അയർലണ്ടുകാരുടെ സ്വപ്നമായ കുട്ടികളുടെ ആശുപത്രി ഈ വർഷം നിർമ്മാണം പൂർത്തിയാക്കും

അയര്‍ലണ്ടുകാരുടെ ഏറെക്കാലത്തെ സ്വപ്‌നമായ കുട്ടികളുടെ ആശുപത്രി ഈ വര്‍ഷം നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്ന് ആരോഗ്യമന്ത്രി സ്റ്റീഫന്‍ ഡോനലി. 2024-ലെ അവസാന മൂന്ന് മാസത്തില്‍ ആശുപത്രിയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി കൈമാറുമെന്ന് കോണ്‍ട്രാക്ടര്‍ തനിക്ക് ഉറപ്പ് നല്‍കിയതായും, അത് പാലിക്കപ്പെടുമെന്നാണ് കരുതുന്നതെന്നും ഡോനലി വ്യക്തമാക്കി. അയർലണ്ടിലെ കുട്ടികൾക്ക് അടുത്ത വർഷം മുതൽ ഇവിടെ ചികിത്സ തേടാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഡബ്ലിനിലെ St Jame’s Hospital-ന്റെ സ്ഥലത്താണ് ഇതുവരെ പേരിട്ടിട്ടില്ലാത്ത ആശുപത്രിയുടെ നിര്‍മ്മാണം പുരോഗമിക്കുന്നത്. 2.2 ബില്യണ്‍ യൂറോയിലധികം നിര്‍മ്മാണച്ചെലവായി കണക്കാക്കുന്നുണ്ട്. BAM കമ്പനിയാണ് നിര്‍മ്മാണം നടത്തുന്നത്.

2014-ല്‍ പദ്ധതി ആരംഭിച്ചപ്പോള്‍ 650 മില്യണ്‍ യൂറോയായിരുന്നു നിര്‍മ്മാണച്ചെലവായി കണക്കാക്കിയിരുന്നത്. എന്നാല്‍ പിന്നീട് വിവിധ തര്‍ക്കങ്ങള്‍ ഉടലെടുക്കുകയും, കോണ്‍ട്രാക്ടര്‍ക്ക് അധിക തുക നല്‍കേണ്ടിവരികയും ചെയ്തു. നിര്‍മ്മാണത്തിനായി മറ്റ് രീതിയിലുള്ള ചെലവുകളും വര്‍ദ്ധിച്ചു.

അതേസമയം ലോകത്തിലെ തന്നെ ഏറ്റവും മികച്ച ആശുപത്രികളിലൊന്നായാണ് ഡബ്ലിനിലെ കുട്ടികളുടെ ആശുപത്രി നിര്‍മ്മിക്കുന്നതെന്നാണ് സര്‍ക്കാര്‍ പറയുന്നത്. രക്ഷിതാക്കള്‍ക്ക് താമസിക്കാനുള്ള സൗകര്യം ഉള്ളതടക്കം 300 പേഷ്യന്റ് സ്യൂട്ട് റൂമുകളാണ് ഇവിടെ ഉണ്ടാകുക. 60 ക്രിട്ടിക്കല്‍ കെയര്‍ ബെഡ്ഡുകള്‍, 93 ഡേ ബെഡ്ഡുകള്‍, 20 പ്രത്യേക മെന്റല്‍ ഹെല്‍ത്ത് കെയര്‍ ബെഡ്ഡുകള്‍ എന്നിവയും ഉണ്ടാകും.

22 ഓപ്പറേഷന്‍ തിയറ്ററുകളും, പ്രൊസീജിയര്‍ റൂമുകളും ഒപ്പം അഞ്ച് MRI, 110 ഔട്ട് പേഷ്യന്റ് റൂമുകള്‍ എന്നിവയും ആശുപത്രിയിലെ സൗകര്യങ്ങളാണ്.

കെട്ടിട നിര്‍മ്മാണം 90% പൂര്‍ത്തിയായതായും, ആരോഗ്യ ഉപകരണങ്ങള്‍ സ്ഥാപിക്കാന്‍ ആരംഭിച്ചതായുമാണ് റിപ്പോര്‍ട്ട്. നിര്‍മ്മാണച്ചെലവിന്റെ വലിയൊരു ഭാഗവും Ronald McDonald House charity ആണ് നല്‍കുന്നത്.

Share this news

Leave a Reply

%d bloggers like this: