തലയ്ക്ക് പരിക്കേറ്റ ഏഴ് മാസം പ്രായമായ കുട്ടിയുടെ സ്‌കാനിങ്ങിനായി പലതവണ വിളിച്ചിട്ടും ഫോണ്‍ എടുക്കാതിരുന്ന റേഡിയോഗ്രാഫറുടെ ലൈസന്‍സ് മൂന്ന് മാസത്തേയ്ക്ക് റദ്ദാക്കി. ദ്രോഗ്ഹഡയിലെ Our Lady of Lourdes Hospital-ല്‍ ജോലി ചെയ്യുകയായിരുന്ന Ugochukwu Owoh എന്നയാളുടെ ലൈസന്‍സാണ് തൊഴില്‍ ദുഷ്‌പെരുമാറ്റം, കൃത്യമായി ജോലി ചെയ്യാതിരിക്കുക എന്നീ കുറ്റങ്ങളുടെ പേരില്‍ Health and Social Care Professionals Council റദ്ദാക്കിയത്.
ഇതടക്കം മൂന്ന് കുറ്റങ്ങളാണ് ഇയാളുടെ പേരില്‍ തെളിഞ്ഞത്. സസ്‌പെന്‍ഷന് ശേഷം അടുത്ത ഒമ്പത് മാസത്തേയ്ക്ക് ജോലിയില്‍ പ്രവേശിക്കുന്നതിന് വിവിധ നിബന്ധനകളും വച്ചിട്ടുണ്ട്.
ആരോഗ്യ സംബന്ധമായ ഇത്തരം സംഭവങ്ങള്‍ അന്വേഷിക്കുന്ന ഔദ്യോഗിക ബോഡിയായ CORU നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ കുറ്റങ്ങള്‍ ചെയ്തതായി തെളിഞ്ഞത്. 2022 ജൂലൈ 24-നായിരുന്നു അടിയന്തരമായി കുട്ടിക്ക് സ്‌കാനിങ് വേണ്ടിവന്നപ്പോള്‍ ഇയാള്‍ ഫോണ്‍ കോള്‍ എടുക്കാതെ അലംഭാവം കാണിച്ചത്. പോക്കറ്റിലിട്ടിരുന്ന തന്റെ മൊബൈല്‍ ഫോണിന്റെ വോളിയം കുറഞ്ഞ് പോയെന്നായിരുന്നു ഇയാള്‍ ഇതിന് കാരണം പറഞ്ഞിരുന്നത്.
ഈ സംഭവത്തിന് പുറമേ ഇതേ ദിവസം തന്നെ പ്രായമായ ഒരു വ്യക്തിയുടെ സ്‌കാന്‍ റിപ്പോര്‍ട്ട് അടിയന്തരമായി നല്‍കുന്നതിലും ഇയാള്‍ വീഴ്ച വരുത്തി. മാത്രമല്ല ഷിഫ്റ്റ് തീരുന്നതിന് മുമ്പ് വീട്ടില്‍ പോകുകയും ചെയ്തു.
ആറ് മാസത്തേയ്ക്ക് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാനായിരുന്നു അന്വേഷണസമിതി റിപ്പോര്‍ട്ട് നല്‍കിയിരുന്നതെങ്കിലും, അത് മൂന്ന് മാസമാക്കി കുറയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു.