യവന കഥ ബിഗ് സ്ക്രീനിൽ എത്തുമോ; ചിത്രത്തിന്റെ നിർമ്മാണ അവകാശം കരസ്ഥമാക്കി പുലിമുരുകൻ നിർമ്മാതാവ് ടോമിച്ചൻ മുളകുപാടം

By Rose Malayalam Desk

മലയാള സിനിമയിൽ ഏറെക്കാലമായി ചർച്ചയായിരുന്ന ‘അന്ന’ എന്ന സിനിമാ പ്രോജക്ട് വീണ്ടും സജീവമാകുന്നു. ചിത്രത്തിന്റെ നിർമ്മാണ അവകാശം ‘പുലിമുരുകൻ’ ഉൾപ്പെടെയുള്ള വമ്പൻ ചിത്രങ്ങളുടെ നിർമ്മാതാവായ ടോമിച്ചൻ മുളകുപാടം സ്വന്തമാക്കിയതോടെയാണ് സിനിമ വീണ്ടും വാർത്തകളിൽ ഇടംപിടിക്കുന്നത്. യവന കഥയിൽ നിന്ന് എന്ന് തുടങ്ങുന്ന ഗാനം ഈയിടെ സൂപ്പർ ഹിറ്റ് ആയ ബേത്ലഹേം കുടുംബ യൂണിറ്റ് എന്ന ചിത്രത്തിലൂടെ വീണ്ടും ശ്രദ്ധേയമായതോടു കൂടിയാണ് അന്ന എന്ന സിനിമ ചർച്ചകളിൽ നിറഞ്ഞത്.

സംവിധായകൻ ജോഷിയുടെ സംവിധാനത്തിൽ ഒരുങ്ങാൻ തീരുമാനിച്ചിരുന്ന ചിത്രമായിരുന്നു ‘അന്ന’. പ്രശസ്ത എഴുത്തുകാരൻ എൻ. മോഹനൻ ആയിരുന്നു ചിത്രത്തിന്റെ കഥ ഒരുക്കിയത്. 1990കളിൽ സിനിമയുടെ പ്രാരംഭ പ്രവർത്തനങ്ങൾ നടന്നിരുന്നെങ്കിലും വിവിധ കാരണങ്ങളാൽ പദ്ധതി പിന്നീട് മുന്നോട്ടുപോയില്ല.ചിത്രത്തിനായി ഒരുക്കിയിരുന്ന ഗാനങ്ങളിൽ ഒന്നായ ‘യവനകഥയിൽ നിന്നു വന്ന ഇടയകന്യകേ’ അടുത്തകാലത്ത് വീണ്ടും പ്രേക്ഷകശ്രദ്ധ നേടിയതോടെയാണ് ‘അന്ന’ എന്ന സിനിമയെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമായത്. ഔസേപ്പച്ചന്റെ സംഗീതത്തിൽ ഒരുക്കിയ ഗാനങ്ങൾ അന്നത്തെ കാലത്ത് തന്നെ ശ്രദ്ധ നേടിയിരുന്നു.അരവിന്ദ് സ്വാമിയും ശ്രീദേവിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കാനിരുന്ന ചിത്രത്തിന്റെ കഥയും ഗാനങ്ങളും ഉൾപ്പെടെയുള്ള വിവരങ്ങൾ പുറത്തുവന്നിരുന്നെങ്കിലും സിനിമ യാഥാർഥ്യമായില്ല.

വർഷങ്ങൾക്കിപ്പുറം ചിത്രത്തിന്റെ അവകാശം ടോമിച്ചൻ മുളകുപാടം സ്വന്തമാക്കിയതോടെ ‘അന്ന’ പുതിയ രൂപത്തിൽ ബിഗ് സ്ക്രീനിലെത്തുമോ എന്ന ആകാംക്ഷയിലാണ് സിനിമാപ്രേമികൾ.കാലത്തിനനുസരിച്ചുള്ള മാറ്റങ്ങളോടെ ചിത്രം പുനരാവിഷ്കരിക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്.

പുതിയ പതിപ്പിലെ സംവിധായകൻ, താരനിര, മറ്റ് അണിയറപ്രവർത്തകർ തുടങ്ങിയ കാര്യങ്ങളിൽ അന്തിമ പ്രഖ്യാപനം ഉണ്ടായിട്ടില്ല.ഒരു കാലത്ത് വെള്ളിത്തിരയിലെത്താതെ പോയ ‘അന്ന’, വർഷങ്ങൾക്കിപ്പുറം പുതിയ തലമുറയ്ക്കായി വീണ്ടും സിനിമയാകുമോ എന്നതാണ് ഇനി അറിയാനുള്ളത്.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments