അയർലണ്ടിലെ വാട്ടർഫോർഡിൽ ഒരു കുടുംബത്തിലെ നാല് പേരുടെ മരണത്തിനിടയാക്കിയ വീടിന് നേരെയുള്ള പെട്രോൾ ബോംബ് ആക്രമണവുമായി ബന്ധപ്പെട്ട് രണ്ടുപേരെ ഗാർഡ അറസ്റ്റ് ചെയ്തു. ഇരുപതുകളിൽ പ്രായമുള്ള പുരുഷനെയും മുപ്പതുകളിൽ പ്രായമുള്ള സ്ത്രീയെയുമാണ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തത്. സംഭവത്തിൽ ഇവരുടെ പങ്ക് സംബന്ധിച്ച് ഗാർഡ അന്വേഷണം തുടരുകയാണ്.
ബിർച്ച്വുഡ് എസ്റ്റേറ്റിലെ കുടുംബവീടിന് നേരെ ഒക്ടോബർ 13-ന് പുലർച്ചെയാണ് ആക്രമണമുണ്ടായത്. വീടിനുള്ളിലുണ്ടായിരുന്ന കുടുംബാംഗങ്ങളിൽ നാല് പേർ കൊല്ലപ്പെടുകയും രണ്ട് കുട്ടികൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.മരിച്ചത് ഫിലിപ്പ് ഇംഗ്ലീഷ്, ഭാര്യ കിം ഇംഗ്ലീഷ്, ഇവരുടെ മക്കളായ ക്യാലം, ജെയ്ഡൻ എന്നിവരാണ്. ഗുരുതരമായി പരിക്കേറ്റ രണ്ട് കുട്ടികളെ ഡബ്ലിനിലെ ക്രംലിൻ കുട്ടികളുടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
20,000 യൂറോയുടെ കടം; ആക്രമണത്തിന് പിന്നിൽ മയക്കുമരുന്ന് ഇടപാടെന്ന് ആരോപണം
ഏകദേശം 20,000 യൂറോയുടെ മയക്കുമരുന്ന് കടവുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിന് പിന്നിലെന്ന ആരോപണം ഉയർന്നിട്ടുണ്ട്. മരിച്ച ഫിലിപ്പ് ഇംഗ്ലീഷിന്റെ ആദ്യ വിവാഹത്തിലെ മകൻ ജോൺ ജെയിംസ് ഇംഗ്ലീഷ് ഈ വിഷയവുമായി ബന്ധപ്പെട്ട ആരോപണം ഉന്നയിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.എന്നാൽ, കടവുമായി ബന്ധപ്പെട്ട ആരോപണവും ആക്രമണത്തിന്റെ യഥാർഥ കാരണവും അന്വേഷണത്തിലൂടെ സ്ഥിരീകരിക്കേണ്ടതുണ്ട്. സംഭവത്തിന് പിന്നിലെ പ്രേരണ സംബന്ധിച്ച് ഗാർഡയുടെ അന്തിമ കണ്ടെത്തൽ പുറത്തുവന്നിട്ടില്ല.
നേരത്തെയും ആക്രമണമുണ്ടായിരുന്നെന്ന് റിപ്പോർട്ട്
കുടുംബത്തിന്റെ വീടിനും വാഹനത്തിനും നേരെ നേരത്തെയും ആക്രമണങ്ങൾ ഉണ്ടായിരുന്നുവെന്നാണ് മാധ്യമ റിപ്പോർട്ടുകൾ. കഴിഞ്ഞ മാസം കാറിന് നേരെ പെട്രോൾ ബോംബ് എറിഞ്ഞ സംഭവവും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിന് നിലവിലെ ആക്രമണവുമായി ബന്ധമുണ്ടോയെന്നും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.
സംഭവസ്ഥലത്തും വാട്ടർഫോർഡിലെ മറ്റ് ചില സ്ഥലങ്ങളിലും ഗാർഡ പരിശോധനകൾ നടത്തിയിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി വാട്ടർഫോർഡിൽ ഗാഡ നിരവധി വീടുകളിൽ റെയ്ഡ് നടത്തുകയും വാഹനങ്ങളും മൊബൈൽ ഫോണുകൾ ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുത്ത് പരിശോധനയ്ക്ക് വിധേയമാക്കിയതായും റിപ്പോർട്ടുകളുണ്ട്.കേസിൽ അറസ്റ്റിലായ രണ്ടുപേരെയും ചോദ്യം ചെയ്തുവരികയാണ്. ഒരു കുടുംബത്തെ തന്നെ തകർത്ത ഈ ആക്രമണം വാട്ടർഫോർഡിലെ ജനങ്ങൾക്കിടയിൽ വലിയ ഞെട്ടലും ദുഃഖവുമാണ് സൃഷ്ടിച്ചിരിക്കുന്നത്.
For more news please join our whatsapp group
https://chat.whatsapp.com/EYff5ESLNtXIDOjtNZ27LS?s=cl&p=a&mlu=4&ilr=4

Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments