M50യിൽ ഇന്നലെ അപകടമുണ്ടാക്കിയ കാർ മോഷ്ടിച്ചതാണ് എന്ന് സംശയം ബലപ്പെടുന്നു. റോങ്ങ് സൈഡിൽ ഡ്രൈവ് ചെയ്തു കൊണ്ടാണ് കാർ അപകടത്തിൽപ്പെട്ടത് എന്നും വ്യക്തമായ സൂചനകൾ ഉണ്ട്. ടീനേജുകളായ 8 കുട്ടികളാണ് കാറിൽ ഉണ്ടായിരുന്നത്. എട്ടുപേരിൽ ഒരാളുടെ നില അതീവ ഗുരുതരമാണ് എന്ന് ഗാർഡ അറിയിച്ചു. ഞായറാഴ്ച പുലർച്ചെ ഏകദേശം 5.30ഓടെ ഫിർഹൗസ് ജങ്ഷൻ 12-ലാണ് ഗുരുതര അപകടമുണ്ടായത്.
M50യുടെ സൗത്ത്‌ബൗണ്ട് കാരിയേജ്‌വേയിൽ നോർത്ത് സൈഡിലേക്ക് ഒരു വാഹനം സഞ്ചരിക്കുന്നതായി ഗാർഡക്ക് വിവരം ലഭിച്ചതിന് പിന്നാലെയാണ് അപകടം. ജങ്ഷൻ 12ലെ അപ് റാംപിലൂടെ തെറ്റായ ദിശയിൽ എത്തിയ കാർ മറ്റൊരു വാഹനവുമായി നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു.
തെറ്റായ ദിശയിൽ സഞ്ചരിച്ചിരുന്ന വാഹനത്തിൽ എട്ടു പുരുഷ ടീനേജുകളാണ് ഉണ്ടായിരുന്നത്. എല്ലാവരെയും വിവിധ ആശുപത്രികളിലേക്ക് മാറ്റി. ഇവരിൽ ഒരാളുടെ നില ഗുരുതരമായി തുടരുന്നതായും ഗാർഡ അറിയിച്ചു.മറ്റൊരു വാഹനത്തിന്റെ ഡ്രൈവറായ 20 വയസ്സുള്ള യുവാവിനും ഗുരുതരമായി പരിക്കേറ്റു. അദ്ദേഹത്തെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അപകടത്തെ തുടർന്ന് ജങ്ഷൻ 11 (Tallaght) മുതൽ ജങ്ഷൻ 12 (Firhouse) വരെയുള്ള M50 സൗത്ത്‌ബൗണ്ട് പാത അടച്ചിട്ട് Garda Forensic Collision Investigators പരിശോധന നടത്തി. പിന്നീട് റോഡ് ഗതാഗതത്തിനായി തുറന്നെങ്കിലും അപകടത്തിന്റെ സാഹചര്യങ്ങളെക്കുറിച്ചുള്ള അന്വേഷണം തുടരുകയാണ്.
അപകടത്തിൽ ഗാർഡയ്ക്ക് ഉണ്ടായെക്കാവുന്ന ഇടപെടൽ സംബന്ധിച്ച സാഹചര്യങ്ങൾ പരിശോധിക്കുന്നതിനായി Fiosrú, Gardaíയുടെ സ്വതന്ത്ര മേൽനോട്ട സംവിധാനമായ പൊലീസ് ഓംബുഡ്സ്മാൻ ഓഫീസ്, തുടങ്ങിയവർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. Fiosrúയുടെ അന്വേഷണസംഘം അപകടസ്ഥലത്തെത്തിയതായി അധികൃതർ അറിയിച്ചു.അപകടത്തിന് മുമ്പ് വാഹനവുമായി ഗാർഡയ്ക്ക് എന്തെങ്കിലും നേരിട്ടുള്ള ബന്ധമുണ്ടായിരുന്നോ, അപകടത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ എന്തൊക്കെയായിരുന്നു തുടങ്ങിയ കാര്യങ്ങൾ അന്വേഷണത്തിന്റെ ഭാഗമായേക്കും.അതേസമയം, അപകടസമയത്ത് M50 ജങ്ഷൻ 11നും ജങ്ഷൻ 14നും ഇടയിൽ യാത്ര ചെയ്തിരുന്നവരോട് വിവരങ്ങളും ഡാഷ്‌കാം ദൃശ്യങ്ങളും അന്വേഷണസംഘവുമായി പങ്കുവയ്ക്കാൻ ഗാർഡ അഭ്യർഥിച്ചിട്ടുണ്ട്.

Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments