അയർലൻഡിലെ ആരോഗ്യരംഗത്തും രാഷ്ട്രീയത്തിലും പുതിയ വിവാദത്തിന് തിരികൊളുത്തി കോർക്ക് യൂണിവേഴ്സിറ്റി ആശുപത്രിയിലെ (Cork University Hospital) രഹസ്യ ഓഡിയോ റെക്കോർഡിങ് പുറത്തുവന്നു.ആശുപത്രിയിലെ ജീവനക്കാരുടെ കുറവും രോഗികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട ആശങ്കകളും ചർച്ച ചെയ്ത യോഗത്തിൽ ഡോക്ടർ നടത്തിയ ‘ഇങ്ങനെ പോയാൽ ആളുകൾ മരിക്കും’ എന്ന മുന്നറിയിപ്പാണ് പുറത്തുവന്ന റെക്കോർഡിങ്ങിലൂടെ വിവാദമായിരിക്കുന്നത്. ജീവനക്കാരുടെ കുറവു മൂലം ആയിരക്കണക്കിന് മലയാളി നേഴ്സുമാർ ഉൾപ്പെടെയുള്ള ആരോഗ്യമേഖലയിലെ പ്രവർത്തകർ സമ്മർദ്ദത്തിൽ ആയിരിക്കുന്ന അവസ്ഥയിലാണ് ഓഡിയോ പുറത്ത് വന്നിട്ടുള്ളത്.
രഹസ്യമായി റെക്കോർഡ് ചെയ്ത യോഗത്തിന്റെ ഓഡിയോ പുറത്തുവിട്ടത് ‘ദി ഐറിഷ് ടൈംസ്’ എന്ന പ്രമുഖ മാധ്യമാണ്. കഴിഞ്ഞ ഓഗസ്റ്റ് 20-ന് കോർക്ക് യൂണിവേഴ്സിറ്റി ആശുപത്രിയിൽ നടന്ന മൂന്ന് മണിക്കൂറിലധികം നീണ്ട ഉന്നതതല യോഗത്തിന്റെ രഹസ്യ ഓഡിയോ റെക്കോർഡിങ്ങാണ് വിവാദത്തിന് ആധാരം. ആശുപത്രി മാനേജ്മെന്റ്, ഡോക്ടർമാർ, HSE സൗത്ത് വെസ്റ്റ് റീജിയണൽ എക്സിക്യൂട്ടീവ് ഓഫീസർ ആൻഡി ഫിലിപ്സ് എന്നിവരടക്കം 15-ലധികം പേർ പങ്കെടുത്ത യോഗത്തിന്റെ ശബ്ദരേഖയാണ് അയർലൻഡിലെ പ്രമുഖ മാധ്യമമായ ദി ഐറിഷ് ടൈംസ് പുറത്തുവിട്ടത്.ആരാണ് യോഗം റെക്കോർഡ് ചെയ്തതെന്ന് പത്രത്തിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടില്ല. എന്നാൽ റെക്കോർഡിങ് നടക്കുന്നതായി ആൻഡി ഫിലിപ്സിന് അറിവുണ്ടായിരുന്നില്ലെന്നാണ് റിപ്പോർട്ട്. യോഗത്തിനിടെ അദ്ദേഹം പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നും ആരോഗ്യമന്ത്രിയുടെ ഓഫീസിൽ നിന്നും നിർദേശം ലഭിച്ചിരുന്നുവെന്ന് പറയുന്നതും ഡോക്ടർമാർ ‘ഇങ്ങനെ പോയാൽ ആളുകൾ മരിക്കും’ എന്ന് മുന്നറിയിപ്പ് നൽകുന്നതും ഓഡിയോയിൽ കേൾക്കാം.
ആശുപത്രിയിൽ ആവശ്യത്തിന് ജീവനക്കാരില്ലാത്തത് രോഗികൾക്ക് സമയബന്ധിതമായി ചികിത്സ നൽകുന്നതിന് തടസ്സമാകുന്നുവെന്ന് കോർക്കിലെ ആശുപത്രി അധികൃതർ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ആശുപത്രി CEO ജെന്നിഫർ കിയേർണി ഓഗസ്റ്റിൽ HSE അധികൃതർക്ക് അയച്ച കത്തിൽ ആയിരത്തോളം ജീവനക്കാരുടെ കുറവുണ്ടെന്നും നിലവിലെ സാഹചര്യം ശൈത്യകാലത്തേക്ക് കടക്കുമ്പോൾ താങ്ങാനാവാത്തതാകുമെന്നും ചൂണ്ടിക്കാട്ടിയിരുന്നു.ഇതിനു പിന്നാലെ ഓഗസ്റ്റ് 20-ന് ആശുപത്രി അധികൃതരും HSE സൗത്ത് വെസ്റ്റ് റീജിയണൽ എക്സിക്യൂട്ടീവ് ഓഫീസർ ആൻഡി ഫിലിപ്സും തമ്മിൽ മൂന്ന് മണിക്കൂറിലധികം നീണ്ട യോഗം നടന്നു. ഈ യോഗത്തിലാണ് ജീവനക്കാരുടെ കുറവും സാമ്പത്തിക നിയന്ത്രണങ്ങളും രോഗികളുടെ സുരക്ഷയെ ബാധിക്കുന്നുവെന്ന് ഡോക്ടർമാർ ശക്തമായി ഉന്നയിച്ചത്.
സാമ്പത്തിക നിയന്ത്രണങ്ങൾ കാരണം ആശുപത്രിയിൽ അടിയന്തര ചികിത്സ പോലും സമയബന്ധിതമായി നൽകാൻ കഴിയാത്ത സാഹചര്യമാണെന്നും ഇത് തുടർന്നാൽ ആളുകൾ മരിക്കുമെന്നും ഒരു ഡോക്ടർ യോഗത്തിൽ മുന്നറിയിപ്പ് നൽകി. മറ്റൊരു ഡോക്ടർ ആശുപത്രി ഗുരുതരമായ പ്രതിസന്ധിയിലാണെന്നും അഭിപ്രായപ്പെട്ടു.അതേസമയം, ആശുപത്രി CEO-യുമായി ചില പ്രത്യേക കാര്യങ്ങൾ സംസാരിക്കാൻ പ്രധാനമന്ത്രി മൈക്കൽ മാർട്ടിന്റെയും ആരോഗ്യമന്ത്രിയുടെയും ഓഫീസുകളിൽ നിന്ന് തനിക്ക് നിർദേശം ലഭിച്ചിരുന്നുവെന്ന് HSE ഉന്നത ഉദ്യോഗസ്ഥൻ ആൻഡി ഫിലിപ്സ് യോഗത്തിൽ പറഞ്ഞതായും ഓഡിയോയിൽ വ്യക്തമാണ്.ആശുപത്രിയിലെ ജീവനക്കാരുടെ കുറവ് സംബന്ധിച്ച കത്ത് മാധ്യമങ്ങളിലെത്തിയതിനു പിന്നാലെയായിരുന്നു ഈ യോഗം.
മാധ്യമങ്ങളിലൂടെ കാര്യങ്ങൾ പുറത്തുവിടുന്നതിനെതിരെ ഫിലിപ്സ് അതൃപ്തി പ്രകടിപ്പിക്കുകയും CEO-യോട് പെർഫോമൻസ് മാനേജ്മെന്റ് നടപടികൾ സ്വീകരിക്കേണ്ടിവരുമെന്ന സൂചന നൽകുകയും ചെയ്തിരുന്നു.എന്നാൽ, പ്രധാനമന്ത്രി മൈക്കൽ മാർട്ടിൻ Dáil Éireann-ൽ നടത്തിയ പ്രസ്താവനയിൽ തന്റെ ഓഫീസിൽ നിന്ന് അത്തരമൊരു നിർദേശം നൽകിയിട്ടില്ലെന്ന് ശക്തമായി വ്യക്തമാക്കി. യോഗത്തെക്കുറിച്ച് പുറത്തുവന്ന വിവരങ്ങൾ തെറ്റാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.പിന്നീട് യോഗത്തിന്റെ രഹസ്യ ഓഡിയോ പുറത്തുവന്നതോടെ വിവാദം കൂടുതൽ ശക്തമായി. തന്റെ പ്രസ്താവനയിൽ വസ്തുതകൾ കൃത്യമായി അവതരിപ്പിക്കുന്നതിൽ വീഴ്ച സംഭവിച്ചുവെന്ന് സമ്മതിച്ച ആൻഡി ഫിലിപ്സ്, പ്രധാനമന്ത്രിയിൽ നിന്നോ ആരോഗ്യമന്ത്രിയിൽ നിന്നോ തനിക്ക് നേരിട്ട് നിർദേശങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും അങ്ങനെ സൂചിപ്പിച്ചത് തെറ്റായിപ്പോയെന്നും വ്യക്തമാക്കി. സംഭവത്തിൽ അദ്ദേഹം നിരുപാധികം മാപ്പുപറയുകയും ചെയ്തു.
അതേസമയം, ആശുപത്രിയിലെ രോഗികളുടെ സുരക്ഷ സംബന്ധിച്ച ആശങ്കകൾ പരിശോധിക്കുന്നതിന്റെ ഭാഗമായി HSE ചീഫ് ക്ലിനിക്കൽ ഓഫീസറും ദേശീയ Patient Safety Office അധികൃതരും ആശുപത്രി സന്ദർശിച്ചിട്ടുണ്ട്. ആരോഗ്യസേവനങ്ങളുടെ നിയന്ത്രണ ഏജൻസിയായ HIQA കൂടുതൽ പരിശോധനയും നടത്തും.ആശുപത്രിയിലെ ജീവനക്കാരുടെ കുറവ് സംബന്ധിച്ച ആരോപണങ്ങൾ ആരോഗ്യവകുപ്പ് മന്ത്രി ജെന്നിഫർ കരോൾ മക്നീൽ തള്ളിയിട്ടുണ്ട്. ആശുപത്രിയിൽ ചികിത്സയുടെ നിലവാരം മികച്ചതാണെന്നും രോഗികളുടെ സുരക്ഷാ സൂചികകളിൽ അസാധാരണമായ പ്രശ്നങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്നുമാണ് അധികൃതരുടെ നിലപാട്.
രഹസ്യ ഓഡിയോ പുറത്തുവന്നതോടെ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഇടപെടൽ സംബന്ധിച്ച ചോദ്യങ്ങൾക്കൊപ്പം ആശുപത്രി CEO-യ്ക്ക് സമ്മർദമുണ്ടായോ എന്ന കാര്യത്തിലും രാഷ്ട്രീയ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഈ രാഷ്ട്രീയ വിവാദങ്ങൾക്കിടയിലും കോർക്കിലെ പ്രധാന ആശുപത്രിയിൽ ആവശ്യമായ ജീവനക്കാരെ ഉറപ്പാക്കുകയും രോഗികളുടെ സുരക്ഷ സംരക്ഷിക്കുകയും ചെയ്യണമെന്ന ആവശ്യം ശക്തമാകുകയാണ്.
For more news please join our whatsapp group
https://chat.whatsapp.com/EYff5ESLNtXIDOjtNZ27LS?s=cl&p=a&mlu=4&ilr=4

Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments