ദേശീയ പണിമുടക്കിൽ ഏതൊക്കെ സേവനങ്ങൾക്ക് തടസ്സം വരുമെന്ന് അറിയാം

By Rose Malayalam Desk

അയർലണ്ടിൽ പൊതുമേഖലാ ജീവനക്കാർ പ്രഖ്യാപിച്ച ദേശീയ പണിമുടക്ക് ജനജീവിതത്തെ വ്യാപകമായി ബാധിക്കുമെന്നാണ് സൂചന. നഴ്സുമാർ, ഡോക്ടർമാർ, അധ്യാപകർ, സിവിൽ സർവീസ് ജീവനക്കാർ തുടങ്ങി മൂന്ന് ലക്ഷത്തിലധികം ജീവനക്കാർ പണിമുടക്കിൽ പങ്കെടുക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇതിന്റെ ഭാഗമായി വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം, ഡ്രൈവിങ് ടെസ്റ്റുകൾ, സർക്കാർ ഓഫീസുകൾ, കോടതികൾ, പൈതൃക കേന്ദ്രങ്ങൾ തുടങ്ങി വിവിധ മേഖലകളിൽ സേവനതടസ്സങ്ങൾ പ്രതീക്ഷിക്കുന്നു.

സ്കൂളുകളും കോളജുകളും അടച്ചിടും

പണിമുടക്കിൽ അധ്യാപക സംഘടനകളായ INTO, ASTI, TUI, IFUT എന്നിവയുടെ പങ്കാളിത്തമുള്ളതിനാൽ മിക്ക സ്കൂളുകളും കോളജുകളും സർവകലാശാലകളും അടച്ചിടുമെന്നാണ് അറിയിപ്പ്. ഫോഴ്‌സ (Fórsa) യൂണിയനു കീഴിലുള്ള സ്പെഷ്യൽ നീഡ്സ് അസിസ്റ്റന്റുമാരും (SNA) സമരത്തിൽ പങ്കെടുക്കും. സ്കൂൾ പ്രവേശന കവാടങ്ങളിൽ പ്രതിഷേധ പിക്കറ്റിങ്ങും ഉണ്ടാകാനിടയുണ്ട്.

ഡ്രൈവിങ് ടെസ്റ്റുകൾ റദ്ദാക്കും

റോഡ് സേഫ്റ്റി അതോറിറ്റിയിലെ (RSA) ജീവനക്കാരുടെ പണിമുടക്കിനെ തുടർന്ന് നിശ്ചയിച്ചിട്ടുള്ള ഡ്രൈവിങ് ടെസ്റ്റുകൾ റദ്ദാക്കപ്പെടും. എന്നാൽ നാഷണൽ ഡ്രൈവർ ലൈസൻസ് സർവീസ് (NDLS), നാഷണൽ കാർ ടെസ്റ്റ് (NCT), ഡ്രൈവർ തിയറി ടെസ്റ്റ്, കൊമേഴ്‌സ്യൽ വെഹിക്കിൾ റോഡ്‌വർത്തിനസ് ടെസ്റ്റ് (CVRT) തുടങ്ങിയ സേവനങ്ങൾക്ക് തടസ്സം ഉണ്ടാകില്ല എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ആരോഗ്യരംഗത്ത് വ്യാപകമായ തടസ്സങ്ങൾ

ആരോഗ്യമേഖലയിലെ പണിമുടക്ക് ആയിരക്കണക്കിന് മെഡിക്കൽ അപ്പോയിന്റ്മെന്റുകൾ റദ്ദാകാൻ ഇടയാക്കും. ഏതാണ്ട് ഇരുപതിനായിരത്തിന് അടുത്ത് അപ്പോയിന്റുകൾ ക്യാൻസൽ ആകും എന്നാണ് കരുതപ്പെടുന്നത്.

കൺസൾട്ടന്റുമാർ, പൊതുജനാരോഗ്യ ഡോക്ടർമാർ, നഴ്സുമാർ, മിഡ്‌വൈഫുമാർ, ആംബുലൻസ് ജീവനക്കാർ, ആരോഗ്യ-സാമൂഹിക പരിചരണ മേഖലയിലെ ജീവനക്കാർ എന്നിവരിൽ വിവിധ വിഭാഗങ്ങൾ സമരത്തിൽ പങ്കെടുക്കും. എച്ച്എസ്ഇയ്ക്ക് കീഴിൽ ജോലി ചെയ്യുന്ന ദന്തഡോക്ടർമാരും പണിമുടക്കിൽ പങ്കെടുക്കുമെന്നാണ് അറിയിപ്പ്.

എന്നാൽ അടിയന്തര ചികിത്സാ വിഭാഗങ്ങൾ പ്രവർത്തിക്കും. ആംബുലൻസ് സേവനങ്ങൾ പരിമിതമായ ശേഷിയിലായിരിക്കും ലഭിക്കുക. ജിപിമാരുടെയും ഫാർമസിസ്റ്റുകളുടെയും സേവനങ്ങൾ തുടരുമെന്നാണ് നൽകിയിരിക്കുന്ന വിവരങ്ങൾ. ആശുപത്രികളിലോ ക്ലിനിക്കുകളിലോ അപ്പോയിന്റ്മെന്റ് ലഭിച്ചിട്ടുള്ളവർ യാത്ര തിരിക്കുന്നതിന് മുമ്പ് ബന്ധപ്പെട്ട സ്ഥാപനത്തിൽ നിന്ന് ഏറ്റവും പുതിയ അറിയിപ്പ് തേടുന്നത് ഉചിതമാണ്.

സർക്കാർ ഓഫീസുകളും പാർലമെന്റ് നടപടികളും തടസ്സപ്പെടും

സർക്കാർ വകുപ്പുകൾ, സംസ്ഥാന ഏജൻസികൾ, പ്രാദേശിക കൗൺസിലുകൾ എന്നിവിടങ്ങളിലെ ഭരണപരമായ സേവനങ്ങളെയും പണിമുടക്ക് ബാധിച്ചേക്കും. ഡബ്ലിനിലെ ലെയിൻസ്റ്റർ ഹൗസ് അടച്ചിടുമെന്നാണ് അറിയിപ്പ്. ഡെയിൽ, സീനഡ് സമ്മേളനങ്ങളും ഒറിയാക്ടസ് കമ്മിറ്റി ഹിയറിങ്ങുകളും താൽക്കാലികമായി നിർത്തിവയ്ക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.അഗ്നിശമന സേനയുടെ സേവനങ്ങൾ പരിമിതമായ രീതിയിൽ മാത്രമായിരിക്കും ലഭ്യമാകുക.

കോടതികളുടെ പ്രവർത്തനവും തടസ്സപ്പെടും

മിക്ക കോടതി നടപടികളും റദ്ദാക്കപ്പെടുമെന്നാണ് അറിയിപ്പ്. എന്നാൽ ഗാർഹിക പീഡനവുമായി ബന്ധപ്പെട്ട അപേക്ഷകൾ, കുട്ടികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട അടിയന്തര നടപടികൾ, പ്രതികളെ കസ്റ്റഡിയിൽ തുടരാൻ ആവശ്യമായ ചില അപേക്ഷകൾ തുടങ്ങിയവയ്ക്ക് ഇളവുണ്ടാകും.ജീവൻ, ആരോഗ്യം, സുരക്ഷ, ക്ഷേമം എന്നിവ സംരക്ഷിക്കുന്നതിനായി അടിയന്തര ഇടപെടൽ ആവശ്യമായ കേസുകൾ പരിഗണിക്കുമെന്നും അറിയിപ്പിൽ പറയുന്നു.

ഹെറിറ്റേജ് സെന്ററുകളും പാർക്കുകളും അടച്ചിടും

ഓഫീസ് ഓഫ് പബ്ലിക് വർക്ക്സിന് (OPW) കീഴിലുള്ള പൈതൃക കേന്ദ്രങ്ങൾ, പാർക്കുകൾ, പൂന്തോട്ടങ്ങൾ എന്നിവ അടച്ചിടും. ഫീനിക്സ് പാർക്കിലെ റോഡുകൾ തുറന്നിരിക്കുമെങ്കിലും സന്ദർശക സൗകര്യങ്ങൾ അടച്ചിടുമെന്നാണ് അറിയിപ്പ്.നാഷണൽ ലൈബ്രറിയുടെ ചില സേവനങ്ങൾക്കും നിയന്ത്രണമുണ്ടാകും. പണിമുടക്കിനെ തുടർന്ന് നാഷണൽ കൺസേർട്ട് ഹാളിലെ ചില പരിപാടികൾ മാറ്റിവെച്ചതായും റിപ്പോർട്ടിൽ പറയുന്നു.

യാത്രകളും ദൈനംദിന കാര്യങ്ങളും മുൻകൂട്ടി ആസൂത്രണം ചെയ്യുകദേശീയ പണിമുടക്ക് വിദ്യാഭ്യാസം, ചികിത്സ, സർക്കാർ സേവനങ്ങൾ, നിയമനടപടികൾ തുടങ്ങി ജനങ്ങളുടെ ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട നിരവധി മേഖലകളെ ബാധിക്കാൻ സാധ്യതയുണ്ട്. അതിനാൽ അപ്പോയിന്റ്മെന്റുകൾ, ഡ്രൈവിങ് ടെസ്റ്റുകൾ, സ്കൂൾ പ്രവർത്തനം, സർക്കാർ ഓഫീസുകളിലെ സേവനങ്ങൾ എന്നിവ സംബന്ധിച്ച് ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ ഔദ്യോഗിക അറിയിപ്പുകൾ പരിശോധിച്ചശേഷം യാത്രകളും മറ്റ് കാര്യങ്ങളും ആസൂത്രണം ചെയ്യുന്നതാണ് ഉചിതം.

For more news please join our whatsapp group

https://chat.whatsapp.com/EYff5ESLNtXIDOjtNZ27LS?s=cl&p=a&mlu=4&ilr=4

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments