മുൻ പ്രധാനമന്ത്രി ലിയോ വരദ്കർക്ക് നേരെ കോഫിഷോപ്പിൽ വച്ച് അധിക്ഷേപം

മുന്‍പ്രധാനമന്ത്രി ലിയോ വരദ്കര്‍ക്ക് നേരെ കോഫി ഷോപ്പില്‍ വച്ച് അധിക്ഷേപം. ഡബ്ലിനിലെ പോര്‍ട്ടോബെല്ലോയിലുള്ള Lennox Street Grocer-ലെ ഒരു കോഫി ഷോപ്പില്‍ സുഹൃത്തിനൊപ്പം കാപ്പി കുടിച്ചുകൊണ്ടിരിക്കെയാണ് വരദ്കര്‍ക്ക് നേരെ രണ്ട് പേര്‍ അധിക്ഷേപം ചൊരിഞ്ഞത്. ഞായറാഴ്ച മുതല്‍ ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

ഷോപ്പിന് പുറത്തിരിക്കുന്ന വരദ്കറെ നോക്കി കാറിലിരിക്കുന്ന ഒരു പുരുഷന്‍ ‘You f**king scumbag prick, you’re a traitor to the Irish people’ എന്ന് വരദ്കറെ അധിക്ഷേപിക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്. ഇയാള്‍ തന്നെയാണ് ഈ വീഡിയോ എടുത്തത് എന്നാണ് മനസിലാക്കാന്‍ സാധിക്കുന്നത്. ഇതിന് പിന്നാലെ മറ്റൊരു സ്ത്രീശബ്ദം, ‘I don’t know how you sit there and have a drink, it’s actually disgusting, shame on you, I don’t know how you sleep at night.’ എന്ന് പറയുന്നതും കേള്‍ക്കാം.

ശേഷം വരദ്കറെ സ്വവര്‍ഗ്ഗാനുരാഗിയാണെന്ന കാരണത്താല്‍് പുരുഷശബ്ദം പലവട്ടം മോശം പേരുകള്‍ വിളിക്കുന്നതും കേള്‍ക്കാം. ഈ സമയമത്രയും വരദ്കര്‍ മറുപടിയൊന്നും പറയാതെ ഇരിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്.

തുടര്‍ന്ന് സംഭവത്തെ അപലപിച്ച് മാധ്യമവകുപ്പ് മന്ത്രി കാതറിന്‍ മാര്‍ട്ടിന്‍ രംഗത്തെത്തി. ആരും ഇത്തരം അധിക്ഷേപങ്ങള്‍ സഹിക്കേണ്ട കാര്യമില്ലെന്ന് പറഞ്ഞ മന്ത്രി, ഇത് ആശങ്കപ്പെടുത്തുന്നതാണെന്നും കൂട്ടിച്ചേര്‍ത്തു.

സ്വവര്‍ഗ്ഗാനുരാഗിയാണ് എന്ന കാരണത്താല്‍ മുമ്പും വരദ്കര്‍ അധിക്ഷേപങ്ങള്‍ക്ക് ഇരയായിട്ടുണ്ട്.

അതേസമയം രാജ്യത്ത് ജനപ്രതിനിധികള്‍ക്കും, രാഷ്ട്രീയക്കാര്‍ക്കും നേരെ തീവ്രവലതുപക്ഷവാദികള്‍ വധഭീഷണികളും, അധിക്ഷേപങ്ങളും നടത്തുന്നത് പതിവായിരിക്കുകയാണ്. നീതിന്യായവകുപ്പ് മന്ത്രി ഹെലന്‍ മക്എന്റീക്ക് നേരെ ഈയിടെ രണ്ട് തവണ ബോംബ് ഭീഷണി ഉണ്ടായപ്പോള്‍, പീപ്പിള്‍ ബിഫോര്‍ പ്രോഫിറ്റ് ടിഡി പോള്‍ മര്‍ഫിക്ക് നേരെ ശനിയാഴ്ച വധഭീഷണി ഉണ്ടാകുകയും ചെയ്തു.

Share this news

Leave a Reply