അയർലൻഡിൽ രാത്രികാലങ്ങളിൽ കാർ മോഷണങ്ങളും അപകടകരമായ ഡ്രൈവിങ്ങും വർധിക്കുന്ന സാഹചര്യത്തിൽ, ഇതിനു പിന്നിൽ കുപ്രസിദ്ധമായ ‘ലക്കി ഡിപ്പ് ഗ്യാങ്’ ഉൾപ്പെടെയുള്ള സംഘങ്ങളുണ്ടോയെന്ന ചർച്ച ശക്തമാകുന്നു. മോഷ്ടിച്ച കാറുകൾ ഉപയോഗിച്ച് അതിവേഗത്തിൽ വാഹനമോടിക്കുകയും ഗാർഡായുടെ പിന്തുടരലുകൾക്കിടയാക്കുകയും ചെയ്യുന്ന സംഭവങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നത് അധികൃതരുടെ ആശങ്ക വർധിപ്പിക്കുന്നു.
സോഷ്യൽ മീഡിയയിൽ കൂടുതൽ ലൈക്കുകളും കാഴ്ചക്കാരെയും നേടുന്നതിനും ശ്രദ്ധ പിടിച്ചുപറ്റുന്നതിനുമായി ചില യുവാക്കൾ മോഷ്ടിച്ച വാഹനങ്ങൾ ഉപയോഗിച്ച് അപകടകരമായ ഡ്രൈവിങ് നടത്തുന്നതായാണ് റിപ്പോർട്ടുകൾ. ഇത്തരം യാത്രകളുടെ ദൃശ്യങ്ങൾ ടിക്ടോക്ക്, സ്നാപ്ചാറ്റ് തുടങ്ങിയ പ്ലാറ്റ്ഫോമുകളിലൂടെ പങ്കുവയ്ക്കുന്നതും ശ്രദ്ധ നേടാനുള്ള മത്സരത്തിന്റെ ഭാഗമാകുന്നുവെന്നാണ് വിലയിരുത്തൽ.
രാത്രികാലങ്ങളിൽ വീടുകൾക്കു സമീപത്തുനിന്നും മറ്റിടങ്ങളിൽനിന്നും വാഹനങ്ങൾ മോഷ്ടിച്ച് പൊതുനിരത്തുകളിലും മോട്ടോർവേകളിലും അമിതവേഗത്തിൽ ഓടിക്കുന്ന സംഭവങ്ങൾ ഗാർഡായ്ക്ക് വെല്ലുവിളിയാകുന്നുണ്ട്. ചില സംഭവങ്ങളിൽ എതിർദിശയിൽ വാഹനമോടിക്കുന്നതുപോലുള്ള അതീവ അപകടകരമായ പ്രവൃത്തികളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.മോഷ്ടിച്ച വാഹനങ്ങളുമായി ഗാർഡായുടെ പിടിയിലാകാതെ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിലെ ദൃശ്യങ്ങളും പിന്തുടരലുകളുടെ വീഡിയോകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഇത്തരം ഉള്ളടക്കങ്ങൾ കൂടുതൽ പ്രേക്ഷകരിലേക്ക് എത്തുന്നത് സമാനമായ പ്രവൃത്തികൾക്ക് മറ്റുള്ളവരെ പ്രേരിപ്പിക്കുമെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്.
കാർ മോഷണങ്ങളുടെയും ‘ജോയ്റൈഡിങ്’ സംഭവങ്ങളുടെയും പശ്ചാത്തലത്തിൽ ലക്കി ഡിപ്പ് ഗ്യാങിന്റെ പേര് നേരത്തെയും ഉയർന്നുവന്നിട്ടുണ്ട്. എന്നാൽ നിലവിലെ എല്ലാ സംഭവങ്ങൾക്കും ഒരൊറ്റ സംഘമാണ് ഉത്തരവാദിയെന്ന് ഉറപ്പിക്കാനാവില്ല. ഡബ്ലിനിലും പരിസരപ്രദേശങ്ങളിലും സമാന രീതിയിൽ പ്രവർത്തിക്കുന്ന വിവിധ യുവസംഘങ്ങളെക്കുറിച്ചും റിപ്പോർട്ടുകളുണ്ട്. പല കാർ മോഷണങ്ങളുടെയും ജോയി റൈഡുകളുടെയും പിന്നിൽ ലക്കിഡിപ്പ് ഗ്യാങ്ങ് തന്നെയാണ് എന്ന നിഗമനത്തിലാണ് നിലവിൽ അന്വേഷണ ഉദ്യോഗസ്ഥർ.ഗാർഡയുടെ റിപ്പോർട്ടുകളെ ഉദ്ധരിച്ചുള്ള വാർത്തകൾ പ്രകാരം, ഈ സംഘത്തിൽ പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണ് ഉൾപ്പെട്ടിരിക്കുന്നത്. മോഷ്ടിച്ച കാറുകൾ ഉപയോഗിച്ചുള്ള യാത്രകളും ഗാർഡായിൽനിന്ന് രക്ഷപ്പെടാനുള്ള ശ്രമങ്ങളും വീഡിയോയാക്കി സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നതാണ് സംഘത്തിന്റെ ശ്രദ്ധേയമായ രീതി.
ചില വാഹനങ്ങളിൽ എൻജിൻ സ്റ്റാർട്ട് ചെയ്യുന്നത് തടയുന്ന ഇമ്മൊബിലൈസർ പോലുള്ള സുരക്ഷാ സംവിധാനങ്ങൾ ഇല്ലാത്തത് മോഷണം എളുപ്പമാക്കുന്ന ഘടകമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. പ്രത്യേകിച്ച് ചില ജപ്പാനിൽ നിന്ന് ഇറക്കുമതി ചെയ്ത വാഹനങ്ങൾ ഇത്തരം മോഷണങ്ങളിൽ ലക്ഷ്യമാകുന്നതായി റിപ്പോർട്ടുകൾ പറയുന്നു. ഇതുവരെ നടന്ന മോഷണങ്ങളിൽ ഭൂരിപക്ഷവും ഇത്തരത്തിൽ ജപ്പാനിൽ നിന്ന് ഇറക്കുമതി ചെയ്ത കാറുകളാണ് എന്നതും ശ്രദ്ധേയമാണ്.
മോഷ്ടിച്ച വാഹനങ്ങൾ ഉപയോഗിച്ചുള്ള അപകടകരമായ ഡ്രൈവിങ് തടയുന്നതിനൊപ്പം, ഇത്തരം പ്രവൃത്തികൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നതും അധികൃതർക്ക് വെല്ലുവിളിയാണ്. അപകടസാധ്യതയുള്ള സാഹചര്യങ്ങളിൽ വാഹനങ്ങളെ പിന്തുടരുന്നത് പൊതുജനങ്ങൾക്കും മറ്റ് റോഡ് ഉപയോക്താക്കൾക്കും കൂടുതൽ അപകടമുണ്ടാക്കാൻ സാധ്യതയുള്ളതിനാൽ, ഗാർഡായുടെ ഇടപെടലുകൾക്ക് പ്രത്യേക ജാഗ്രത ആവശ്യമാണ്.വാഹനമോഷണം, ലൈസൻസില്ലാതെയുള്ള ഡ്രൈവിങ്, ഇൻഷുറൻസില്ലാതെ വാഹനമോടിക്കൽ, അപകടകരമായ ഡ്രൈവിങ് തുടങ്ങിയ കുറ്റങ്ങൾക്ക് സാഹചര്യങ്ങൾക്കനുസരിച്ച് നിയമനടപടികൾ നേരിടേണ്ടിവരും.
കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട വീഡിയോകൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നത് ഇത്തരം പ്രവൃത്തികളെ പ്രോത്സാഹിപ്പിക്കുന്ന സാഹചര്യം സൃഷ്ടിക്കുമെന്ന ആശങ്കയും ശക്തമാണ്.
For more news please join our whatsapp group
https://chat.whatsapp.com/EYff5ESLNtXIDOjtNZ27LS?s=cl&p=a&mlu=4&ilr=4

Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments