മലയാളത്തിൽ കലാമൂല്യമുള്ള ഒരുപിടി സിനിമകൾ സമ്മാനിച്ച സംവിധായകൻ ഹരികുമാർ അന്തരിച്ചു. അർബുദരോഗ ബാധിതനായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. നാലു പതിറ്റാണ്ടായി മലയാള സിനിമയിൽ നിറഞ്ഞു നിന്ന അദ്ദേഹം തിരക്കഥാകൃത്ത് എന്ന നിലയിലും പേരെടുത്തിരുന്നു.
1981-ൽ പുറത്തിറങ്ങിയ ‘ആമ്പൽപ്പൂവ്’ ആണ് ആദ്യ ചിത്രം. 1994-ൽ എം ടി വാസുദേവൻ നായരുടെ തിരക്കഥയിൽ മമ്മൂട്ടിയെ നായകനാക്കി ചെയ്ത സുകൃതം ഏറെ പ്രശംസകൾ ഏറ്റുവാങ്ങി. ആ വർഷത്തെ മികച്ച മലയാള ചിത്രം, മികച്ച സംഗീത സംവിധാനം (ജോൺസൺ) എന്നീ ദേശീയ അവാർഡുകളും സുകൃതം കരസ്ഥമാക്കി. ചിത്രം കണ്ട ഒഎൻവി കുറുപ്പ് തന്നെ കെട്ടിപ്പിടിച്ച് ‘സിനിമയുടെ അവസാനം ഒരു കവിത പോലെ മനോഹരമായിരിക്കുന്നു’ എന്ന് അഭിനന്ദിച്ചതായി ഹരികുമാർ ഒരിക്കൽ പറഞ്ഞിരുന്നു. ഒഎൻവി ആയിരുന്നു ചിത്രത്തിലെ ഗാനങ്ങൾക്ക് വരികളെഴുതിയത്.
പിന്നീട് ‘ഉദ്യാന പാലകനി’ൽ (1996) ലോഹിതദാസിനോടും മമ്മൂട്ടിയോടുമൊപ്പം ഒന്നിച്ച ഹരികുമാർ വീണ്ടും തന്റെ പ്രതിഭ തെളിയിച്ചു. 2000- ൽ ജയറാമിനെയും, സംയുക്ത വർമ്മയേയും പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കിയ ‘സ്വയംവരപ്പന്തൽ’ എന്ന ചിത്രവും സൂപ്പർഹിറ്റായി.
ഹരികുമാർ സംവിധാനം ചെയ്ത ജാലകം, ഊഴം, അയനം, ക്ലിന്റ് മുതലായ ചിത്രങ്ങളും ഏറെ ശ്രദ്ധ നേടി.
2005, 2008 വർഷങ്ങളിൽ ദേശീയ ചലച്ചിത്ര അവാർഡ് ജൂറിയും ആയിരുന്നു അദ്ദേഹം.
എം മുകുന്ദൻ തിരക്കഥ എഴുതിയ ‘ഓട്ടോറിക്ഷക്കാരന്റെ ഭാര്യ’ (2022) ആണ് ഹരികുമാർ സംവിധാനം ചെയ്ത അവസാന ചിത്രം.