വടക്കൻ അയർലണ്ട് വഴി അനധികൃത കുടിയേറ്റക്കാർ എത്തുന്നു; പ്രത്യേക ഗാർഡ ഉദ്യോഗസ്ഥനെ ബെൽഫാസ്റ്റിൽ നിയമിച്ച് അയർലണ്ട്

വടക്കന്‍ അയര്‍ലണ്ട് വഴി അനധികൃത കുടിയേറ്റക്കാര്‍ അയര്‍ലണ്ടിലെത്തുന്നതായുള്ള പരാതിയെത്തുടര്‍ന്ന് സ്ഥിതിഗതികള്‍ വീക്ഷിക്കാനും മറ്റുമായി പ്രത്യേക ഗാര്‍ഡ ഉദ്യോഗസ്ഥനെ ബെല്‍ഫാസ്റ്റിലേക്കയച്ച് അയര്‍ലണ്ട്. Garda National Immigration Bureau (GNIB)-യിലെ പ്രത്യേക ഉദ്യോഗസ്ഥനെ വടക്കന്‍ അയര്‍ലണ്ട് തലസ്ഥാനമായ ബെല്‍ഫാസ്റ്റില്‍ നിയമിച്ചതായും, കുടിയേറ്റം സംബന്ധിച്ചുള്ള കാര്യങ്ങള്‍ അവിടെയുള്ള ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് അദ്ദേഹം വിലയിരുത്തുമെന്നും ഗാര്‍ഡ കമ്മിഷണര്‍ ഡ്രൂ ഹാരിസ് അറിയിച്ചു.

കോമണ്‍ ട്രാവല്‍ ഏരിയ ദുരുപയോഗം ചെയ്യപ്പെടുന്നതായുള്ള പരാതി അന്വേഷിച്ചുവരികയാണെന്നും പൊലീസിങ് അതോറിറ്റിക്ക് നല്‍കിയ മാസാവസാന റിപ്പോര്‍ട്ടില്‍ ഹാരിസ് വ്യക്തമാക്കി. അതിര്‍ത്തി വഴി മനുഷ്യക്കടത്ത് നടത്തുന്നതായുള്ള ആരോപണവും അന്വേഷിക്കുകയാണ്.

യു.കെ റുവാന്‍ഡ പോളിസി പ്രാവര്‍ത്തികമാക്കിയതിന് പിന്നാലെ അവിടെ നിന്നും അനധികൃത കുടിയേറ്റക്കാര്‍ ധാരാളമായി വടക്കന്‍ അയര്‍ലണ്ട് അതിര്‍ത്തി വഴി റിപ്പബ്ലിക് ഓഫ് അയര്‍ലണ്ടിലെത്തുന്നതായി ആരോപണം ഉയര്‍ന്നിരുന്നു. ഐറിഷ് നീതിന്യായവകുപ്പ് മന്ത്രി ഹെലന്‍ മക്എന്റീ അടക്കമുള്ളവര്‍ ഇതിനെതിരെ രംഗത്ത് വന്നതോടെ അയര്‍ലണ്ട്-യു.കെ ബന്ധം വഷളായിരുന്നു. അതേസമയം അനധികൃതമായി അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച 50 പേരെ ഈയിടെ മടക്കി അയച്ചതായി ഗാര്‍ഡയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കിയിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: