ന്യൂയോർക്ക് ടൈംസ് സ്‌ക്വയറിൽ യുവതി കുത്തിക്കൊന്നത് ബാങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡന്റിനെ

By Rose Malayalam Desk

അമേരിക്കയിലെ ന്യൂയോർക്ക് നഗരത്തിലെ തിരക്കേറിയ ടൈംസ് സ്‌ക്വയറിൽ യുവതിയെ കുത്തിക്കൊലപ്പെടുത്തി. ബാങ്ക് ഓഫ് അമേരിക്കയിലെ വൈസ് പ്രസിഡന്റായ എറിൻ പിയസെന്റി (32) ആണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച ഉച്ചയ്ക്കാണ് സംഭവം നടന്നത്. 49 വയസ്സുള്ള ക്വീൻസ് സ്വദേശിനി പമേല സിസ്‌നറോസ് (Pamela Cisneros) പ്രകോപനമില്ലാതെ ആക്രമിക്കുകയായിരുന്നു എന്നാണ് ന്യൂയോർക്ക് പോലീസ് പറയുന്നത്

വെസ്റ്റ് 42-ാം സ്ട്രീറ്റിനും സെവൻത് അവന്യൂവിനും സമീപം രണ്ട് വലിയ കത്തികളുമായി എത്തിയ 49കാരിയായ പമേല സിസ്‌നറോസ് ആദ്യം 68 വയസ്സുള്ള ഒരാളെ വയറിന് കുത്തുകയായിരുന്നു. ഏതാനും സെക്കൻഡുകൾക്കകം എറിൻ പിയസെന്റിയെയും ആക്രമിച്ചു. ഗുരുതരമായി പരിക്കേറ്റ എറിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് മരണം സ്ഥിരീകരിച്ചു. കുത്തേറ്റ 68കാരൻ ആശുപത്രിയിൽ ചികിത്സയിലാണ്; ഇയാളുടെ നിലയും സ്ഥിരതയുള്ളതാണെന്നാണ് റിപ്പോർട്ട്.

ആക്രമണം ആകസ്മികവും പ്രകോപനമില്ലാത്തതുമാണെന്നാണ് ന്യൂയോർക്ക് പൊലീസ് കമ്മീഷണർ ജെസിക്ക ടിഷ് വ്യക്തമാക്കിയത്. സംഭവത്തിന് പിന്നിലെ വ്യക്തമായ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല. ആക്രമണത്തിന് ശേഷം പ്രതിയെ കീഴടങ്ങാൻ പൊലീസ് പലതവണ ആവശ്യപ്പെട്ടെങ്കിലും അവർ കത്തികൾ താഴെയിടാൻ തയ്യാറായില്ല. ടേസർ ഉപയോഗിച്ചിട്ടും പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെ കത്തികളുമായി മുന്നേറിയതിനെ തുടർന്ന് വെടിയുതിർക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും പ്രതിയും പിന്നീട് മരിച്ചു.

ബാങ്ക് ഓഫ് അമേരിക്കയിലെ Business Selection and Conflicts വിഭാഗത്തിലെ വൈസ് പ്രസിഡന്റായിരുന്നു എറിൻ പിയസെന്റി. സംഭവത്തിൽ കടുത്ത ദുഃഖം രേഖപ്പെടുത്തിയ ബാങ്ക്, എറിൻ വിലപ്പെട്ട സഹപ്രവർത്തകയായിരുന്നുവെന്നും കുടുംബത്തിനും പ്രിയപ്പെട്ടവർക്കും അനുശോചനം അറിയിക്കുന്നുവെന്നും പ്രസ്താവനയിൽ പറഞ്ഞു.ഫോർഡ്ഹാം ലോ സ്കൂളിൽ നിന്ന് നിയമപഠനം പൂർത്തിയാക്കിയ എറിൻ അടുത്തിടെയാണ് ഭർത്താവിനൊപ്പം ന്യൂജഴ്‌സിയിലെ ചെസ്റ്ററിൽ പുതിയ വീട് വാങ്ങിയത്. വിവാഹത്തിന്റെ രണ്ടാം വാർഷികവും അടുത്തിടെ ആഘോഷിച്ചിരുന്നു.

സംഭവത്തിൽ തീവ്രവാദ ബന്ധമൊന്നും കണ്ടെത്തിയിട്ടില്ലെന്നാണ് അധികൃതരുടെ പ്രാഥമിക നിഗമനം. ആക്രമണത്തിന്റെ സാഹചര്യങ്ങളും പ്രതിയുടെ ലക്ഷ്യവും സംബന്ധിച്ച് ന്യൂയോർക്ക് പൊലീസ് അന്വേഷണം തുടരുകയാണ്.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments