ഡബ്ലിൻ: അയർലണ്ടിലെ സീറോ മലബാർ കത്തോലിക്കാ സമൂഹത്തിന്റെ ഐക്യവും കലാസാംസ്കാരിക ഉണർവും ഒരുമിച്ചുചേർന്ന പ്രഥമ നാഷണൽ ബൈബിൾ കലോത്സവം ഏപ്രിൽ 25-ന് ശനിയാഴ്ച ഡബ്ലിൻ താലയിലെ സെന്റ് മാർക്ക്സ് നാഷണൽ സ്കൂളിൽ ഭംഗിയായി സംഘടിപ്പിച്ചു. വിശ്വാസത്തിന്റെ ആത്മാവിനെ വിവിധ കലാരൂപങ്ങളിലൂടെ അവതരിച്ച ഈ മഹോത്സവം നൂറുകണക്കിന് വിശ്വാസികളുടെ സാന്നിധ്യത്തിൽ ശ്രദ്ധേയമായി.
രാവിലെ 10 മണിക്ക് സീറോ മലബാർ സഭയുടെ അയർലണ്ട് നാഷണൽ കോർഡിനേറ്റർ ഫാ. ജോസഫ് മാത്യു ഓലിയക്കാട്ടും കുട്ടികളുടെ പ്രതിനിധികളും ചേർന്ന് തിരിതെളിച്ച് കലോത്സവത്തിന് തുടക്കം കുറിച്ചു. ഉദ്ഘാടനച്ചടങ്ങിൽ കാറ്റിക്കിസം ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ വെള്ളാമത്തറ, ബൈബിൾ ഫെസ്റ്റ് ഡയറക്ടർ ഫാ. ജെയിൻ മന്നത്തുകാരൻ, നാഷണൽ പാസ്റ്ററൽ കൗൺസിൽ ട്രസ്റ്റി ബിനോയ് ജോസ്, സെക്രട്ടറി ലിജി ലിജോ, കാറ്റിക്കിസം സെക്രട്ടറി ജോസ് ചാക്കോ, കലോത്സവം കോർഡിനേറ്റർ ബാബു ജോസഫ്, ജിൻസി ജിജി, പി.ആർ.ഒ ബിജു നടയ്ക്കൽ, വിവിധ റീജിയണൽ കാറ്റിക്കിസം സെക്രട്ടറിമാർ, ഡബ്ലിൻ റീജിയണൽ സെക്രട്ടറി ജിമ്മി ആന്റണി, ട്രസ്റ്റി ബെന്നി ജോൺ, നാഷണൽ, റീജിയണൽ കൗൺസിൽ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.
മത്സരാർത്ഥികൾക്കും സംഘാടകർക്കും പ്രോത്സാഹനമായി യൂറോപ്പിലെ സീറോ മലബാർ വിശ്വാസികൾക്കായുള്ള അപ്പസ്തോലിക് വിസിറ്റേറ്റർ ബിഷപ്പ് മാർ സ്റ്റീഫൻ ചിറപ്പണത്ത് കലോത്സവത്തിൽ സാന്നിധ്യം വഹിച്ചു.
അയർലണ്ടിലെ നാല് റീജിയണുകളിൽ നടന്ന കലോത്സവങ്ങളിൽ വിജയികളായ മത്സരാർത്ഥികളാണ് നാഷണൽ തല മത്സരങ്ങളിൽ പങ്കെടുത്തത്. അയർലണ്ടും നോർത്ത് അയർലണ്ടും ഉൾപ്പെടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിശ്വാസികളുടെ സാന്നിധ്യം കലോത്സവത്തെ മലയാളി സമൂഹത്തിന്റെ പ്രധാന കലാസംഗമങ്ങളിലൊന്നാക്കി ഉയർത്തി. ബൈബിൾ ആശയങ്ങളെ ആസ്പദമാക്കിയ കലാപ്രകടനങ്ങൾ മത്സരാത്മകതയും കലാസൗന്ദര്യവും സമന്വയിപ്പിച്ചു.
നൃത്തം, ഗാനാലാപനം, ചിത്രരചന, ഏകാഭിനയം, സ്കിറ്റ് തുടങ്ങി വിവിധ മത്സരവിഭാഗങ്ങളിൽ കുട്ടികളും മുതിർന്നവരും തുല്യോത്സാഹത്തോടെ പങ്കെടുത്തു. കലാസമ്പന്നമായ അവതരണങ്ങളും മനോഹരമായ വേഷഭൂഷകളും നൃത്തവേദിയെ മിഴിവാർന്നതാക്കി. സംഗീതവേദിയിൽ ശ്രുതിലയസമന്വിതമായ പ്രകടനങ്ങൾ ശ്രദ്ധ നേടി. ആശയസമ്പുഷ്ടമായ സ്കിറ്റ് മത്സരങ്ങൾ പ്രേക്ഷകഹൃദയങ്ങളെ കീഴടക്കി. ചെറുകുട്ടികളുടെ കളറിംഗ് മത്സരത്തിലും പുതുമയാർന്ന പ്രതിഭകൾ തെളിഞ്ഞു.
പ്രവാസജീവിതത്തിലും മലയാളികളുടെ കലയും സംസ്കാരവും നിലനിർത്തേണ്ടതിന്റെ ആവശ്യകതയെ ചൂണ്ടിക്കാട്ടിയ ഈ കലോത്സവം ഭാവിയിലും കൂടുതൽ മികവോടെ സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു. കേരളത്തിലെ സ്കൂൾ, സർവകലാശാല യുവജനോത്സവങ്ങളിൽ ശ്രദ്ധേയരായ മുൻകാല പ്രതിഭകൾ വിധികർത്താക്കളായും പരിശീലകരായും പങ്കെടുത്തത് കലോത്സവത്തിന്റെ നിലവാരം ഉയർത്തി.
മത്സരങ്ങളിൽ വിജയിച്ചവർക്ക് ഫാ. ജോസഫ് മാത്യു ഓലിയക്കാട്ട്, ഫാ. സെബാസ്റ്റ്യൻ വെള്ളാമത്തറ, ഫാ. ജോസ് ഭരണികുളങ്ങര, ഫാ. അനീഷ് മാത്യു വഞ്ചിപ്പാറയിൽ, ഫാ. ജോമോൻ കാക്കനാട്ട്, ഫാ. സജി ഡോമിനിക് പൊന്മിനിശേരി എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. വൈകുന്നേരത്തോടെ പരിപാടികൾ സമാപിച്ചു.
വിശ്വാസത്തിലും ബൈബിൾ അറിവിലും ആഴമായി നിൽക്കുമ്പോൾ കലാപരമായ കഴിവുകൾ പ്രകടിപ്പിക്കാനുള്ള സവിശേഷ വേദിയായ ഈ ബൈബിൾ കലോത്സവം വിജയകരമാക്കാൻ സഹകരിച്ച എല്ലാവർക്കും സഭാ നേതൃത്വം നന്ദിയും അഭിനന്ദനങ്ങളും രേഖപ്പെടുത്തി.




Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments