അയർലണ്ടിലെ മോർട്ട്ഗേജ് പലിശനിരക്ക് വീണ്ടുമുയർന്നു. തുടർച്ചയായി മൂന്നാം വർഷവും പലിശനിരക്ക് ഉയർന്നതോടെ നിലവിൽ ശരാശരി 4.31% ആണ് അയർലണ്ടിലെ ജനങ്ങൾ മോർട്ട്ഗേജുകൾക്ക് നൽകേണ്ടി വരുന്ന പലിശ എന്ന് സെൻട്രൽ ബാങ്കിന്റെ മാർച്ച് മാസത്തിലെ റിപ്പോർട്ട് വ്യക്തമാക്കുന്നു. യൂറോസോണിലെ ഏറ്റവും ഉയർന്ന മോർട്ട്ഗേജ് പലിശനിരക്കുള്ള ആറാമത്തെ രാജ്യമായി ഇതോടെ അയർലണ്ട്. കൂടാതെ കഴിഞ്ഞ ഏഴു വർഷത്തിനിടെ ഏറ്റവും ഉയർന്ന നിരക്കാണ് നിലവിൽ രാജ്യത്തേത്.
യൂറോസോണിലെ ശരാശരി പലിശനിരക്ക് 3.84% ആണ്. തുടർച്ചയായി നാലാം മാസവും നിരക്ക് കുറയുകയാണ് സംഭവിച്ചിരിക്കുന്നതെങ്കിലും അയർലണ്ടിൽ നേരെ വിപരീതമാണ് സ്ഥിതി.
യൂറോസോണിൽ മോർട്ട്ഗേജ് പലിശനിരക്ക് ഏറ്റവും കുറഞ്ഞ രാജ്യം മാൾട്ട (1.96%) ആണ്. ഏറ്റവും ഉയർന്നത് ലാത്വിയയിലും (6.16%).
അതേസമയം യൂറോപ്യൻ സെൻട്രൽ ബാങ്ക് ഈ വരുന്ന ജൂണിൽ പലിശനിരക്ക് .25% കുറയ്ക്കും എന്നാണ് കരുതുന്നത്.