കർദ്ദിനാൾ മാർ ജോർജ് ജേക്കബ് കൂവക്കാട്ടിന് ഡബ്ലിനിൽ ഊഷ്മള സ്വീകരണം; ശനിയാഴ്ച   നോക്ക് മരിയൻ തീർത്ഥാടനം 

By Rose Malayalam Desk

ഡബ്ലിൻ: സഭയുടെ മതാന്തര സംവാദത്തിനായുള്ള വത്തിക്കാനിലെ ഡിക്കാസ്റ്ററിയുടെ പ്രിഫക്റ്റും സീറോ മലബാർ സഭയുടെ അഭിമാനവുമായ കർദ്ദിനാൾ മാർ ജോർജ് ജേക്കബ് കൂവക്കാട്ടിന് ഡബ്ലിനിൽ ഹൃദ്യമായ  സ്വീകരണം നൽകി. കർദ്ദിനാൾ പദവി ഏറ്റെടുത്തശേഷമുള്ള ആദ്യ അയർലണ്ട് സന്ദർശനത്തിനായാണ് അദ്ദേഹം എത്തിച്ചേർന്നത്.

ഡബ്ലിൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സീറോ മലബാർ സഭയുടെ അയർലണ്ട് നാഷണൽ കോർഡിനേറ്റർ ഫാ. ജോസഫ് മാത്യ ഓലിയക്കാട്ടിൻ്റെ നേതൃത്വത്തിലായിരുന്നു സ്വീകരണം. യൂറോപ്പിലെ സീറോ മലബാർ വിശ്വാസികൾക്കായുള്ള അപ്പസ്തോലിക് വിസിറ്റേറ്റർ ബിഷപ്പ് മാർ സ്റ്റീഫൻ ചിറപ്പണത്തും കർദ്ദിനാളിനൊപ്പമുണ്ടായിരുന്നു. ഫാ. സെബാൻ സെബാസ്റ്റ്യൻ വെള്ളാമത്തറ, ഫാ. ബൈജു കണ്ണമ്പള്ളി, നാഷണൽ പാസ്റ്ററൽ കൗൺസിൽ അംഗങ്ങൾ, ഡബ്ലിൻ റീജിയണൽ കൗൺസിൽ ഭാരവാഹികൾ എന്നിവരും സ്വീകരണച്ചടങ്ങിൽ പങ്കെടുത്തു.

മെയ് 9-ാം തീയതി ശനിയാഴ്ച പരിശുദ്ധ അമ്മയുടെ അനുഗ്രഹസാന്നിധ്യം നിറഞ്ഞുനിൽക്കുന്ന നോക്ക് അന്താരാഷ്ട്ര ദിവ്യകാരുണ്യ മരിയൻ തീർത്ഥാടനകേന്ദ്രത്തിലേക്ക് സംഘടിപ്പിക്കുന്ന അയർലണ്ട് സീറോ മലബാർ സഭയുടെ ദേശീയ മരിയൻ തീർത്ഥാടനത്തിന് കർദ്ദിനാൾ മാർ ജോർജ് ജേക്കബ് കൂവക്കാട്ട് നേതൃത്വം നൽകും. രാവിലെ 9.45ന് നോക്ക് ബസലിക്കയിൽ ജപമാലയോടെ തീർത്ഥാടനാചരണങ്ങൾക്ക് തുടക്കമാകും. തുടർന്ന് ആഘോഷപൂർവമായ സീറോ മലബാർ വിശുദ്ധ കുർബാനയും ഭക്തിനിർഭരമായ പ്രദക്ഷിണവും നടക്കും. കർദ്ദിനാൾ മാർ ജോർജ് ജേക്കബ് കൂവക്കാട്ട് മുഖ്യകാർമ്മികനായിരിക്കും.

ബിഷപ്പ് മാർ സ്റ്റീഫൻ ചിറപ്പണത്ത്, അയർലണ്ട് നാഷണൽ കോർഡിനേറ്റർ ഫാ. ജോസഫ് ഓലിയക്കാട്ട്, അയർലണ്ടിലുടനീളമുള്ള സീറോ മലബാർ വൈദികർ എന്നിവർ തീർത്ഥാടനത്തിൽ സഹകാർമ്മികരായിരിക്കും. രാവിലെ 10 മണിക്ക് നോക്ക് ദേവാലയത്തിൽ കർദ്ദിനാളിന് അയർലണ്ട് സീറോ മലബാർ സഭയുടെ ഔദ്യോഗിക സ്വീകരണവും നൽകും.

കൊടികളും മുത്തുക്കുടകളും സ്വർണ-വെള്ളി കുരിശുകളും മാതാവിൻ്റേയും വിശുദ്ധരുടെയും തിരുസ്വരൂപങ്ങളും വഹിച്ച് പ്രാർത്ഥനാഗാനങ്ങൾ ആലപിച്ച് വിശ്വാസികൾ അണിനിരക്കുന്ന പ്രദക്ഷിണം അയർലണ്ടിലെ സീറോ മലബാർ പ്രവാസിസമൂഹത്തിൻ്റെ വിശ്വാസസാക്ഷ്യമായി മാറും. സഭയുടെ ഭക്തസംഘടനകളായ മാതൃവേദി, പിതൃവേദി, അൾത്താര ബാലസഖ്യം, ചെറുപുഷ്പ മിഷൻ ലീഗ് (CML), സീറോ മലബാർ യൂത്ത് മൂവ്മെന്റ് (SMYM) തുടങ്ങിയ സംഘടനകളും പ്രദക്ഷിണത്തിൽ സജീവമായി പങ്കെടുക്കും.

അയർലണ്ടിലെ വിവിധ കുർബാന സെൻ്ററുകളിൽ നിന്ന് ഈ വർഷം ആദ്യകുർബാന സ്വീകരിച്ച കുട്ടികൾ നോക്ക് തീർത്ഥാടനത്തിൽവച്ച് കർദ്ദിനാളിൽ നിന്ന് ദിവ്യകാരുണ്യം സ്വീകരിക്കുന്നതും ചടങ്ങിൻ്റെ ശ്രദ്ധേയ ഭാഗമാകും. കാറ്റിക്കിസം സ്കോളർഷിപ്പ് പരീക്ഷയിലും അയർലണ്ടിലെയും നോർത്തേൺ അയർലണ്ടിലെയും ലിവിങ് സർട്ട് (A-Level) പരീക്ഷകളിലും ഉന്നതവിജയം നേടിയ വിദ്യാർത്ഥികളേയും അഞ്ചോ അതിലധികമോ മക്കളുള്ള വലിയ കുടുംബങ്ങളേയും ചടങ്ങിൽ ആദരിക്കും. ബൈബിൾ ക്വിസ് നാഷണൽ തല വിജയികൾക്കുള്ള സമ്മാനദാനവും ഇതോടനുബന്ധിച്ച് നടക്കും.

സീറോ മലബാർ സഭയുടെ നാഷണൽ പാസ്റ്ററൽ കൗൺസിലിൻ്റേയും വിവിധ കുർബാന സെൻ്ററുകളുടെയും നേതൃത്വത്തിൽ തീർത്ഥാടനത്തിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സഭാ നേതൃത്വം അറിയിച്ചു. അയർലണ്ടിലെയും നോർത്തേൺ അയർലണ്ടിലെയും 38 കുർബാന സെന്ററുകളിൽ നിന്ന് ആയിരക്കണക്കിന് വിശ്വാസികൾ നോക്ക് ബസലിക്കയിൽ സംഗമിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നോക്ക് മരിയൻ തീർത്ഥാടനത്തിൽ പങ്കെടുക്കാൻ അയർലണ്ടിലെ മുഴുവൻ വിശ്വാസികളെയും പ്രാർത്ഥനാപൂർവം സ്വാഗതം ചെയ്യുന്നതായും സഭാ നേതൃത്വം അറിയിച്ചു.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments