ജോയിനിങ് ഡേറ്റും നിശ്ചയിച്ചു; നിലവിലെ ജോലിയും രാജിവച്ചു, വാടകവീടുമെടുത്തു; ഒടുവിൽ കൈമലർത്തി HSE – നിരാശയിൽ നഴ്‌സുമാർ

By Rose Malayalam Desk

അയർലൻഡിൽ ജോലി ലഭിച്ച സന്തോഷത്തിൽ പുതിയ ജീവിതം തുടങ്ങാൻ തയ്യാറെടുത്ത നഴ്‌സുമാർക്ക് അപ്രതീക്ഷിത തിരിച്ചടി. ജോലി ഉറപ്പായെന്ന് കരുതി നിലവിലെ ജോലി രാജിവയ്ക്കുകയും താമസത്തിനായി വാടകവീടുകൾ കണ്ടെത്തുകയും ജോലിയിൽ പ്രവേശിക്കാനുള്ള തീയതി വരെ നിശ്ചയിക്കുകയും ചെയ്ത നഴ്‌സുമാരോടാണ് ഒടുവിൽ HSE കൈമലർത്തിയിരിക്കുന്നത്.മായോയിലെ ആശുപത്രിയിൽ (Mayo University Hospital) നിയമനത്തിനായി തിരഞ്ഞെടുക്കപ്പെട്ട നഴ്‌സുമാരെയാണ് HSE പ്രതിസന്ധിയിലാക്കിയത്.

നിയമന നടപടികൾ പൂർത്തിയാക്കി ജോലിയിൽ പ്രവേശിക്കാനുള്ള തയ്യാറെടുപ്പുകൾ നടത്തുന്നതിനിടെയാണ് ആരോഗ്യവകുപ്പിന്റെ അനുമതി ലഭിക്കാത്തതിനെ തുടർന്ന് നിയമന നടപടികൾ താൽക്കാലികമായി നിർത്തിവച്ചത്.ജോലി ലഭിക്കുമെന്ന ഉറച്ച പ്രതീക്ഷയിൽ പലരും നിലവിൽ ചെയ്തിരുന്ന ജോലികൾ രാജിവച്ചിരുന്നു. മായോയിലെ കാസിൽബാറിൽ താമസിക്കാൻ ചിലർ വാടകവീടുകളും കണ്ടെത്തി. ഒരു വർഷത്തെ വാടകക്കരാറിൽ ഒപ്പിട്ടവരുമുണ്ട്. ജോലിയിൽ പ്രവേശിക്കേണ്ട തീയതി ഉൾപ്പെടെയുള്ള വിവരങ്ങൾ ലഭിച്ചതിനാൽ പുതിയ ജീവിതത്തിലേക്കുള്ള ഒരുക്കങ്ങളും ഇവർ ആരംഭിച്ചിരുന്നു.എന്നാൽ അവസാന നിമിഷം നിയമനം അനിശ്ചിതത്വത്തിലായതോടെ ഇവർ വലിയ പ്രതിസന്ധിയിലായി.

നിലവിലെ ജോലി നഷ്ടപ്പെട്ടതും പുതിയ ജോലി ലഭിക്കാത്തതും ഒരേസമയം നേരിടേണ്ടിവരുന്ന സാഹചര്യമാണ് പലർക്കുമുള്ളത്.ആശുപത്രിയിൽ ജീവനക്കാരുടെ കുറവ് തുടരുമ്പോഴും നിയമനം തടസ്സത്തിൽ ആകുന്നത് ജോലി ലഭിച്ച നേഴ്സുമാരെയും ആശുപത്രിയിലെ രോഗികളെയും ഒരുപോലെ ബാധിക്കുന്നുണ്ട്.ആശുപത്രിയിൽ നിരവധി തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നതായാണ് റിപ്പോർട്ട്. ആകെ 85 ഒഴിവുകളുള്ളതിൽ 50 എണ്ണം നഴ്‌സുമാരുടെയും മിഡ്‌വൈഫുമാരുടെയും തസ്തികകളാണ്. ജീവനക്കാരുടെ കുറവ് ആരോഗ്യരംഗത്തെ പ്രവർത്തനങ്ങളെ ബാധിക്കുന്ന സാഹചര്യത്തിലാണ് പുതിയ നിയമനങ്ങൾ തടസ്സപ്പെട്ടിരിക്കുന്നത്.

യുവ നഴ്‌സുമാർക്ക് ജോലി വാഗ്ദാനം നൽകിയശേഷം അവസാന നിമിഷം നിയമനം തടയുന്നത് കടുത്ത വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്.അതേസമയം, West and North West മേഖലയിലെ 307 ബിരുദധാരികളായ നഴ്‌സുമാർക്കും മിഡ്‌വൈഫുമാർക്കും ജോലി വാഗ്ദാനം നൽകിയതായി ആരോഗ്യവകുപ്പ് അറിയിച്ചു. ഇതിൽ 224 പേർക്ക് ഔദ്യോഗിക ഓഫറുകൾ ലഭിക്കുകയും 186 പേർ അത് സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. നിയമന നടപടികൾ തുടരുകയാണെന്നും ഓരോ തസ്തികയിലെയും കരാറും ജോലിയിൽ പ്രവേശിക്കുന്ന തീയതിയും തീരുമാനിക്കേണ്ടത് HSE ആണെന്നുമാണ് വകുപ്പിന്റെ വിശദീകരണം.

ജോലി ഉറപ്പായെന്ന വിശ്വാസത്തിൽ ജീവിതത്തിലെ നിർണായക തീരുമാനങ്ങൾ എടുത്ത നഴ്‌സുമാർക്ക് ഇപ്പോൾ മുന്നിലുള്ളത് വലിയ അനിശ്ചിതത്വമാണ്. ആരോഗ്യരംഗത്ത് ജീവനക്കാരുടെ കുറവ് പരിഹരിക്കണമെന്ന് ആവർത്തിക്കുന്നതിനിടെ, ജോലി പ്രതീക്ഷിച്ച് കാത്തിരുന്ന നഴ്‌സുമാർക്ക് തന്നെ നിയമനം ലഭിക്കാത്ത സാഹചര്യം അയർലൻഡിലെ ആരോഗ്യവകുപ്പിന്റെ നിയമന നടപടികളെക്കുറിച്ച് വീണ്ടും ചോദ്യങ്ങളുയർത്തുകയാണ്.

For more news please join our whatsapp group

https://chat.whatsapp.com/EYff5ESLNtXIDOjtNZ27LS?s=cl&p=a&mlu=4&ilr=4

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments