അയർലണ്ടിൽ നടപ്പിലാക്കാനുദ്ദേശിക്കുന്ന വിദ്വേഷ കുറ്റകൃത്യനിയമവും, ബന്ധപ്പെട്ട വിവാദവും എന്ത്? പ്രവാസികൾക്ക് ഗുണകരമാകുമോ?

അയര്‍ലണ്ടില്‍ സര്‍ക്കാര്‍ പുതുതായി നടപ്പിലാക്കാനുദ്ദേശിക്കുന്ന വിദ്വേഷ കുറ്റകൃത്യ നിയമവുമായി (Hate Crime Legislation) ബന്ധപ്പെട്ടുള്ള വിവാദങ്ങള്‍ തുടരുകയാണ്. നിയമത്തെ ആദ്യം പിന്തുണച്ച പ്രതിപക്ഷ പാര്‍ട്ടിയായ Sinn Fein പിന്നീട് നിലപാട് മാറ്റുകയും, മറ്റ് പലയിടത്ത് നിന്നും നിയമത്തനെതിരായ സ്വരങ്ങള്‍ ഉയരുന്നതും തുടരുകയാണ്. ഈ സാഹചര്യത്തില്‍ എന്നതാണ് ഈ നിയമമെന്നും, ഇത് നടപ്പിലാക്കുന്നതിനെ ആരൊക്കെ, എന്തിനൊക്കെ എതിര്‍ക്കുന്നു എന്നും വിശകലനം ചെയ്യുകയാണിവിടെ.

എന്താണ് വിദ്വേഷ കുറ്റകൃത്യ ബില്‍?

നിലവില്‍ മുന്നോട്ടുവച്ചിരിക്കുന്ന വിദ്വേഷ കുറ്റകൃത്യ ബില്‍ പാസാകുകയാണെങ്കില്‍ അത് അറിയപ്പെടുക Criminal Justice (Incitement to Violence or Hatred and Hate Offences) Bill 2022 എന്നാകും. നിലവില്‍ വിദ്വേഷ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് രാജ്യത്തുള്ള നിയമങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതും, ഒപ്പം വിദ്വേഷം എന്ന വാക്കിന് നിയമപരമായ പരിഗണന ഉറപ്പാക്കുകയും ചെയ്യുന്നതാണ് ഈ ബില്‍.

ഈ ബില്ലില്‍ കുറ്റകൃത്യങ്ങളിലേയ്ക്ക് നയിക്കുന്നത് സംബന്ധിച്ച 10 പ്രത്യേക കാരണങ്ങളെ അല്ലെങ്കില്‍ സ്വഭാവങ്ങളെ വ്യക്തമായി എടുത്തുപറയുന്നുണ്ട്. വംശം, തൊലിയുടെ നിറം, പൗരത്വം, രാജ്യം, ലിംഗം, പാരമ്പര്യം, ലൈംഗികമായ പ്രത്യേകതകള്‍, ലൈംഗികമായ തെരഞ്ഞെടുപ്പുകള്‍, ഭിന്നശേഷി എന്നിവയാണ് അവ. നിയമസംരക്ഷണമുള്ള ക്യരക്ടറിസ്റ്റിക്‌സ് ആയാണ് ഇവയെ കണക്കാക്കുക.

ഈ ബില്‍ നിയമമാകുകയാണെങ്കില്‍, രാജ്യത്ത് ഒരാള്‍ക്കെതിരെ കുറ്റകൃത്യം നടന്നാല്‍, അതിന് മേല്‍ പറഞ്ഞ എന്തെങ്കിലും കാരണമായിട്ടുണ്ടോ എന്ന് പ്രത്യേകമായി പരിശോധിക്കും. ഉണ്ടെന്ന് തെളിഞ്ഞാല്‍ പ്രതിക്ക് കൂടുതല്‍ ശിക്ഷ ലഭിക്കാനും സാധ്യതയുണ്ട്. അക്രമം, അപഹസിക്കല്‍, ഭീഷണി, പരിക്കേല്‍പ്പിക്കല്‍ മുതലായ കുറ്റങ്ങളിലേയ്ക്ക് നയിച്ചത് മേല്‍ പറഞ്ഞ കാരണങ്ങളാണെങ്കില്‍ ശിക്ഷ വര്‍ദ്ധിക്കും.

നിലവില്‍ രാജ്യത്തുള്ള Prohibition of Incitement to Hatred Act 1989, വിദ്വേഷ കുറ്റകൃത്യങ്ങളെ തടയാന്‍ പര്യാപ്തമല്ലെന്ന് ഏറെക്കാലമായി ഉയരുന്ന വിമര്‍ശനം കണക്കിലെടുത്താണ് സര്‍ക്കാര്‍ പുതിയ നിയമം നടപ്പിലാക്കാന്‍ ഒരുങ്ങുന്നത്. നിലവിലെ നിയമപ്രകാരം ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷ ലഭിക്കുന്നവരും വളരെ കുറവാണ്. ചുരുക്കിപ്പറഞ്ഞാല്‍ കുടിയേറ്റക്കാര്‍ അടക്കമുള്ളവര്‍ക്ക് ഏറെ ഗുണകരമാകുന്നതാണ് ഈ നിയമം.

അഥവാ ആരോപിക്കപ്പെട്ട കുറ്റത്തിലേയ്ക്ക് നയിച്ചത് ഈ കാരണങ്ങള്‍ അല്ലെങ്കില്‍, ശിക്ഷയില്‍ മാറ്റം വരുത്താനും നിയമത്തില്‍ വകുപ്പുണ്ട്.

നിയമത്തെ എതിര്‍ക്കുന്നത് ആരൊക്കെ?

പ്രധാനമായും ഈ നിയമത്തെ എതിര്‍ത്ത് രംഗത്തെത്തിയിരിക്കുന്നത് തീവ്രവലതുപക്ഷ വാദികളാണ്. ഒരു ജനാധിപത്യ രാജ്യത്ത് വലതുപക്ഷ രീതിയിലുള്ള സ്വതന്ത്രമായ അഭിപ്രായം രേഖപ്പെടുത്തലിന് ഈ നിയമം വിലങ്ങുതടിയാണെന്നാണ് ഇവര്‍ മുന്നോട്ട് വയ്ക്കുന്ന വാദം. ചില സ്വതന്ത്ര ജനപ്രതിനിധികളും നിയമത്തിന് എതിരാണ്.

People Before Profit TD Paul Murphy ആണ് നിയമത്തെ എതിര്‍ക്കുന്ന മറ്റൊരാള്‍. വിദ്വേഷജനകമായ സാധനങ്ങള്‍ കൈവശം വയ്ക്കുന്നതും ഈ നിയമപ്രകാരം കുറ്റമാണെന്നതിനാല്‍, കുറ്റകൃത്യം നടന്നില്ലെങ്കിലും അതിന് ശിക്ഷ ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് അദ്ദേഹം പറയുന്നത്.

അയര്‍ലണ്ടില്‍ മാത്രമല്ല പുറത്തും ഈ ബില്‍ വിവാദമായിക്കഴിഞ്ഞിട്ടുണ്ട്. ടെസ്ല ഉടമയും, ലോകത്തെ അതിസമ്പന്നരില്‍ ഒരാളുമായ ഇലോണ്‍ മസ്‌ക് നിയമത്തിനെതിരെ രംഗത്തുവരികയും, ബില്‍ നിയമമായാല്‍ സര്‍ക്കാരിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.

ഇവര്‍ക്ക് പുറമെ സര്‍ക്കാരിനുള്ളില്‍ തന്നെയും നിയമത്തിനെതിരെ ചില എതിര്‍പ്പുകളുണ്ട്. Fianna Fail, Fine Gael എന്നീ പാര്‍ട്ടികളിലെ ചില ടിഡിമാരും, സെനറ്റര്‍മാരും നിയമത്തിനെ എതിര്‍ക്കുന്നുണ്ട്. ‘വിദ്വേഷം’ എന്ന വാക്കിന്റെ നിര്‍വ്വചനം വ്യക്തമല്ല എന്നതാണ് ഇതിന് പറയുന്ന ഒരു കാരണം.

ആദ്യം ബില്ലിനെ അനുകൂലിച്ച Sinn Fein ഇപ്പോള്‍ എതിര്‍പ്പ് പ്രകടിപ്പിക്കുന്നതും ഇതേകാരണം ഉയര്‍ത്തിക്കാട്ടിയാണ്. നിയമത്തിലെ പല അനുശാസനകളും വളരെ കൂടിയ അളവിലുള്ളതാണെന്നും പാര്‍ട്ടി പറയുന്നു.

അതിനാലാണ് Dáil-ല്‍ പാസായിട്ടും ബില്‍ നിയമമാകാതെ തുടരുന്നത്. Oireachtas-ലും പാസായെങ്കില്‍ മാത്രമേ നിയമം നിലവില്‍ വരികയുള്ളൂ.

അതേസമയം ബില്ലില്‍ അഭിപ്രായസ്വാതന്ത്ര്യത്തിന് പ്രത്യേക പരിഗണന നല്‍കിയിട്ടുണ്ട് എന്നതാണ് സത്യം. സത്യസന്ധമായ വിമര്‍ശനത്തെ വിദ്വേഷമായി കാണേണ്ടെന്നും നിയമം അനുശാസിക്കുന്നുണ്ട്.

നിയമത്തിന്റെ ഭാവി എന്ത്?

നിലവില്‍ പാര്‍ലമെന്റിന്റെ ഉപരിസഭയായ Seanad-ന്റെ പരിഗണനയിലാണ് വിദ്വേഷ കുറ്റകൃത്യ ബില്‍. ബില്ലില്‍ ഏതാനും മാറ്റങ്ങള്‍ വരുത്തി വീണ്ടും അവതരിപ്പിക്കാന്‍ സര്‍ക്കാര്‍ നീക്കം നടത്തുന്നതായാണ് നിലവിലെ റിപ്പോര്‍ട്ടുകള്‍. രാജ്യത്ത് ഭരണഘടനാഭേദഗതിയുമായി ബന്ധപ്പെട്ട് നടത്തിയ ജനഹിതപരിശോധനയില്‍ സര്‍ക്കാര്‍ പക്ഷം പരാജയപ്പെട്ടത്, ബില്ലിലെ വകുപ്പുകള്‍ പുനഃപരിശോധിക്കാന്‍ സര്‍ക്കാരിനെ നിര്‍ബന്ധിതരാക്കിയെന്നും ചിന്തിക്കാം. ഈ മാറ്റങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമല്ലെങ്കിലും, എങ്കിലും നിയമം നടപ്പിലാക്കും എന്ന പ്രതീതി തന്നെയാണ് സര്‍ക്കാര്‍ ഉയര്‍ത്തുന്നത്.

Share this news

Leave a Reply

%d bloggers like this: