ലോകത്തിൽ ഇന്നുവരെ ഉണ്ടായിട്ടില്ലാത്ത സുരക്ഷാ സംവിധാനങ്ങളുമായി പുതിയ ഐറിഷ് പാസ്പോർട്ട്; പുത്തൻ ഫീച്ചറുകൾ ഇവ

By Rose Malayalam Desk

ലോകത്ത് മുമ്പുണ്ടായിട്ടില്ലാത്ത തരത്തിലുള്ള അത്യാധുനിക സുരക്ഷാ സംവിധാനങ്ങള്‍ ഉപയോഗിക്കുന്ന പാസ്‌പോര്‍ട്ടായി ഐറിഷ് പാസ്‌പോര്‍ട്ടിനെ മാറ്റാന്‍ അധികൃതര്‍. പാസ്‌പോര്‍ട്ടുകള്‍ക്കായി ഏറ്റവും പുതിയ സുരക്ഷാ സംവിധാനങ്ങള്‍, പ്രിന്റിങ് മെഷീനുകള്‍, ഡിസൈന്‍ എന്നിവയ്ക്കായി 8 മില്യണ്‍ യൂറോയോളമാണ് സര്‍ക്കാര്‍ ചെലവിട്ടിരിക്കുന്നത്. അതേസമയം പുതിയ പാസ്‌പോര്‍ട്ട് ബുക്ക്‌ലെറ്റ് വില 75 യൂറോ ആയി തുടരുകയും ചെയ്യും. പുതിയ പാസ്‌പോര്‍ട്ട് വിദേശകാര്യമന്ത്രി ഹെലന്‍ മക്എന്റീ ഇന്നലെ പുറത്തുവിട്ടു.

പുറമേയ്ക്ക് കാണാന്‍ പഴയതു പോലെ തന്നെയാണെങ്കിലും ഫോട്ടോയും മറ്റ് വിവരങ്ങളുമടങ്ങിയ ഡാറ്റ പേജിന് കാര്യമായ മാറ്റം വരുത്തിയിട്ടുണ്ട്. പ്രധാന പേജിലെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫോട്ടോയ്‌ക്കൊപ്പം, എതിര്‍വശത്തെ പേജില്‍ ഒരു കളര്‍ ഫോട്ടോയും, യുണീക് ഐഡന്റിഫയര്‍ നമ്പറും ഉള്‍പ്പെടുത്തിയതാണ് ഒരു പരിഷ്‌കാരം. വ്യാജ പാസ്‌പോര്‍ട്ട് സൃഷ്ടി തടയാനായി ഒരു ‘ട്രാന്‍സ്പാരന്റ് വിന്‍ഡോ’യും പേജില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഫോട്ടോയ്ക്ക് താഴെ മെറ്റാലിക് ‘temperature-changing ink’ ഉപയോഗിച്ച് ഡേറ്റ് ഓഫ് ബര്‍ത്തും പ്രിന്റ് ചെയ്തിരിക്കുന്നു.

യുവി ലൈറ്റ് പതിപ്പിച്ചാല്‍ മാത്രം പേജില്‍ ‘Éire’, ‘Ireland’ എന്നിങ്ങനെ എഴുതിയിരിക്കുന്നത് കാണാം. അയര്‍ലണ്ടിന്റെ ഔദ്യോഗിക മൃഗങ്ങളുടെ ചിത്രങ്ങള്‍, യുവി ലൈറ്റ് ഉപയോഗിച്ചാല്‍ മാത്രം തിരിച്ചറിയാന്‍ സാധിക്കുന്ന സുരക്ഷാ സംവിധാനങ്ങള്‍ എന്നിവയും പുതിയ പാസ്‌പോര്‍ട്ടിന്റെ പ്രത്യേകതകളാണ്. വ്യാജ പാസ്‌പോര്‍ട്ടുകള്‍ സൃഷ്ടിക്കുന്നതിന് തടയിടാന്‍ ഈ സംവിധാനങ്ങള്‍ക്ക് സാധിക്കുമെന്നാണ് പ്രതീക്ഷ. വെളിപ്പെടുത്തിയിട്ടില്ലാത്ത മറ്റ് ചില സുരക്ഷാ സംവിധാനങ്ങളും പാസ്‌പോര്‍ട്ടിനുണ്ടെന്ന് മന്ത്രി മക്എന്റീ വ്യക്തമാക്കിയിട്ടുണ്ട്.

നിലവില്‍ ലോകത്തെ ഏറ്റവും കരുത്തുറ്റ നാലാമത്തെ പാസ്‌പോര്‍ട്ടാണ് അയര്‍ലണ്ടിന്റേത്. പുതിയ സുരക്ഷാ സംവിധാനങ്ങള്‍ കൂടി ചേരുന്നതോടെ റാങ്കിങ്ങില്‍ ഇനിയും മുന്നേറാന്‍ അയര്‍ലണ്ടിന് സാധിക്കുമെന്നാണ് വിലയിരുത്തല്‍.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments