അയർലണ്ടിലെ വാട്ടർഫോർഡ് നഗരത്തിലെ ബിർച്ച് വുഡ് എസ്റ്റേറ്റിൽ വീടിന് തീപിടിച്ച സംഭവത്തിൽ പെട്രോൾ ബോംബ് ആക്രമണം നടന്നതായുള്ള സൂചനകൾ പുറത്തുവന്നു. കുട്ടികൾ ഉൾപ്പെടെ ഒരു കുടുംബത്തിലെ ഏഴ് പേർ വീട്ടിലുണ്ടായിരുന്ന സമയത്താണ് ദാരുണമായ സംഭവം ഉണ്ടായത്. സംഭവത്തിൽ നാല് പേർ മരിച്ചതായും മൂന്ന് പേർ ഗുരുതരമായി പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. സമീപ പ്രദേശങ്ങളിൽ നിരവധി മലയാളി കുടുംബങ്ങൾ താമസിക്കുന്നുണ്ട്.
ചൊവ്വാഴ്ച പുലർച്ചെ 5.13ഓടെയാണ് വീട്ടിൽ തീപിടിച്ചതായി അടിയന്തര സേവനങ്ങൾക്ക് വിവരം ലഭിച്ചത്. വാട്ടർഫോർഡ് ഫയർ സർവീസും ഗാർഡയും ആംബുലൻസ് സംഘവും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം, വീടിന് പുറത്തുനിന്ന് പെട്രോൾ ബോംബ് എറിഞ്ഞതാണ് തീപിടിത്തത്തിന് കാരണമെന്ന സംശയമുണ്ട്.
വീട്ടിലുണ്ടായിരുന്നത് അച്ഛനും അമ്മയും അഞ്ച് കുട്ടികളുമാണെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. അച്ഛനും മൂന്ന് കുട്ടികളും മരിച്ചതായാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അമ്മയും മറ്റ് രണ്ട് കുട്ടികളും ഗുരുതരാവസ്ഥയിലാണ്.ഗുരുതരമായി പരിക്കേറ്റ രണ്ട് കുട്ടികളെ വാട്ടർഫോർഡ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽനിന്ന് ഡബ്ലിനിലെ ക്രംലിൻ ചിൽഡ്രൻസ് ഹോസ്പിറ്റലിലേക്ക് മാറ്റുന്നതിനുള്ള നടപടികൾ സ്വീകരിച്ചതായും റിപ്പോർട്ടുകളുണ്ട്
സംഭവത്തെത്തുടർന്ന് ബിർച്ച്വുഡ് മേഖലയിലെ വീട്ടിൽ ഗാർഡയും അടിയന്തര സേവന വിഭാഗങ്ങളും പരിശോധന നടത്തി. തീ നിയന്ത്രണവിധേയമാക്കിയതിനു പിന്നാലെ സ്ഥലം അന്വേഷണത്തിനായി ഗാർഡയുടെ നിയന്ത്രണത്തിലാക്കി.സംഭവത്തിന്റെ യഥാർഥ കാരണം, പെട്രോൾ ബോംബ് ആക്രമണത്തിന് പിന്നിലെ സാഹചര്യങ്ങൾ, ഉത്തരവാദികളെന്ന് സംശയിക്കുന്നവരെക്കുറിച്ചുള്ള വിവരങ്ങൾ എന്നിവ ഔദ്യോഗികമായി സ്ഥിരീകരിക്കേണ്ടതുണ്ട്. അന്വേഷണം പുരോഗമിക്കുന്നതിനാൽ കൂടുതൽ വിവരങ്ങൾ പുറത്തുവിടുന്നതിൽ പരിമിതികളുണ്ടെന്ന് ഗാർഡ അറിയിച്ചിട്ടുണ്ട്.കുട്ടികൾ ഉൾപ്പെടെയുള്ളവരുടെ ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ വാട്ടർഫോർഡ് സമൂഹം കടുത്ത ദുഃഖത്തിലാണ്.
For more news please join our whatsapp group
https://chat.whatsapp.com/EYff5ESLNtXIDOjtNZ27LS?s=cl&p=a&mlu=4&ilr=4
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments