ഓണം വന്നേ പൊന്നോണം വന്നേ ഒത്തൊരുമിക്കാനൊരോണം വന്നേ
മാവേലിവാണൊരു നല്ലനാളിൻ ഓർമ്മയുണർത്തി ഒരോണം വന്നേ
കർക്കിടകമഴ പെയ്തൊഴിഞ്ഞു മാനം തെളിഞ്ഞൊരാ ചിങ്ങം വന്നേ
പലതരം പൂക്കൾതൻ ഉദ്യാനമായ് തൊടിയും പറമ്പും നിറഞ്ഞുനിന്നേ
പൂക്കളം തീർക്കാനായ് പൂപറിക്കാൻ കുട്ടികൾ കൂട്ടമായ് പോയിടുന്നേ
പൂവേപൊലി പൂവേപൊലി എന്നുപാടി ഓടിനടന്നവർ പൂവിറുത്തേ
തുമ്പയും,തുളസിയും,തെച്ചിയുമായ് പൂക്കൂടയൊക്കെ വേഗം നിറഞ്ഞേ
മുറ്റത്തു വട്ടത്തിൽ വൃത്തിയായി അത്തം മുതലവർ പൂക്കളിട്ടേ
മണ്ണുകുഴച്ചു പരുവമാക്കി പിന്നെ ഓണത്തപ്പൻ രൂപം ചേർത്തുവച്ചേ
ഓണമിങ്ങോടി അടുത്തിടുമ്പോൾ ഓണത്തുമ്പി വാനിൽ പാറിടുമേ
ഏവർക്കുമാമോദമേകിടുവാൻ ഓണത്തിനേറെ കളികളുണ്ടേ
മുറ്റത്തെ മാവിലെ ഊഞ്ഞാലിൽ ആകാശംമുട്ടെ അങ്ങാടിടുമേ
ഓണത്തിനേറെ പൊലിമയേകാൻ പുലികളിയെന്ന കളിയുമുണ്ടേ
ദേഹത്തു ചായങ്ങൾ തേച്ചുവച്ചു മനുഷ്യപ്പുലികൾ നിരന്നിടുമേ
താളത്തിനൊത്തു ചുവടുവച്ചു കുംഭ കുലുക്കി പുലിവരുമേ
കണ്ണുകെട്ടി കയ്യിൽ കമ്പുമായി ആവേശത്താൽ ഉറിയടിയുമുണ്ടേ
സ്‌ത്രീകൾക്കായുണ്ട് തിരുവാതിര സംഘമായ് കൈകൊട്ടി പാടിടുമേ
വട്ടത്തിൽ ലളിതമായ് ചുവടുവെച്ചു പുഞ്ചിരിയോടെ കളിച്ചീടുമേ
കായലിൻ ഓളപ്പരപ്പിലൂടെ പായുന്ന വള്ളം കളിയുമുണ്ടേ
വിഭവസമർദ്ധമാം ഓണസദ്യ ഓണത്തിനേറെ പ്രധാനമാണേ=
പച്ചക്കറികളും,പായസവും,പഴവും അതിൻകൂടെ പപ്പടവും
ചിട്ടയായ് ഓരോരോ സ്ഥാനങ്ങളിൽ തൂശനിലയിൽ വിളമ്പിടുമേ
ഏവരുമൊന്നായിട്ടൊത്തുചേർന്ന് ഓണത്തിൻ സദ്യ കഴിച്ചിടുമേ
നാടുവിട്ടേറെ അകലെയിന്നെങ്കിലും ഓണമെന്നോർമ്മ അരികിലാണേ.
-പ്രസാദ് .കെ.ഐസക്ക്
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments