ബേബി സ്ലീപ് തലയിണകൾ കുട്ടികളുടെ മരണത്തിന് കാരണമാകുന്നു; മുന്നറിയിപ്പുമായി അധികൃതർ

By Rose Malayalam Desk

വിപണിയില്‍ വില്‍പ്പനയ്‌ക്കെത്തിച്ചിരിക്കുന്ന ബേബി സ്ലീപ് തലയിണകള്‍ കുട്ടികളുടെ മരണത്തിന് വരെ കാരണമായേക്കാമെന്ന് മുന്നറിയിപ്പുമായി Competition and Consumer Protection Commission (CCPC). ഇത്തരം തലയിണകളില്‍ കുട്ടികളെ കിടത്തുന്നത് അവര്‍ക്ക് ശ്വാസം മുട്ടുന്നതിനും, ശരീരം അമിതമായി ചൂടാകുന്നതിനും അതുവഴി മരണത്തിനും കാരണമാകുമെന്നാണ് മുന്നറിയിപ്പ്. കടകള്‍ക്ക് പുറമെ ഓണ്‍ലൈനിലും ഇവ ലഭ്യമാണ്. ഇത്തരം 1,115 തലയിണകള്‍ AliExpress, Amazon, Fruugo, Joom മുതലായ ഓണ്‍ലൈന്‍ സ്‌റ്റോറുകളില്‍ നിന്നും നോട്ടീസ് നല്‍കി പിന്‍വലിപ്പിച്ചതായും CCPC അറിയിച്ചു.

പലപ്പോഴും മൃഗങ്ങളുടെയും മറ്റും ഷേപ്പില്‍ നിര്‍മ്മിക്കപ്പെടുന്ന ഈ തലയിണകള്‍ ബേബി പില്ലോസ്, ബേബി സ്ലീപ് പൊസിഷനേഴ്‌സ് എന്നെല്ലാം അറിയപ്പെടാറുണ്ട്. കുട്ടികളുടെ ഉറക്കം സുഖകരമാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഇവ നിര്‍മ്മിക്കുന്നത്. എന്നാല്‍ ഇവ യഥാര്‍ത്ഥത്തില്‍ കുട്ടികള്‍ക്ക് ദോഷം ചെയ്യുകയാണ് ചെയ്യുന്നത്.

ഈ തലയിണകള്‍ മൂക്കിലേയ്ക്കുള്ള വായുപ്രവാഹം തടഞ്ഞ് കുട്ടികളെ ശ്വാസം മുട്ടിക്കുന്നതാണ് ഒരു പ്രശ്‌നം. നമ്മള്‍ കുട്ടികളെ ശ്രദ്ധിക്കുന്നില്ലെങ്കില്‍ ഈ പ്രശ്‌നം ഗുരുതരമാകും. ചെറിയ കുട്ടികളായതിനാല്‍ തലയിണ വായില്‍ കയറിയും ശ്വാസതടസമുണ്ടാകാം. വളരെ സോഫ്റ്റ് ആയതിനാല്‍ ഇവ വായില്‍ കയറാന്‍ സാധ്യത കൂടുതലാണ്.

മറ്റൊരു പ്രശ്‌നം ഈ തലയിണകള്‍ അമിതമായി ചൂടാകുന്നതാണ്. ഇതും കുട്ടികള്‍ക്ക് അപകടകരമാണ്.

ഇത്തരം തലയിണകള്‍ക്ക് പകരമായി ദ്വാരങ്ങളുള്ള cellular blankets ഉപയോഗിക്കാനാണ് ആരോഗ്യവിദഗ്ദ്ധര്‍ ശുപാര്‍ശ ചെയ്യുന്നത്. അല്ലാതെ ഒരു തരത്തിലുള്ള തലയിണകളും, കുഷ്യനുകളും സമാനമായ വസ്തുക്കളും ഉപയോഗിക്കരുതെന്നും മുന്നറിയിപ്പ് വ്യക്തമാക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് https://www2.hse.ie/my-child/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാം.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments