ഓറഞ്ച് ഓർഡറിൽ രാത്രി ട്വിസ്റ്റ്; കോടതി അനുമതി നൽകി; രണ്ടായിരത്തോളം പ്രതിഷേധക്കാർ എത്തി മാർച്ച് തടഞ്ഞു

By Rose Malayalam Desk

നോർത്തേൺ അയർലൻഡിലെ ഏറെ വിവാദമായ ഡ്രംക്രീ–ഗാർവാഗി റോഡ് ഓറഞ്ച് ഓർഡർ മാർച്ചിൽ അവസാന നിമിഷം നാടകീയ വഴിത്തിരിവ്. മാർച്ച് തടഞ്ഞുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് അപ്പീൽ കോടതി രാത്രി റദ്ദാക്കിയതോടെ മാർച്ചിന് നിയമപരമായ അനുമതി ലഭിച്ചെങ്കിലും, ഞായറാഴ്ച പുലർച്ചെ ഗാർവാഗി റോഡിൽ രണ്ടായിരത്തോളം പ്രതിഷേധക്കാർ സംഘടിച്ച് റോഡ് തടഞ്ഞതോടെ മാർച്ച് നടത്തുന്നത് പ്രതിസന്ധിയിലായി.Sinn Féin നേതാവ് Mary Lou McDonald ഉൾപ്പെടെയുള്ള പാർട്ടി നേതാക്കളും പ്രതിഷേധ സ്ഥലത്തെത്തി.

വെള്ളിയാഴ്ച Parades Commission ഗാർവാഗി റോഡിലൂടെ പരിമിതമായ രീതിയിൽ മാർച്ച് നടത്താൻ അനുമതി നൽകിയിരുന്നു. പരമാവധി 35 ഓറഞ്ച് ഓർഡർ അംഗങ്ങൾക്ക് മാത്രമായിരുന്നു അനുമതി. ബാൻഡുകളോ അനുയായികളോ പങ്കെടുക്കരുതെന്നും മാർച്ച് രാവിലെ എട്ട് മണിക്ക് മുമ്പ് ആരംഭിച്ച് 9.30ന് മുമ്പ് അവസാനിപ്പിക്കണമെന്നും നിബന്ധനയുണ്ടായിരുന്നു. 1998ന് ശേഷം ഈ റൂട്ടിലൂടെ ഓറഞ്ച് ഓർഡർ മാർച്ചിന് ലഭിക്കുന്ന ആദ്യ അനുമതിയായിരുന്നു ഇത്

എന്നാൽ ഗാർവാഗി റോഡ് നിവാസികൾ ഇതിനെതിരെ കോടതിയെ സമീപിച്ചതിനെ തുടർന്ന് ഹൈക്കോടതി ആദ്യം ഇടക്കാല വിലക്ക് ഏർപ്പെടുത്തി. മാർച്ച് നടത്തുന്നത് പ്രദേശത്തെ സംഘർഷം വർധിപ്പിക്കാനുള്ള സാധ്യതയുണ്ടെന്ന് കോടതി നിരീക്ഷിച്ചിരുന്നു. തുടർന്ന് ഓറഞ്ച് ഓർഡർ അപ്പീൽ നൽകിയതോടെ രാത്രി വൈകി Court of Appeal കേസ് പരിഗണിക്കുകയും ഹൈക്കോടതി ജഡ്ജിയുടെ ഇടക്കാല വിലക്ക് നിയമപരമായി തെറ്റായിരുന്നുവെന്ന് കണ്ടെത്തി റദ്ദാക്കുകയും ചെയ്തു. തുടർന്ന് പുലർച്ചെ നടന്ന മറ്റൊരു ഹൈക്കോടതി വാദത്തിലും മാർച്ച് തടയാനുള്ള അപേക്ഷ തള്ളപ്പെട്ടു.

എന്നാൽ റോഡിൽ രണ്ടായിരത്തോളം പ്രതിഷേധക്കാർ കോടതി അനുമതി ലഭിച്ചതിന് പിന്നാലെ പുലർച്ചെ തന്നെ എത്തി. പുലർച്ച തന്നെ ഗാർവാഗി റോഡിൽ വലിയ പ്രതിഷേധക്കൂട്ടം രൂപപ്പെട്ടു. ഏകദേശം 2,000 പേരാണ് മാർച്ച് തടയുന്നതിനായി പ്രദേശത്ത് എത്തിയത്. ഞായറാഴ്ച രാവിലെ എട്ടുമണിയോടെ മാർച്ച് ആരംഭിക്കേണ്ടതായിരുന്നു.

എന്നാൽ റോഡിൽ പ്രതിഷേധക്കാർ തടസ്സം സൃഷ്ടിച്ചതോടെ PSNI മാർച്ച് മുന്നോട്ടുകൊണ്ടുപോകാൻ കഴിയില്ലെന്ന് ഓറഞ്ച് ഓർഡറിനെ അറിയിച്ചു.ഡ്രംക്രീ പള്ളിക്ക് സമീപം 35 ഓറഞ്ച് ഓർഡർ അംഗങ്ങൾ മാർച്ചിനായി തയ്യാറായിരുന്നെങ്കിലും, ഗാർവാഗി റോഡിലെ സ്ഥിതിഗതികൾ കാരണം മാർച്ച് തടസ്സപ്പെട്ടു. തുടർന്ന് പ്രദേശത്ത് ശക്തമായ പോലീസ് സാന്നിധ്യവും നിലനിന്നു.

മാർച്ചിന് Sinn Féin ശക്തമായി എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. പാർട്ടി വൈസ് പ്രസിഡന്റും വടക്കൻ അയർലൻഡ് First Ministerുമായ Michelle O’Neill, ഗാർവാഗി റോഡിലൂടെ മാർച്ച് അനുവദിച്ച Parades Commission തീരുമാനത്തെ ശക്തമായി വിമർശിച്ചിരുന്നു. 28 വർഷമായി പ്രദേശത്ത് നിലനിൽക്കുന്ന സമാധാനം സംരക്ഷിക്കപ്പെടേണ്ടതാണെന്നും മാർച്ച് വീണ്ടും അനുവദിച്ചത് ആവശ്യമില്ലാത്ത സംഘർഷത്തിന് കാരണമാകുമെന്നും Sinn Féin നിലപാടെടുത്തു.Sinn Féin നേതാവ് Mary Lou McDonald ഉൾപ്പെടെയുള്ള പാർട്ടി നേതാക്കളും പ്രതിഷേധ സ്ഥലത്തെത്തി. ഞായറാഴ്ച പുലർച്ചെ മുതൽ ഗാർവാഗി റോഡിൽ പ്രതിഷേധിച്ച ജനങ്ങൾക്കൊപ്പം ഇരുവരും നിലയുറപ്പിച്ചു.

മറുവശത്ത്, DUP ഉൾപ്പെടെയുള്ള യൂണിയനിസ്റ്റ് രാഷ്ട്രീയ പാർട്ടികൾ മാർച്ചിന് അനുകൂല നിലപാടാണ് സ്വീകരിച്ചത്. ചരിത്രപരമായ അനീതിക്ക് പരിഹാരം കാണാനുള്ള അവസരമായാണ് DUP മാർച്ചിന് അനുമതി ലഭിച്ചതിനെ വിലയിരുത്തിയത്.

28 വർഷത്തെ വിലക്കിന് ശേഷം വീണ്ടും വിവാദം

1990കളിൽ ഡ്രംക്രീ മാർച്ച് വടക്കൻ അയർലൻഡിലെ ഏറ്റവും വലിയ രാഷ്ട്രീയ-സാമുദായിക സംഘർഷങ്ങളിലൊന്നായി മാറിയിരുന്നു. ഗാർവാഗി റോഡ് വഴി പ്രൊട്ടസ്റ്റന്റ് / യൂണിനിസ്റ്റ് സംഘടനകൾ ഓറഞ്ച് ഓർഡർ മാർച്ച് നടത്തുന്നതിനെ കാത്തലിക് / നാഷണലിസ്റ്റ് സമൂഹം ശക്തമായി എതിർത്തതിനെ തുടർന്ന് നിരവധി വർഷങ്ങളിൽ സംഘർഷങ്ങളും വലിയ സുരക്ഷാ നടപടികളും ഉണ്ടായി. 1998 മുതൽ ഈ റൂട്ടിൽ മാർച്ച് നടത്തുന്നതിന് വിലക്കുണ്ടായിരുന്നു.ഏകദേശം മൂന്ന് പതിറ്റാണ്ടിന് ശേഷം വീണ്ടും ഈ റൂട്ടിലൂടെ മാർച്ചിന് അനുമതി ലഭിച്ചതാണ് ഇപ്പോഴത്തെ പ്രതിഷേധത്തിന് കാരണമായത്. കോടതി അനുമതി നൽകിയെങ്കിലും റോഡിലെ പ്രതിഷേധം കാരണം മാർച്ച് യഥാർത്ഥത്തിൽ എപ്പോൾ നടക്കുമെന്നത് ഇപ്പോഴും അനിശ്ചിതമായി തുടരുകയാണ്.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments