‘ഇനിയും വയ്യ സഹിക്കാൻ’: വംശീയാതിക്രമങ്ങൾക്കെതിരെ ശക്തമായ നടപടികളാവശ്യപ്പെട്ട് ഡബ്ലിനിൽ ആയിരങ്ങൾ തെരുവിലിറങ്ങി

അയര്‍ലണ്ടില്‍ വര്‍ദ്ധിച്ചുവരുന്ന വംശീയാതിക്രമങ്ങള്‍ക്കും, വിദ്വേഷ കുറ്റകൃത്യങ്ങള്‍ക്കുമെതിരെ ശക്തമായ നേതൃത്വവും, നടപടികളും, നിയമനിര്‍മ്മാണവുമാവശ്യപ്പെട്ട് ആയിരക്കണക്കിനാളുകളുടെ പ്രകടനം. ശനിയാഴ്ച ഉച്ചതിരിഞ്ഞാണ് തലസ്ഥാനമായ ഡബ്ലിനിലെ പാര്‍നല്‍ സ്‌ക്വയറില്‍ നിന്നും, മെറിയണ്‍ സ്‌ക്വയറിലേയ്ക്ക് വന്‍ ജനാവലി പങ്കെടുത്ത റാലി നടന്നത്. ‘സ്റ്റാന്‍ഡ് റ്റുഗെദര്‍’ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് സമൂഹത്തിലെ വിവിധ തുറകളിലുള്ളവര്‍ അണിനിരന്ന റാലി സര്‍ക്കാരിന് ശക്തമായ സന്ദേശം നല്‍കിയത്.

പലസ്തീനിയന്‍ പതാകകള്‍, ഐറിഷ് പതാകകള്‍, തൊഴിലാളി യൂണിയന്‍ ബാനറുകള്‍ മുതലായവ ഏന്തിയാണ് ജനങ്ങള്‍ റാലിയില്‍ പങ്കെടുത്തത്. അയര്‍ലണ്ടിലെ പരപമ്പരാഗത ജനവിഭാഗമായ ട്രാവലര്‍ സമൂഹത്തിന്റെ പ്രതിനിധികളും പ്രകടനത്തില്‍ സന്നിഹിതരായിരുന്നു.

ഗാസയിലെ നിരപരാധികളെ ഇസ്രായേല്‍ കൂട്ടക്കുരുതി നടത്തുന്നതിനെതിരായും പ്രതിഷേധമുയര്‍ന്നു.

അടിസ്ഥാന സൗകര്യങ്ങളിലൊന്നായ വെള്ളം പോലുമില്ലാതെ 2,000-ഓളം ട്രാവലര്‍ കുടുംബങ്ങളാണ് രാജ്യത്ത് ദുരിതമനുഭവിച്ചുവരുന്നതെന്ന് റാലിയെ അഭിസംബോധന ചെയ്ത് സംസാരിച്ച ഐറിഷ് ട്രാവലര്‍ മൂവ്‌മെന്റ് അംഗമായ ബെര്‍നാര്‍ഡ് ജോയ്‌സ് പറഞ്ഞു.

സമത്വത്തിനും, നീതിക്കുമായാണ് ഐറിഷുകാര്‍ നിലകൊള്ളുന്നതെന്നും, അതാണ് തന്നെ ഐറിഷ് ആയി നിര്‍വ്വചിക്കുന്നതെന്നും റാലിയില്‍ സംസാരിച്ച കമ്മ്യൂണിറ്റി ആക്ഷന്‍ ടെനന്റ്‌സ് യൂണിയന്റെ ഐലിങ് ഹെഡ്ഡര്‍മാന്‍ പറഞ്ഞു. രാജ്യം കൂടുതല്‍ വിഘടിപ്പിക്കപ്പെടുന്നതാണ് നിലവിലെ സാഹചര്യമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

രാജ്യത്ത് തീവ്രവലതുപക്ഷവാദികള്‍ പെരുകുകയാണ്. അതിനായി അവര്‍ ഉപയോഗിക്കുന്നതാകട്ടെ ഐറിഷ് പതാകയും- ഹെഡ്ഡര്‍മാന്‍ പറഞ്ഞു.

ഏവരെയും സ്വീകരിക്കുന്ന രാജ്യമായി അറിയപ്പെട്ടിരുന്ന അയര്‍ലണ്ടില്‍ ഈയിടെയായി തീവ്രവലതുപക്ഷവാദികള്‍ അക്രസംഭവങ്ങളഴിച്ചുവിടുകയും, ഇതര വംശക്കാരെ അധിക്ഷേപിക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ വര്‍ദ്ധിച്ചത് വ്യാപക പ്രതിഷേധത്തിനാണ് ഇടയാക്കിയിരിക്കുന്നത്. അഭയാര്‍ത്ഥികളെ താമസിപ്പിക്കാനായി തയ്യാറാക്കിയ കെട്ടിടങ്ങള്‍ക്ക് തീവെച്ച സംഭവങ്ങളും തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.

Share this news

Leave a Reply

%d bloggers like this: