ഇക്കഴിഞ്ഞ ജൂലൈ 16 മുതൽ 19 വരെ നെതർലാൻഡ്ഡിലെ ആർനെമിൽ നടന്ന European Speed Cubing Championship-ൽ (https://www.worldcubeassociation.org/) അയർലൻഡിനെ പ്രതിനിധീകരിച്ചുകൊണ്ട് മത്സരിച്ച പ്രഭവ് നായക് (Prabhav Nayak) മെഗാമിൻക്സ് (megaminx) വിഭാഗത്തിൽ മൂന്നാം സ്ഥാനം നേടി.
വർഷങ്ങളായി അയർലൻഡിലും വിദേശത്തുമായി നടക്കുന്ന വിവിധ സ്പീഡ് ക്യൂബിംഗ് ചാമ്പ്യൻഷിപ്പുകളിൽ പ്രഭവ് മികച്ച പ്രകടനം കാഴ്ചവെച്ചുവരികയാണ്. മൂന്ന് റൗണ്ടുകളിലായി നടന്ന മെഗാമിൻക്സ് മത്സരത്തിൽ ആദ്യ റൗണ്ടിൽ നാലാം സ്ഥാനവും രണ്ടാം റൗണ്ടിൽ ഒൻപതാം സ്ഥാനവും നേടിയ പ്രഭവ്, ആവേശകരമായ ഫൈനൽ റൗണ്ടിൽ മികച്ച പ്രകടനം പുറത്തെടുത്ത് മൂന്നാം സ്ഥാനം സ്വന്തമാക്കുകയായിരുന്നു.
യൂറോപ്യൻ ചാമ്പ്യൻഷിപ്പിലെ ഈ ശ്രദ്ധേയ നേട്ടത്തിനുശേഷം, അയർലൻഡിലെ വാട്ടർഫോർഡിൽ നടന്ന Irish Speed Cubing Championship-ലും (https://www.speedcubingireland.com) പ്രഭവ് തന്റെ മികച്ച ഫോം തുടർന്നു. ചാമ്പ്യൻഷിപ്പിലെ ഏറ്റവും മത്സരാത്മകവും ആവേശകരവുമായ 3×3 വിഭാഗത്തിൽ മൂന്നാം സ്ഥാനവും മെഗാമിൻക്സ് വിഭാഗത്തിൽ രണ്ടാം സ്ഥാനവും നേടി അദ്ദേഹം ഇരട്ട നേട്ടം സ്വന്തമാക്കി.
തുടർച്ചയായി രണ്ട് പ്രധാന ചാമ്പ്യൻഷിപ്പുകളിൽ മികച്ച നേട്ടങ്ങൾ സ്വന്തമാക്കിയ പ്രഭവ് നായകിന്റെ വിജയം, അയർലൻഡിലെ സ്പീഡ് ക്യൂബിംഗ് രംഗത്ത് അദ്ദേഹത്തിന്റെ സ്ഥിരതയാർന്ന പ്രകടനത്തിന്റെയും വളർച്ചയുടെയും തെളിവാണ്. ദേശീയ, അന്തർദേശീയ മത്സരങ്ങളിൽ തുടർച്ചയായി ശ്രദ്ധേയ നേട്ടങ്ങൾ കൈവരിക്കുന്ന പ്രഭവ്, അയർലൻഡിന്റെ ക്യൂബിംഗ് സമൂഹത്തിന് അഭിമാനമായി മാറിക്കൊണ്ടിരിക്കുകയാണ്.
ഡബ്ലിൻ സിറ്റിവെസ്റ്റിൽ താമസിക്കുന്ന പ്രഭവ് നായക് നിലവിൽ Leaving Certificate പരീക്ഷാഫലത്തിനായി കാത്തിരിക്കുകയാണ്. ഡബ്ലിൻ സിറ്റിവെസ്റ്റിൽ താമസിക്കുന്ന രാജാറാം–സുധ ദമ്പതികളുടെ മകനാണ് പ്രഭവ്. അഞ്ജിക എന്ന സഹോദരി നിലവിൽ ബിരുദ പഠനം നടത്തുകയാണ്.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments