അയര്‍ലണ്ട് അടക്കമുള്ള രാജ്യങ്ങള്‍ മത്സരിച്ച ഈ വര്‍ഷത്തെ യൂറോവിഷന്‍ സംഗീതമത്സരത്തിന്റെ ഫൈനലില്‍ സ്വിറ്റ്‌സര്‍ലണ്ടിന് വിജയം. സ്വീഡനിലെ മാല്‍മോയില്‍ ശനിയാഴ്ച രാത്രി നടന്ന ഫൈനലില്‍ സ്വിസ്സ് റാപ്പറായ Nemo, കിരീടം ചൂടി. അയര്‍ലണ്ടിന്റെ മത്സരാര്‍ത്ഥിയായ ബാംബി തഗ്ഗും ഫൈനലില്‍ മത്സരിച്ചിരുന്നു. ആറാം സ്ഥാനമാണ് 2018-ന് ശേഷം ആദ്യമായി ഫൈനലിലെത്തിയ അയര്‍ലണ്ട് നേടിയത്. ക്രൊയേഷ്യയ്ക്കാണ് രണ്ടാം സ്ഥാനം.
‘The Code’ എന്ന ഗാനമാലപിച്ചാണ് സ്വിസ്സ് റാപ്പറായ Nemo (24) ഒന്നാം സ്ഥാനം നേടിയത്. ഫൈനലില്‍ ക്രൊയേഷ്യയുടെ Baby Lasagna (28) ആലപിച്ച ‘Rim Tim Tagi Dim’ എന്ന ഗാനത്തെ Nemo കടത്തിവെട്ടി.
അതേസമയം മത്സരത്തില്‍ നിന്നും ഇസ്രായേലിനെ വിലക്കണം എന്ന ആവശ്യമുയര്‍ന്ന സാഹചര്യത്തില്‍ വിവാദങ്ങള്‍ക്കിടെയാണ് ഇത്തവണത്തെ യൂറോവിഷന്‍ നടന്നത്. ഗാസയില്‍ ഇസ്രായേല്‍ നടത്തിവരുന്ന കൂട്ടക്കുരുതിക്കെതിരെ ബാംബി തഗ്ഗ് അടക്കമുള്ള മത്സരാര്‍ത്ഥികളും പ്രതിഷേധിച്ചിരുന്നു. ഇസ്രായേലിനെതിരായ തന്റെ പ്രതിഷേധത്തിന് യൂറോവിഷന്‍ സംഘാടകരുടെ പിന്തുണ ലഭിച്ചില്ലെന്നും, ഇസ്രായേലി ബ്രോഡ്കാസ്റ്റര്‍മാരായ ഗമി, തനിക്കെതിരെ പ്രവര്‍ത്തിച്ചുവെന്നും ബാംബി ആരോപിച്ചിരുന്നു.
വിവാദങ്ങള്‍ക്കിടെ ഇസ്രായേലിന്റെ Eden Golan അഞ്ചാം സ്ഥാനം കരസ്ഥമാക്കി.
ഫൈനലിന് മുന്നോടിയായി മാല്‍മോയില്‍ ആയിരക്കണക്കിന് പേര്‍ പലസ്തീന്‍ അനുകൂല, ഇസ്രായേല്‍ വിരുദ്ധ പ്രകടനങ്ങളും നടത്തിയിരുന്നു.
ഒന്നാം സ്ഥാനം നേടാൻ സാധിച്ചില്ലെങ്കിലും അയര്‍ലണ്ടുകാരുടെ കണ്ണില്‍ ഫൈനല്‍ ബാംബിയുടെ രാത്രിയായിരുന്നുവെന്ന് ഐറിഷ് പ്രസിഡന്റ് സൈമണ്‍ ഹാരിസ് അഭിനന്ദിച്ചു.