2029 മുതൽ ടാക്സി വാഹനങ്ങൾ മാറ്റുമ്പോൾ സീറോ എമിഷൻ ഉള്ള വാഹനങ്ങൾ നിർബന്ധമാക്കാനുള്ള നിർദേശവുമായി നാഷണൽ ട്രാൻസ്പോർട്ട് അതോറിറ്റി രംഗത്ത്.പഴയ ലൈസൻസുകൾക്കും പുതിയ നിബന്ധനകൾ ബാധകമാക്കാനാണ് നീക്കം. ഇത് കൂടാതെ ടാക്സി നിരക്കുകളും ബുക്കിങ് സംവിധാനങ്ങളും പരസ്യചട്ടങ്ങളും പരിഷ്കരിക്കാൻ മൂന്ന് പൊതുജനങ്ങളിൽ നിന്ന് നാഷണൽ ട്രാൻസ്പോർട്ട് അതോറിറ്റി അഭിപ്രായം ശേഖരണം നടത്തുന്നു.അയർലണ്ടിലെ ടാക്സി മേഖലയെ അടിമുടി മാറ്റാൻ ലക്ഷ്യമിട്ടാണ് പുതിയ പരിഷ്കാര നിർദേശങ്ങളുമായി നാഷണൽ ട്രാൻസ്പോർട്ട് അതോറിറ്റി (NTA) എത്തിയിട്ടുള്ളത്.
ടാക്സി വാഹനങ്ങൾ മാറുമ്പോൾ , ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള പരിവർത്തനം ആണ് മുഖ്യ മാറ്റം. അത് കൂടാതെ ഓൺലൈൻ ബുക്കിങ് പ്ലാറ്റ്ഫോമുകളുടെ പ്രവർത്തനം, നിരക്കുകളിലെ സുതാര്യത, വാഹനങ്ങളിലെ പരസ്യ-അടയാള സംവിധാനങ്ങൾ എന്നിവ ഉൾപ്പെടുന്ന മൂന്ന് വ്യത്യസ്ത കാര്യങ്ങളിൽ ആണ് പൊതുജനാഭിപ്രായ ശേഖരണം ആരംഭിച്ചിരിക്കുന്നത്.
നിർദേശങ്ങളിൽ ഏറ്റവും ശ്രദ്ധേയമായത് പഴയ ടാക്സി ലൈസൻസുകൾക്ക് ബാധകമാകാനിടയുള്ള പുതിയ വാഹന നിബന്ധനകളാണ്. 2010-ന് മുമ്പ് അനുവദിച്ച സലൂൺ ടാക്സി, ഹാക്ക്നി ലൈസൻസുകൾ ഉപയോഗിക്കുന്ന വാഹനങ്ങൾ മാറ്റിസ്ഥാപിക്കുമ്പോൾ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാണ് ആലോചന.നിർദേശങ്ങൾ പ്രകാരം, 2028 ജനുവരി ഒന്നുമുതൽ ഇത്തരം ലൈസൻസുകളിൽ നിലവിലെ വാഹനം മാറ്റി പകരം സീറോ എമിഷൻ വാഹനം അല്ലാത്ത മറ്റൊരു വാഹനം ഉപയോഗിക്കുകയാണെങ്കിൽ, പുതിയ ലൈസൻസിന്റെ കാലാവധി നിലവിലുള്ള പത്ത് വർഷത്തിൽനിന്ന് ഏഴ് വർഷമായി കുറയ്ക്കാനും വാഹനമാറ്റത്തിനുള്ള ഫീസ് 150 യൂറോയിൽനിന്ന് 1,000 യൂറോയായി ഉയർത്താനും സാധ്യതയുണ്ട്.
2029 ജനുവരി ഒന്നുമുതൽ വാഹനം മാറ്റിസ്ഥാപിക്കുന്ന സാഹചര്യത്തിൽ സീറോ എമിഷൻ വാഹനങ്ങൾ മാത്രമേ അനുവദിക്കാവൂ എന്നതാണ് മറ്റൊരു പ്രധാന നിർദേശം. ഇതനുസരിച്ച് സാധാരണ പെട്രോൾ, ഡീസൽ, ഹൈബ്രിഡ്, പ്ലഗ്-ഇൻ ഹൈബ്രിഡ് വാഹനങ്ങൾ ഉപയോഗിച്ച് പഴയ ടാക്സി മാറ്റിസ്ഥാപിക്കാൻ കഴിയില്ല.
Uber, FREENOW, Bolt തുടങ്ങിയ ഓൺലൈൻ ടാക്സി ബുക്കിങ് പ്ലാറ്റ്ഫോമുകളുടെ പ്രവർത്തനവും NTAയുടെ പരിശോധനയിലാണ്.ഇത്തരം ആപ്പുകൾ യാത്രക്കാരെയും ടാക്സി ഡ്രൈവർമാരെയും ചൂഷണം ചെയ്യുകയാണെന്ന് വ്യാപകമായി പരാതി ഉയർന്നിരുന്നു.യാത്രാനിരക്കുകൾ, ബുക്കിങ് ഫീസ്, ടെക്നോളജി ചാർജുകൾ, മുൻഗണനാ സേവനങ്ങൾക്കുള്ള അധിക നിരക്കുകൾ എന്നിവയിലെ സുതാര്യത ഉറപ്പാക്കുന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം.യാത്രക്കാരിൽനിന്ന് ഈടാക്കുന്ന നിരക്കുകൾ എങ്ങനെ നിശ്ചയിക്കുന്നു, യാത്രക്കാരിൽ നിന്ന് എത്ര തുക ഈടാക്കുന്നു, ഡ്രൈവർമാർക്ക് ലഭിക്കുന്ന തുക എത്രയാണ്, പരാതികൾ എങ്ങനെ കൈകാര്യം ചെയ്യുന്നു തുടങ്ങിയ കാര്യങ്ങളിൽ കൂടുതൽ വ്യക്തത വേണമെന്ന നിർദേശങ്ങളും പരിഗണനയിലുണ്ട്. ബുക്കിങ് സേവനദാതാക്കൾ NTAയ്ക്ക് കൂടുതൽ വിവരങ്ങൾ നൽകേണ്ടിവരുന്ന രീതിയിലുള്ള നിയന്ത്രണങ്ങളും ചർച്ചയിലുണ്ട്.
ടാക്സി വാഹനങ്ങളിൽ പ്രദർശിപ്പിക്കേണ്ട ലൈസൻസ് നമ്പർ, തിരിച്ചറിയൽ അടയാളങ്ങൾ, പരസ്യങ്ങൾ എന്നിവ സംബന്ധിച്ച ചട്ടങ്ങളിലും മാറ്റങ്ങൾ നിർദേശിച്ചിട്ടുണ്ട്. യാത്രക്കാർക്ക് ലൈസൻസുള്ള ടാക്സികളെ എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയുന്ന രീതിയിൽ സംവിധാനങ്ങൾ പരിഷ്കരിക്കാനാണ് ലക്ഷ്യം.
ഡ്രൈവർമാരുടെ അഭിപ്രായം നിർണായകം
അയർലണ്ടിൽ 17,500-ലധികം ലൈസൻസുള്ള ടാക്സികൾ പ്രവർത്തിക്കുന്നുണ്ടെന്നാണ് കണക്ക്. മുൻപ് നടത്തിയ പൊതുജനാഭിപ്രായ ശേഖരണത്തിൽ 500-ൽ അധികം പ്രതികരണങ്ങൾ മാത്രമാണ് ലഭിച്ചത്. പുതിയ നിർദേശങ്ങൾ ടാക്സി മേഖലയിലെ ആയിരക്കണക്കിന് ഡ്രൈവർമാരെ നേരിട്ട് ബാധിക്കാനിടയുള്ളതിനാൽ കൂടുതൽ പേർ അഭിപ്രായങ്ങൾ അറിയിക്കണമെന്ന് NTA ആവശ്യപ്പെടുന്നു.
വാഹനങ്ങളുടെ പരിവർത്തനവും ടാക്സി സൈൻസുമായും ബന്ധപ്പെട്ട അഭിപ്രായങ്ങൾ സമർപ്പിക്കാനുള്ള അവസാന തീയതി ഡിസംബർ 4 ആണ്. ബുക്കിങ് പ്ലാറ്റ്ഫോമുകളെക്കുറിച്ചുള്ള അഭിപ്രായങ്ങൾ ഡിസംബർ 18 വരെ സമർപ്പിക്കാം.അതേസമയം, ഇവയെല്ലാം നിലവിൽ പൊതുജനാഭിപ്രായത്തിനായി മുന്നോട്ടുവച്ച നിർദേശങ്ങൾ മാത്രമാണ്. അന്തിമ തീരുമാനങ്ങളോ പ്രാബല്യത്തിൽ വന്ന നിയമങ്ങളോ അല്ല. ഡ്രൈവർമാരുടെയും മറ്റ് ബന്ധപ്പെട്ടവരുടെയും അഭിപ്രായങ്ങൾ പരിഗണിച്ച ശേഷമായിരിക്കും തുടർനടപടികൾ തീരുമാനിക്കുക.
അയർലണ്ടിലെ ടാക്സി മേഖലയെ കൂടുതൽ പരിസ്ഥിതി സൗഹൃദവും സുതാര്യവുമാക്കാനുള്ള നീക്കമായി ഈ നിർദേശങ്ങൾ വിലയിരുത്തപ്പെടുമ്പോൾ, പുതിയ നിബന്ധനകൾ ഡ്രൈവർമാരുടെ സാമ്പത്തിക ബാധ്യതയെയും വാഹനമാറ്റ തീരുമാനങ്ങളെയും എത്രത്തോളം ബാധിക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്.
For more news please join our whatsapp group
https://chat.whatsapp.com/EYff5ESLNtXIDOjtNZ27LS?s=cl&p=a&mlu=4&ilr=4

Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments