള വിമാനങ്ങളോട് അടിയന്തരമായി നിലത്തിറങ്ങാൻ നിർദേശിച്ചിട്ടില്ല. അന്താരാഷ്ട്ര വിമാനങ്ങളുടെ വരവ് ഓരോ സാഹചര്യവും പരിശോധിച്ചായിരിക്കും നിയന്ത്രിക്കുക.സംഭവത്തിന് പിന്നിൽ അട്ടിമറിയോ സൈബർ ആക്രമണമോ നടന്നതായി നിലവിൽ സൂചനകളില്ലെന്ന് ആഭ്യന്തര സുരക്ഷാ സെക്രട്ടറി മാർക്ക്വെയ്ൻ മുള്ളൻ അറിയിച്ചു.

അമേരിക്കയിൽ അപൂർവമായി മാത്രം പ്രഖ്യാപിക്കാറുള്ള രാജ്യവ്യാപക വിമാന നിയന്ത്രണമാണിത്. വിമാന സർവീസുകൾ എപ്പോൾ പുനരാരംഭിക്കാനാകുമെന്ന കാര്യത്തിൽ അധികൃതർ ഇതുവരെ വ്യക്തമായ സമയപരിധി നൽകിയിട്ടില്ല.അമേരിക്കയിലേക്ക് യാത്ര ചെയ്യാനിരിക്കുന്നവരും രാജ്യത്തിനുള്ളിൽ കണക്ഷൻ വിമാനങ്ങൾ ഉൾപ്പെടെ ബുക്ക് ചെയ്തവരും വിമാനക്കമ്പനികളുടെ അറിയിപ്പുകൾ നിരന്തരം പരിശോധിക്കണമെന്ന് നിർദേശമുണ്ട്.

For more news please join our whatsapp group

https://chat.whatsapp.com/EYff5ESLNtXIDOjtNZ27LS?s=cl&p=a&mlu=4&ilr=4

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments