ഐറിഷ് പൗരത്വം ലഭിക്കുന്നതിനായി ഇംഗ്ലീഷ് ഭാഷയില്‍ പ്രാവീണ്യം ഉണ്ടായിരിക്കണമെന്ന് നിബന്ധന ഏര്‍പ്പെടുത്തുന്നത് പരിഗണിക്കണമെന്ന് ഉപപ്രധാനമന്ത്രി സൈമണ്‍ ഹാരിസ്. സമൂഹവുമായി കൂടിച്ചേരാന്‍ ഭാഷ വളരെ പ്രധാനപ്പെട്ട കാര്യമാണെന്നും കൗണ്ടി കില്‍ഡെയറില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ ഹാരിസ് അഭിപ്രായപ്പെട്ടു.
അയര്‍ലണ്ടിന്റെ വളര്‍ച്ചയ്ക്ക് പല കുടിയേറ്റക്കാരും വലിയ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. പക്ഷേ പൗരത്വത്തെ കുറിച്ച് ശരിയായ ചര്‍ച്ചകളുണ്ടാകേണ്ടതുണ്ടെന്നും ഹാരിസ് പറഞ്ഞു. പൗരത്വം സ്വീകരിക്കാന്‍ മികച്ച രാജ്യമാണ് അയര്‍ലണ്ട് എന്നും, നിരവധി പേര്‍ ഐറിഷ് പൗരത്വം സ്വീകരിച്ചിട്ടുണ്ടെന്നും പറഞ്ഞ ഹാരിസ്, ഈയടുത്ത കാലങ്ങളിലായി പൗരത്വദാന സംവിധാനത്തില്‍ സര്‍ക്കാര്‍ വലിയ പുരോഗതി നേടിയിട്ടുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.
പൗരത്വം ലഭിക്കാന്‍ ഭാഷ അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണോ എന്ന ചോദ്യത്തിനാണ് ഭാഷ വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണെന്ന് ഹാരിസ് പ്രതികരിച്ചത്. ഒരു രാജ്യത്തേയ്ക്ക് വരുന്നയാളെയും, ആ രാജ്യത്തെയും സംബന്ധിച്ചിടത്തോളം ഭാഷ വളരെ പ്രധാനപ്പെട്ടതാണ്. അതിനാല്‍ ഭാഷയിലെ പ്രാവീണ്യം എത്തരത്തിലാണ് പൗരത്വ മാനദണ്ഡമാക്കുന്നത് എന്നത് സംബന്ധിച്ച് ആലോചിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments