അയർലൻഡിലെ ക്രെഡിറ്റ് യൂണിയനുകളിൽ സൈബർ ആക്രമണം; ലക്ഷക്കണക്കിന് അംഗങ്ങളുടെ ബാങ്കിങ് വിവരങ്ങൾ അപകടത്തിൽ

By Rose Malayalam Desk

അയർലൻഡിലെ ക്രെഡിറ്റ് യൂണിയൻ മേഖലയിൽ വൻ സൈബർ സുരക്ഷാ വീഴ്ച. രാജ്യത്തെ ഏകദേശം 50 ക്രെഡിറ്റ് യൂണിയനുകളെ ബാധിച്ച സൈബർ ആക്രമണത്തിൽ ലക്ഷക്കണക്കിന് അംഗങ്ങളുടെ വിവരങ്ങൾ അപകടസാധ്യതയിലായതായി റിപ്പോർട്ടുകൾ.

തേർഡ് പാർട്ടി ഐ ടി സേവനദാതാവിന്റെ സാങ്കേതിക സംവിധാനത്തിലുണ്ടായ സുരക്ഷാ വീഴ്ചയാണ് സംഭവത്തിന് പിന്നിലെന്നാണ് പ്രാഥമിക വിവരം.ക്രെഡിറ്റ് യൂണിയനുകളുടെ ഓൺലൈൻ ബാങ്കിങ് സേവനത്തിൽ അംഗങ്ങൾ നേരത്തെ സേവ് ചെയ്തുവെച്ചിരുന്ന പണമിടപാട് ഗുണഭോക്താക്കളുടെ (Saved Payment Beneficiaries) വിവരങ്ങളിലേക്കാണ് അനധികൃത പ്രവേശനം നടന്നത്. ഗുണഭോക്താക്കളുടെ പേരുകൾ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, IBAN, BIC, Sort Code, വിലാസം, പണമിടപാട് റഫറൻസ് തുടങ്ങിയ വിവരങ്ങൾ ഇതിലൂടെ പുറത്തായിരിക്കാമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.

നവംബർ 16 തിങ്കളാഴ്ചയാണ് സൈബർ സുരക്ഷാ സംഭവത്തെക്കുറിച്ച് ബന്ധപ്പെട്ട സ്ഥാപനങ്ങൾക്ക് വിവരം ലഭിച്ചത്. തുടർന്ന് സുരക്ഷാ നടപടികൾ അടിയന്തരമായി ആരംഭിക്കുകയും സുരക്ഷാ വീഴ്ചയ്ക്ക് കാരണമായ സാങ്കേതിക പ്രശ്നം പരിഹരിക്കുകയും ചെയ്തു.അതേസമയം, അംഗങ്ങളുടെ ഓൺലൈൻ ബാങ്കിങ് പാസ്‌വേഡുകൾ, PIN നമ്പറുകൾ, ഡെബിറ്റ് കാർഡ് വിവരങ്ങൾ, അക്കൗണ്ടിൽ പ്രവേശിക്കാനുള്ള ലോഗിൻ വിവരങ്ങൾ എന്നിവ ഈ ആക്രമണത്തിൽ ചോർന്നിട്ടില്ലെന്നാണ് പുറത്തുവന്ന ഔദ്യോഗിക വിശദീകരണം.

ബാധിക്കപ്പെട്ട വിവരങ്ങൾ ഉപയോഗിച്ച് അംഗങ്ങളുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് പ്രവേശിക്കാനോ അവിടെയുള്ള പണം പിൻവലിക്കാനോ കഴിയില്ലെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.എന്നാൽ ചോർന്നേക്കാവുന്ന വിവരങ്ങൾ ഉപയോഗിച്ച് വ്യാജ ഫോൺകോളുകൾ, സന്ദേശങ്ങൾ, ഫിഷിങ് തട്ടിപ്പുകൾ എന്നിവ നടത്താനുള്ള സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. ക്രെഡിറ്റ് യൂണിയന്റെ പേരിൽ വിളിച്ച് അക്കൗണ്ട് സുരക്ഷിതമാക്കാനെന്ന വ്യാജേന പണം മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റാൻ ആവശ്യപ്പെടുന്നവരെ പ്രത്യേകം ശ്രദ്ധിക്കണമെന്നും നിർദേശമുണ്ട്.

ഏതൊക്കെ അംഗങ്ങളുടെ വിവരങ്ങളാണ് കൃത്യമായി ബാധിക്കപ്പെട്ടതെന്ന് കണ്ടെത്താനുള്ള പരിശോധനകൾ തുടരുകയാണ്. വിവരങ്ങൾ ചോർന്നതായി സ്ഥിരീകരിക്കുന്ന അംഗങ്ങളെ ആവശ്യമായ സാഹചര്യത്തിൽ നേരിട്ട് അറിയിക്കുമെന്നും ബന്ധപ്പെട്ട ക്രെഡിറ്റ് യൂണിയൻ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

അയർലൻഡിൽ ക്രെഡിറ്റ് യൂണിയനുകളെ ആശ്രയിക്കുന്ന മലയാളികൾ ഉൾപ്പെടെയുള്ള നിരവധി ഉപഭോക്താക്കൾക്കിടയിൽ സംഭവം ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. അംഗങ്ങൾ ഔദ്യോഗിക അറിയിപ്പുകൾ ശ്രദ്ധിക്കുകയും സംശയാസ്പദമായ സന്ദേശങ്ങളോടും ഫോൺകോളുകളോടും ജാഗ്രത പുലർത്തുകയും ചെയ്യണമെന്ന് നിർദേശമുണ്ട്.

For more news please join our whatsapp group

https://chat.whatsapp.com/C4h4P7DDUt29uEyJPYyYou?s=cl&p=a&iam=2

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments