ഒരു വർഷം കൊണ്ട് ഏകദേശം 5 മില്യൻ യൂറോ ഫൈൻ നോട്ടീസ് കൊടുത്ത സ്റ്റാറ്റിക് സ്പീഡ് ക്യാമറ എവിടെ എന്ന് അറിഞ്ഞില്ലെങ്കിൽ ഏത് ഡ്രൈവർക്കും പണി കിട്ടും.നിയമാനുസൃതം ഉള്ള സ്പീഡിൽ ഓടിക്കുന്ന ഡ്രൈവർക്കു പോലും മുൻകൂട്ടി അറിഞ്ഞില്ലെങ്കിൽ ഫൈനും പെനാൽറ്റി പോയിന്റും ലഭിക്കുന്ന തരത്തിലാണ് ക്യാമറ സജ്ജീകരിച്ചിരിക്കുന്നത് എന്ന പരാതി വ്യാപകമായി ഉയർന്നു കഴിഞ്ഞിരിക്കുന്നു.
വാട്ടർഫോർഡിൽ നിന്ന് വെക്സ്ഫോർഡ് പോകുന്ന എൻ 25ലെ ഗ്ലെൻമോറിൽ സ്ഥാപിച്ചിരിക്കുന്ന ക്യാമറയാണ് വിവാദത്തിൽ ആയിരിക്കുന്നത്. നിയമാനുസൃത സ്പീഡായ നൂറു കിലോമീറ്റർ സോണിലൂടെ വാഹനം ഓടിച്ചു വരുന്ന ഒരു ഡ്രൈവർക്ക് എൺപത് കിലോമീറ്റർ റോഡ് സൈൻ കണ്ടു നൂറു കിലോമീറ്റർ സ്പീഡിൽ നിന്ന് എൺപത് കിലോമീറ്റർ സ്പീഡിലേക്ക് വേഗത കുറയ്ക്കാൻ മതിയായ സമയം ലഭിക്കുന്നതിനുമുമ്പ് ക്യാമറയുടെ മുന്നിൽ പെടുന്ന അവസ്ഥയിലാണ് ഇപ്പോൾ കാര്യങ്ങൾ ഉള്ളത്.
ഈ ക്യാമറയുടെ പൊസിഷനും ഈ ചതിക്കുഴിയെ കുറിച്ച് മുൻകൂട്ടി അറിയാവുന്നവർ മാത്രമാണ് ഇതിൽ നിന്ന് രക്ഷപ്പെട്ടു പോരുന്നത്.നൂറു കിലോമീറ്റർ സോണിൽ തന്നെ സ്പീഡ് കുറച്ച് എൺപത് കിലോമീറ്റർ സ്പീഡ് ആക്കിയാൽ മാത്രമാണ് പെനാൽറ്റി പോയിന്റും ഫൈനും ലഭിക്കാതിരിക്കൂ. ഈ കഥയറിയാതെ വരുന്നവർ കുടുങ്ങും എന്ന് ഉറപ്പാണ്. മൂന്നും നാലും തവണ ഫൈൻ കിട്ടിയ വരെ നിരവധി പേരുണ്ട്.
ഏപ്രിലിൽ ഡെയിലിൽ ഈ വിഷയം ഉന്നയിച്ച ലേബർ TD George Lawlor, ചില ഡ്രൈവർമാർക്ക് 100ൽ നിന്ന് 80ലേക്ക് കുറയ്ക്കാൻ 50–60 യാർഡ് മാത്രം ലഭിക്കുന്നതായി ചൂണ്ടിക്കാട്ടിയിരുന്നു. ഒരാഴ്ചയ്ക്കിടെ മൂന്ന് പിഴ നോട്ടീസുകൾ ലഭിച്ച് ഒമ്പത് പെനാൽറ്റി പോയിന്റ് നേരിട്ട ഒരാളുടെ കാര്യവും അദ്ദേഹം സഭയിൽ ഉന്നയിച്ചു. മൂന്നു നോട്ടീസും 9 പോയിന്റും ഒരുമിച്ച് ലഭിച്ചപ്പോൾ മാത്രമാണ് ഈ ക്യാമറയെക്കുറിച്ച് അയാൾ അറിഞ്ഞത്.
ഈയൊരു ക്യാമറയിൽ നിന്നും മാത്രം ഒരു വർഷം ഫൈൻ നോട്ടീസ് അയച്ചത് അഞ്ചു മില്യൻ യൂറോയ്ക്ക് അടുത്താണ്.2025 മേയ് മുതൽ 2026 ഏപ്രിൽ വരെയുള്ള ആദ്യ 12 മാസത്തിൽ ഗ്ലെൻമോർ ക്യാമറ 30,599 സ്പീഡിങ് ഡീറ്റെക്ഷൻസ് രേഖപ്പെടുത്തി. രാജ്യത്തെ മറ്റ് സ്റ്റാറ്റിക് ക്യാമറകളുമായി താരതമ്യം ചെയ്യുമ്പോൾ ഈ കണക്ക് വളരെ കൂടുതലാണ്. ഡിപ്പാർട്മെന്റ് ഓഫ് ജസ്റ്റിസിൽ നിന്നുള്ള കണക്കുകൾ പ്രകാരം ഈ ക്യാമറയുമായി ബന്ധപ്പെട്ട പിഴകളുടെ മൂല്യം 11 മാസത്തിനിടെ ഏകദേശം €4.9 മില്യൺ ആയിരുന്നു.
ലേബർ പാർട്ടി ടി ഡി George Lawlor പ്രശ്നം ഡെയിലിൽ ഉന്നയിച്ചതിന് പിന്നാലെ ജസ്റ്റിസ് മിനിസ്റ്റർ Jim O’Callaghan കണക്കുകൾ അസാധാരണമായി തോന്നുന്നുവെന്നും ഈ ക്യാമറയിൽ നിന്നുള്ള പിഴകളുടെ എണ്ണം എന്തുകൊണ്ട് ഇത്ര ഉയർന്നതാണെന്ന് ഉദ്യോഗസ്ഥരോട് പരിശോധിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും പറഞ്ഞു. ക്യാമറയുടെ സ്ഥാനം, വേഗപരിധി മാറുന്ന ഭാഗത്തോടുള്ള അടുപ്പം എന്നിവ കാരണമാകാമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. വിവാദത്തെ തുടർന്ന് കിൽക്കെന്നി കൗണ്ടി കൗൺസിൽ ക്യാമറയ്ക്ക് ഏകദേശം 400 മീറ്റർ മുമ്പായി അധിക മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചിട്ടുണ്ട്.
എന്നാൽ പുതിയ ബോർഡുകൾ സ്ഥാപിച്ചതിന് മുമ്പ് ലഭിച്ച പിഴകളും പെനാൽറ്റി പോയിന്റുകളും എന്തുചെയ്യണമെന്ന കാര്യത്തിൽ ഇപ്പോഴും തർക്കം തുടരുകയാണ്. ഇതിനിടെ, ക്യാമറയുമായി ബന്ധപ്പെട്ട നൂറുകണക്കിന് കേസുകൾ കോടതിയിലെത്തിയിട്ടുണ്ട്. സെപ്റ്റംബർ 15ന് ഏകദേശം 220 സമ്മൻസസ് കോടതിയിൽ പരിഗണനയ്ക്കെത്തിയതായും, ഏകദേശം 70 വാഹനമോടിക്കുന്നവരെ ഒരു solicitor പ്രതിനിധീകരിക്കുന്നതായും ഏറ്റവും പുതിയ റിപ്പോർട്ടുകൾ പറയുന്നു.
സ്പീഡ് ക്യാമറകളുടെ ലക്ഷ്യം ഡ്രൈവർമാരെ പിഴയിടുക മാത്രമല്ല, അപകടകരമായ വേഗം കുറയ്ക്കാൻ പ്രേരിപ്പിക്കുകയുമാകണം എന്നതാണ് പ്രതിഷേധിക്കുന്നവരുടെ നിലപാട്. അതേസമയം, ക്യാമറയുടെ കൃത്യമായ നിയമസാധുതയോ പിഴകൾ സ്വമേധയാ റദ്ദാക്കുമോ എന്നതിൽ അന്തിമ തീരുമാനം ഉണ്ടായിട്ടില്ല. വിഷയത്തിൽ അന്വേഷണം, കോടതിക്കേസുകൾ എന്നിവ തുടരുകയാണ്.

Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments