വിദേശത്ത് വിവാഹമോചനം നേടിയാലും ഇന്ത്യയിൽ നിയമസാധുത ഉറപ്പില്ലെന്ന സുപ്രീംകോടതി വിധി അയർലണ്ടിലെ വിവാഹമോചന കേസുകളിലും നിർണായകമാകുമോ എന്ന് ആശങ്ക. അയർലൻഡ് ഉൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങളിലും യുകെ,അമേരിക്ക, ഓസ്ട്രേലിയ, ന്യൂസിലൻഡ്, കാനഡ തുടങ്ങിയ രാജ്യങ്ങളിലും പൗരത്വം നേടിയ നിരവധി ഇന്ത്യക്കാർ അതാത് രാജ്യങ്ങളിൽ വിവാഹമോചനം നേടി കഴിയുന്നുണ്ട്. അത്തരക്കാരെ ആശങ്കയിൽ ആക്കുന്ന വിധിയാണ് സുപ്രീംകോടതി നടത്തിയിരിക്കുന്നത്.
മതാചാരപ്രകാരം ഇന്ത്യയിൽ വിവാഹം കഴിച്ചവർക്ക് വിദേശ വിവാഹമോചന വിധി ഇന്ത്യയിൽ അംഗീകരിക്കപ്പെടാൻ ഇന്ത്യൻ നിയമത്തിലെ വ്യവസ്ഥകളും പാലിക്കണംഇന്ത്യയിൽ ഹിന്ദു, ക്രിസ്ത്യൻ, മുസ്ലിം മതാചാരപ്രകാരം വിവാഹം കഴിച്ചവർ വിദേശരാജ്യങ്ങളിൽ വിവാഹമോചനം നേടിയാൽ ആ വിധിക്ക് ഇന്ത്യയിൽ സ്വമേധയാ നിയമസാധുത ലഭിക്കില്ല. വിദേശ കോടതി അനുവദിച്ച വിവാഹമോചന വിധി ഇന്ത്യയിൽ അംഗീകരിക്കപ്പെടുന്നതിന് ഇന്ത്യൻ നിയമത്തിലെ വ്യവസ്ഥകൾ കൂടി പാലിക്കണമെന്ന സുപ്രധാന നിയമതത്വമാണ് സുപ്രീംകോടതി വീണ്ടും വ്യക്തമാക്കിയിരിക്കുന്നത്.
നവംബർ 3-ന് പുറപ്പെടുവിച്ച വിധിയിൽ, ഇന്ത്യൻ ഹിന്ദു വിവാഹനിയമപ്രകാരം അംഗീകരിക്കാത്ത കാരണത്തിന്റെ അടിസ്ഥാനത്തിൽ യുകെ കോടതി അനുവദിച്ച വിവാഹമോചനം ഇന്ത്യയിൽ അംഗീകരിക്കാനാവില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. വിദേശ പൗരത്വം നേടിയതുകൊണ്ടോ വിദേശത്ത് രണ്ടാം വിവാഹം കഴിച്ചതുകൊണ്ടോ ഇന്ത്യയിലെ ആദ്യ വിവാഹത്തിന്റെ നിയമപരമായ ബാധ്യതകൾ ഒഴിവാക്കാനാവില്ലെന്നും കോടതി നിരീക്ഷിച്ചു.വിദേശ കോടതി വിധികൾ ഇന്ത്യയിൽ അംഗീകരിക്കപ്പെടുന്നതിന് സിവിൽ പ്രൊസീജ്യർ കോഡിലെ സെക്ഷൻ 13 പ്രകാരമുള്ള വ്യവസ്ഥകൾ പാലിക്കേണ്ടതുണ്ട്. വിവാഹത്തിന് ബാധകമായ വ്യക്തിനിയമം, വിദേശ കോടതിയുടെ അധികാരപരിധി, വിവാഹമോചനത്തിന് സ്വീകരിച്ച നിയമപരമായ കാരണം, കോടതി നടപടികളിൽ ഇരുകക്ഷികളുടെയും പങ്കാളിത്തം തുടങ്ങിയവയാണ് പ്രധാനമായും പരിശോധിക്കുക.
അയർലണ്ടിലെ മലയാളികൾക്കും ബാധകമാകുമോ?
ഇന്ത്യയിൽ വിവാഹം കഴിച്ച് പിന്നീട് അയർലണ്ടിലേക്ക് താമസം മാറിയ നിരവധി മലയാളികൾക്ക് ഈ വിധി ഏറെ പ്രാധാന്യമുള്ളതാണ്. അയർലണ്ടിൽ നിലവിലുള്ള നിയമപ്രകാരം ദമ്പതികൾ കുറഞ്ഞത് രണ്ട് വർഷമെങ്കിലും വേർപിരിഞ്ഞ് താമസിച്ചിരിക്കണം. വിവാഹബന്ധം പുനഃസ്ഥാപിക്കാനുള്ള ന്യായമായ സാധ്യതയില്ലെന്ന് കോടതിക്ക് ബോധ്യപ്പെട്ടാൽ വിവാഹമോചനം അനുവദിക്കാം.എന്നാൽ അയർലണ്ടിൽ വിവാഹമോചനം നേടിയതുകൊണ്ടുമാത്രം ഇന്ത്യയിലെ വിവാഹബന്ധം എല്ലാ സാഹചര്യങ്ങളിലും അവസാനിച്ചതായി കണക്കാക്കാനാവില്ല. ഇന്ത്യയിൽ വിവാഹം ഏത് നിയമപ്രകാരമാണ് നടന്നത്, വിവാഹമോചനത്തിന് സ്വീകരിച്ച കാരണം, വിദേശ കോടതിയുടെ അധികാരപരിധി തുടങ്ങിയ കാര്യങ്ങൾ പരിശോധിച്ചായിരിക്കും ഇന്ത്യയിൽ ആ വിധിക്ക് അംഗീകാരം ലഭിക്കുക.ഹിന്ദു, ക്രിസ്ത്യൻ, മുസ്ലിം വിവാഹങ്ങൾഹിന്ദു വിവാഹങ്ങൾക്ക് Hindu Marriage Act, 1955, ക്രിസ്ത്യൻ വിവാഹങ്ങൾക്ക് Indian Divorce Act, 1869, മുസ്ലിം വിവാഹങ്ങൾക്ക് ബന്ധപ്പെട്ട വ്യക്തിനിയമങ്ങളും Dissolution of Muslim Marriages Act, 1939 ഉൾപ്പെടെയുള്ള നിയമങ്ങളുമാണ് പ്രസക്തം. അതിനാൽ എല്ലാ മതവിഭാഗങ്ങളുടെയും വിവാഹമോചന കേസുകൾക്ക് ഒരേ നിയമവ്യവസ്ഥയല്ല ബാധകമാകുന്നത്.
അയർലണ്ടിൽ വിവാഹമോചനം നേടിയ ഇന്ത്യക്കാർക്ക് അതിന്റെ ഇന്ത്യയിലെ നിയമപരമായ അംഗീകാരം പ്രത്യേകം പരിശോധിക്കേണ്ടിവരും. വിദേശ വിവാഹമോചന വിധി ഇന്ത്യയിൽ അംഗീകരിക്കപ്പെടുമെന്ന ഉറപ്പില്ലാത്തതിനാൽ, രണ്ടാം വിവാഹം, സ്വത്തിന്മേലുള്ള അവകാശം ഉൾപ്പെടെയുള്ള പ്രധാന തീരുമാനങ്ങൾക്ക് മുമ്പ് ഇന്ത്യൻ കുടുംബനിയമത്തിൽ വിദഗ്ധനായ അഭിഭാഷകന്റെ നിയമോപദേശം തേടുന്നത് നിർണായകമാണ്.
For more news please join our whatsapp group
https://chat.whatsapp.com/EYff5ESLNtXIDOjtNZ27LS?s=cl&p=a&mlu=4&ilr=4

Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments